KERALANEWSTop News

മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പില്‍ മൊബൈലും ലക്ഷങ്ങളും നല്‍കി; പ്രണയ ബന്ധത്തില്‍ നിന്ന് അകന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ മര്‍ദ്ദിക്കാൻ ക്വട്ടേഷന്‍ നൽകി യുവതി

ചാത്തന്നൂർ : പ്രണയ ബന്ധത്തില്‍ നിന്ന് അകന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ മര്‍ദ്ദിക്കുന്നതിന് നാല്‍പ്പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സങ്കീര്‍ത്തനയില്‍ ലെന്‍സി ലോറന്‍സ് (ചിഞ്ചുറാണി-30), ക്വട്ടേഷന്‍ സംഘാംഗങ്ങളായ വര്‍ക്കല കണ്ണബ പുല്ലാനിയോട് മാനസസരസില്‍ അനന്ദു (21), അയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്പു (33) എന്നിവരാണ് പോലീസ് പിടിയിലായത്.

ലെന്‍സി തന്റെ കാമുകനായ ശാസ്താംകോട്ട സ്വദേശിയായ ഗൗത(25)മിനെ ക്വട്ടേഷന്‍ അംഗങ്ങളെ ഉപയോഗിച്ച് മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നെടുക്കുകയായിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുടെ മാതാവുമായ ലെന്‍സി ഒന്നരവര്‍ഷമായി ഗൗതമുമായി അടുപ്പത്തിലായിരുന്നു. തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിന് മുതിര്‍ന്നതാണ് പക തോന്നാന്‍ കാരണമെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. കൊട്ടിയത്തെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ശാസ്താംകോട്ട സ്വദേശി ഗൗതമും സുഹൃത്ത് വിഷ്ണുവും.

ഔദ്യോഗിക ആവശ്യത്തിന് ലെന്‍സി ലോറന്‍സുമായി പരിചയപ്പെട്ട ഗൗതം ഇവരുമായി അടുപ്പത്തിലാകുകയായിരുന്നു. മരണം വരെ തന്നെയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും മറ്റും ഇയാള്‍ പറഞ്ഞിരുന്നെന്നും അത് വിശ്വസിച്ചാണ് പണവും മൊബൈല്‍ ഫോണും നല്‍കിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഒടുവില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ബന്ധം അവസാനിപ്പിക്കാം എന്നും പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും യുവതി പറയുന്നു.

പലവട്ടം വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും ഗൗതം തയ്യാറായില്ല. യുവതിയുടെ നമ്പര്‍ ഇയാള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പലവട്ടം ഗൗതമിനെ അന്വേഷിച്ച് ചാത്തന്നൂരിലെ താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടില്ല. ഇതോടെ തന്നെ വഞ്ചിച്ചു എന്ന് മനസ്സിലായതോടെയാണ് പ്രതികാരം ചെയ്യണമെന്ന് തോന്നിയത്. ഇതിനായി ആദ്യം ഗൗതമിന്റെ ഒപ്പം ജോലിചെയ്യുന്ന വിഷ്ണു എന്ന യുവാവുമായി അടുപ്പത്തിലായി.

പിന്നീട് വിഷ്ണുവിനെ ഉപയോഗിച്ച് ഗൗതമിനെ വിളിച്ചു വരുത്തി പകവീട്ടാംമെന്ന് ലെന്‍സി കണക്കു കൂട്ടി. ഇതിനായി വര്‍ക്കല സ്വദേശിയും വിഷ്ണുവിന്റെ സഹോദരനുമായ അനന്ദുപ്രസാദിന് ക്വട്ടേഷന്‍ കൊടുത്തു. പതിനായിരം രൂപ അഡ്വാന്‍സും നല്‍കി. തന്റെ കൂട്ടുകാര്‍ കാണാനെത്തുമെന്നും അവരോടൊപ്പം പോയി തനിക്കുകിട്ടാനുള്ള പണം വാങ്ങണമെന്നും ലെന്‍സി വിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ 14-ന് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തുനിന്നു ക്വട്ടേഷന്‍ സംഘം വിഷ്ണുവിനെ വിളിച്ചുകൊണ്ടുപോയി.

ഗൗതമിനെ വിളിച്ചുവരുത്താന്‍ വിഷ്ണുപ്രസാദിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെത്തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോയി മര്‍ദിച്ചു. ഒടുവില്‍ വിഷ്ണു ഗൗതമിനെ അയിരൂരിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഗൗതമിനെയും ക്വട്ടേഷന്‍ സംഘം മര്‍ദിക്കുകയും മൊബൈല്‍ ഫോണും പണവും പിടിച്ചുപറിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണസംഘം സംസ്ഥാന പ്രസിഡന്റ് ഹലീമയുടെ സഹായത്തോടെ വിഷ്ണുപ്രസാദും ഗൗതമും ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ ഒളിവില്‍ക്കഴിഞ്ഞ ലെന്‍സിയെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. നാലുമുതല്‍ ഏഴുവരെയുള്ള പ്രതികളും വര്‍ക്കല സ്വദേശികളുമായ അരുണ്‍, മഹേഷ്, അനസ്, സതീഷ് എന്നിവരെയാണ് പിടികൂടാനുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ചാത്തന്നൂര്‍ ഐ.എസ്.എച്ച്.ഒ. അനീഷ്, എസ്.ഐ.മാരായ ഷിബു, ഷീന, ജി.എസ്.ബാല, എ.എസ്.ഐ.മാരായ രാജേഷ്‌കുമാര്‍, അനില്‍, ജയന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close