
മീഡിയ മംഗളം നെറ്റ് വര്‍ക്ക്
മലപ്പുറം: കുന്നിന്‍പുറത്തു സൃഷ്ടിക്കപ്പെട്ട വിമാനത്താവളങ്ങള്‍ അപകടങ്ങളുടെ താഴ് വാരമാകുന്നത് ഇതാദ്യമല്ല. 2010 ലെ മംഗലാപുരം വിമാനത്താവളത്തില്‍ ഇതിനു സമാനമായ അപകടത്തില്‍ മരിച്ചത് 158 പേരായിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാന ദുരന്തമായിരുന്നു അത് . ഈ ദുരന്തത്തിനുശേഷം ഇന്ത്യയിലെ ടേബിള്‍ ടോപ് വിമാനത്താവളത്തെക്കുറിച്ച് നടന്ന പഠനങ്ങളിലെല്ലാം കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയുടെ പരിമിതികള്‍ എടുത്തു പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് റണ്‍വേയില്‍ ചില മിനുക്കു പണികള്‍ നടത്തിയിരുന്നു. അവയെല്ലാം തൊലിപ്പുറത്തെ ചികിത്സ മാത്രമായിരുന്നു. എന്നാല്‍ പോലും കഠിനമായ മഴപോലുള്ള സാഹചര്യങ്ങളില്‍ ഇത്തരം റണ്‍വേയില്‍ ലാന്‍ഡിംഗ് അതീവ ദുഷ്കരമാണ്. മംഗലാപുരത്തു നിന്ന് നാം പാഠം പഠിച്ചിരുന്നെങ്കില്‍ ഈ അപകടം നമുക്ക് ഒഴിവാക്കാമായിരുന്നു. മുപ്പതടി താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തുമ്പോഴും കുറഞ്ഞ മരണസംഖ്യയില്‍ നിന്നതു സൈനിക സേവനത്തിനുശേഷംഎയര് ഇന്ത്യയിലെ ജോലി സ്വീകരിച്ച കാപ്റ്റന്‍ ഡി.വി. സാട്ടെയുടെ മനഃസാന്നിധ്യം മാത്രമാണ്.