KERALANEWSTop News

മലബാറില്‍ പുത്തന്‍ രാഷ്ട്രീയ പരീക്ഷണത്തിന് മുസ്ലീംലീഗ് ! ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലീഗ് നേതൃത്വം

തിരുവമ്പാടിയിലാകും പരീക്ഷണം; സിറോമലബാര്‍ സഭയില്‍ നിന്നുള്ള പ്രതിനിധിയെ ഇറക്കും


കോഴിക്കോട് : യുഡിഎഫിലെ സീറ്റ് വിഭജനം ചൂടുപിടിച്ച ചര്‍ച്ചയായിരിക്കെ പുതിയ നീക്കവുമായി മുസ്ലീംലീഗ് നേതൃത്വം. ലീഗിന് കൂടുതലായി സീറ്റ് നല്‍കിയാല്‍ മുസ്ലീം വിഭാഗത്തിന് പുറത്തുനിന്നും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് നീക്കം. ഇതിനായി രണ്ടു മണ്ഡലങ്ങളും നേതൃത്വം കണ്ടു വച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിന് പുറമെ ആറു സീറ്റുകളാണ് ലീഗ് കൂടുതലായി ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും സീറ്റ് ലീഗിന് വിട്ടു നല്‍കിയാല്‍ മുന്നണിയില്‍ കലഹമുണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ അതിന് കോണ്‍ഗ്രസ് തയ്യാറല്ല.

അതുവഴി ലീഗ് കൂടുതല്‍ ആനുകൂല്യം യുഡിഎഫില്‍ നേടുന്നുവെന്ന പരാതികള്‍ക്ക് ശക്തി പകരുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അധികമായി സീറ്റ് ലഭിച്ചാല്‍ രണ്ടു സീറ്റില്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ള ആളുകളെ പരിഗണിക്കുന്നത്.

തൃശൂര്‍ ചേലക്കര സീറ്റ് ലഭിച്ചാല്‍ വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് നേതാവ് ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ആലോചന. വനിതയെ മത്സരിപ്പിക്കില്ലെന്ന ലീഗിനെതിരെയുള്ള ആക്ഷേപവും ഇതോടെ മാറുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. ഒപ്പം മലബാറിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിലെ ഒരു സീറ്റില്‍ സിറോ മലബാര്‍ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മത്സരിപ്പിക്കാനാണ് നീക്കം. ക്രൈസ്തവ സഭയുമായി വലിയ അടുപ്പവും ഒപ്പം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൂടി താല്‍പ്പര്യമുള്ള ഒരാളെയാണ് ലീഗ് പരിഗണിക്കുന്നതെന്നാണ് സൂചന.

ലീഗിന്റെ മനസ്സിലുള്ള മണ്ഡലം തിരുവനമ്പാടിയാണ്. കഴിഞ്ഞ തവണ 3008 വോട്ടുകള്‍ക്കാണ് ലീഗിലെ വിഎം ഉമ്മര്‍ സിപിഎമ്മിലെ ജോര്‍ജ് എം തോമസിനോട് പരാജയപ്പെട്ടത്. മുസ്ലീം വിഭാഗത്തിനൊപ്പം ക്രൈസ്തവ വിഭാഗത്തിനും തുല്യപ്രാധാന്യമുള്ള മണ്ഡലമാണിത്. ഇവിടെ പുതിയൊരു രാഷ്ട്രീയ പരീക്ഷണം നടത്തിയാല്‍ മധ്യകേരളത്തിലടക്കം ഇതു പ്രയോജനപ്പെടുമെന്നും ലീഗ് വിലയിരുത്തുന്നുണ്ട്. ഇതിനു പുറമെ തിരുവമ്പാടിക്കായി ജോസഫ് വിഭാഗം നടത്തുന്ന അവകാശവാദത്തിന് തടയിടാനും കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close