Movies

മലയാളത്തിന്റെ പകരം വെയ്ക്കാനാകാത്ത പൗരുഷ കഥാപാത്രം

നടന്‍ എം ജി സോമന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം .സത്യന് ശേഷം അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ ഒരു പൗരുഷ കഥാപാത്രത്തെ തേടിയ മലയാള സിനിമയ്ക്ക് കിട്ടിയ ഉത്തരമായിരുന്നു തിരുവല്ലക്കാരന്‍ സോമശേഖരന്‍ നായര്‍. കലാസാംസ്‌കാരിക പരിപാടികളില്‍ തലയെടുപ്പോടെ ഏവര്‍ക്കും പ്രിയങ്കരാനായി നിന്ന ചെറുപ്പക്കാരന്‍ സിനിമയുടെ കൊടുമുടികള്‍ കയറിപ്പോകുന്നത് അഭിമാനത്തോടെയാണ് ജന്മനാട് കണ്ടു നിന്നത്. മലയാറ്റൂര്‍ രാമകൃഷ്ണനും സംവിധായാകന്‍ പി.എന്‍ മേനോനും ചേര്‍ന്നാണ് സോമനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് വിമോചന സമരവേദികളില്‍ നാടകം അവതരിപ്പിച്ചു നടന്ന സോമന്‍ പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. ഒന്‍പതു വര്‍ഷത്തെ ജോലിക്ക് ശേഷം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച അദ്ദേഹം തിരുമൂലപുരത്തെ മണ്ണടി പറമ്പിലുള്ള വീട്ടില്‍ തിരിച്ചെത്തി. ഇതിനിടെ 1968 ലായിരുന്നു അദ്ദേഹം വിവാഹിതനായത്. താഴക്കര പയ്യപ്പള്ളി കുടുംബാംഗം സുജാതയായിരുന്നു വധു.

വ്യോമസേനയില്‍ നിന്ന് മടങ്ങി വന്ന സോമന്‍ വീണ്ടും നാടകരംഗത്ത് സജീവമായി. 1973 ല്‍ മലയാറ്റൂര്‍ പി. എന്‍. മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഗായത്രി ‘ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ‘രാജാമണി’ എന്ന നിഷേധിയായ ബ്രാഹ്‌മണയുവാവിന്റെ വേഷമായിരുന്നു ചിത്രത്തില്‍ സോമന് ലഭിച്ചത്. നടന്റെ പേര് സോമന്‍ എന്നതിനു പകരം ദിനേശ് എന്ന് മാറ്റിയാണ് ചിത്രത്തില്‍ അന്ന് ഉപയോഗിച്ചത്. സോമന്റെ ജീവിതത്തില്‍ വഴിത്തിരിവായത് 1974 ല്‍ പുറത്തിറങ്ങിയ ‘ചട്ടക്കാരി ‘ എന്ന ചിത്രത്തിലെ വേഷമായിരുന്നു. സേതുമാധവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ‘റിച്ചാര്‍ഡ് ‘ എന്ന ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രം സോമന്റെ അഭിനയജീവിതത്തിന് പുതിയ ഒരു വഴിതുറന്നു കൊടുത്തു. ‘ദിനേശ് ‘ എന്ന പേര് മാറി ‘എം. ജി. സോമന്‍ ‘ആയത് ഈ ചിത്രത്തില്‍ കൂടിയാണ്. പിന്നീടങ്ങോട്ട് മുന്‍നിര സംവിധായകരുടെ കൈകളില്‍ കൂടി മലയാള സിനിമാ ലോകത്തെ സോമന്‍ കീഴടക്കുകയായിരുന്നു. ഒരു വര്‍ഷം 47 ചിത്രത്തില്‍ വരെ അഭിനയിച്ച് അദ്ദേഹം റെക്കോഡിട്ടു. ആദ്യമായി വടക്കേ അമേരിക്കയില്‍ വെച്ച് ചിത്രീകരിച്ച ‘ഏഴാം കടലിനക്കരെ ‘ എന്ന മലയാള ചിത്രത്തില്‍ സോമന്‍ ആയിരുന്നു നായകന്‍. 24 വര്‍ഷത്തിനിടെ നാനൂറോളം ചിത്രത്തിലാണ് അദ്ദേഹം വേഷമിട്ടത്. നായകനായും പ്രതിനായകനായും ഒരേസമയം അദ്ദേഹം തിരശ്ശീലയില്‍ തിളങ്ങി നിന്നിരുന്നു.

1975- ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡും (ചുവന്ന സന്ധ്യകള്‍, സ്വപ്നാടനം ) 1976-ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും (തണല്‍, പല്ലവി ) നേടി. 1977-ല്‍ മാത്രം 47 ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ‘ചട്ടക്കാരി’യിലെ റിച്ചാര്‍ഡ്, ‘ഇതാ ഇവിടെ വരെ’ യിലെ വിശ്വനാഥന്‍, ‘അനുഭവ’ത്തിലെ ബോസ്‌കോ, ‘ഒരു വിളിപ്പാടകലെ ‘യിലെ മേജര്‍, ‘വന്ദന’ ത്തിലെ കമ്മീഷണര്‍, ‘നമ്പര്‍ 20 മദ്രാസ് മെയിലി’ലെ ആര്‍. കെ.നായര്‍, ‘ലേല’ ത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു.
എം. ജി.ആറിനൊപ്പം ‘നാളൈ നമതേ’ എന്ന തമിഴ് ചിത്രത്തിലും സോമന്‍ വേഷമിട്ടു. ഏതാനും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജോണ്‍ പോളിനൊപ്പം ചേര്‍ന്ന് ‘ഭൂമിക’ എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റ് ആയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏറെക്കാലം വിവിധ രോഗങ്ങള്‍ അലട്ടിയ അദ്ദേഹത്തിന്റെ ജീവിതത്തിന് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അമ്പത്തിയാറാം വയസ്സില്‍ ആണ് വിധി തിരശ്ശീലയിട്ടത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ലേലം ‘ നിറഞ്ഞ സദസ്സില്‍ ഓടുമ്പോഴായിരുന്നു അത്.
അദ്ദേഹത്തിന്റെ മക്കളായ സാജിയും സിന്ധുവും കുടുംബമായി കഴിയുന്നു. ഭാര്യ സുജാത ‘ഭദ്ര സ്‌പൈസസ് ‘ എന്ന പേരില്‍ തിരുമൂലപുരത്ത് സ്ഥാപനം നടത്തുന്നു. എല്ലാ വര്‍ഷവും സോമന്റെ ചരമദിനത്തില്‍ സുഹൃത്തുക്കള്‍ കുടുംബവീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ ഒത്തുചേരും.
1997 ഡിസംബര്‍ 12 ന് 56 വയസ്സില്‍ ആയിരുന്നു സോമന്റെ വിടപറച്ചില്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close