CULTURALNEWSTrending

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ പ്രിയ കഥാകാരന്‍ യു.എ ഖാദര്‍ (85) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദര്‍.കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി രചനയില്‍ നിറച്ച സാഹിത്യകാരന്‍.

മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു.എ.ഖാദര്‍ ജനിച്ചത്.രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തിയ ഇദ്ദേഹം കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ ചിത്ര കലാപഠനം നടത്തി.തുടര്‍ന്ന് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു.1990ൽ വിരമിച്ചു.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.മാതൃഭൂമി സാഹിത്യ പുരസ്‌കാരവും ‘തൃക്കോട്ടൂര്‍ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close