
സിന്ദൂരി വിജയന്
അഭിനയ മൂഹുര്ത്തങ്ങള് കൊണ്ട കേരളക്കരയെ ത്രസിപ്പിച്ച നടനാണ് മുരളി. വെള്ളിത്തിരയിലെത്തിയ ആദ്യ നാളുകള്‍ മുതല്‍ അവസാന കാലഘട്ടത്തിലും അഭിനയ പ്രധാന്യമുള്ള സിനിമകളും കഥാപാത്രങ്ങളുമായി താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഓര്‍മ്മകള്‍ ബാക്കി വെച്ച് മുരളി ഓര്‍മ്മയായിട്ട് ആഗസ്റ്റ് ആറിന് പതിനൊന്നു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അഭിനയിപ്പിച്ചു ഫലിപ്പിച്ച എല്ലാ കഥാപാത്രങ്ങളിലും മുരളി ചേര്‍ത്തുവച്ച പ്രതിഭാസാന്നിദ്ധ്യം പ്രകടമാണ്. മഹാനടനായി മലയാളി അംഗീകരിച്ച മുരളിയുടെ ഓര്‍മ്മകളുമായി നമ്മുക്ക് ഒപ്പം ചേരുകയാണ് അദ്ദേഹത്തിന്റെ ഉറ്റ സുഹ്യത്ത് പ്രൊഫ.അലിയാര്.
മുരളിയെന്ന മഹാനടന്റെ ഓര്‍മ്മകളിലൂടെയാണ് നമ്മള് ഇന്ന് സഞ്ചരിക്കുന്നത്, ഞങ്ങള്‍ക്ക് അദ്ദേഹം മികച്ച നടനാണ്,താങ്കള്‍ക്ക് ആത്മാര്‍ഥ സുഹൃത്തും,ഈ ദിനത്തില്‍ ആ ഓര്‍മ്മകളൊന്നു പങ്കുവെക്കാമോ?
ദീര്‍ഘമായ ഓര്‍മകളാണ് അദ്ദേഹക്കുറിച്ചുള്ളത്. ഞങ്ങള്‍ ഒരു നാട്ടുകാരാണ്. 1970 മുതലുള്ള സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുള്ളത്. 1975 ല്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ മുരളി ലോകോളെജില്‍ പഠിക്കുകയാണ്. ആ സൗഹൃദം പിന്നീട് നാടകസംഘത്തിലേക്കും ഒടുവില്‍ സിനിമയിലേക്കും വരെ എത്തിച്ചു. ദീര്‍ഘവും ഗാഢവുമായ ആ സൗഹൃദത്തിന്റെ തുടക്കം അങ്ങനെയാണ്.
മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവില്‍ താങ്കള്‍ ഉള്‍പ്പെടുന്നു സുഹൃത്തുകളുടെ പങ്ക് എന്തായിരുന്നു?
കുട്ടിക്കാലം മുതല്‍ തന്നെ മുരളി സ്കൂള്‍ നാടകങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ലോകോളെജില്‍ അദ്ദേഹം മികച്ച നടനായിരുന്നു. സിനിമയിലേക്കുള്ള പ്രവേശനം യഥാര്‍ഥത്തില്‍ ഞങ്ങള്‍ മുഖാന്തരം അല്ല. 1979 ല്‍ നരേന്ദ്രപ്രസാദ് ഒരു നാടകം എഴുതി അവതരിപ്പിച്ചു. നരേന്ദ്രപ്രസാദിന്റെ ആദ്യ നാടകമായിരുന്നു അത്. അതില്‍ മുരളി അഭിനയിച്ചില്ല. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം കുറച്ചു സുഹൃത്തുകള്‍ ചേര്‍ന്ന് ഒരു സിനിമയെടുത്തു. അത് സംവിധാനം ചെയ്തത് ഭരത് ഗോപിയാണ്. ഞാറ്റടിയെന്നായിരുന്നു ആ സിനിമയുടെ പേര്. ആ സിനിമയിലാണ് മുരളി ആദ്യമായി അഭിനയിക്കുന്നത്. അതിനുള്ള അവസരം മുരളിക്ക് ഒരുക്കിക്കൊടുത്തത് മരിച്ചുപോയ കവി അയ്യപ്പനാണ്. അദ്ദേഹം ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ കണ്ട അയ്യപ്പനും പിന്നീട് ലോകം അയ്യപ്പനും തമ്മില്‍ ഒരു പാട് അന്തരമുണ്ട്. അദ്ദേഹം അന്ന് ഒരു പ്രസിലെ മാനെജര്‍ ആയിരുന്നു. വളരെ വൃത്തിയായി വസ്ത്രധാരണം ചെയ്ത് നല്ല ഭക്ഷണം കഴിച്ച് മാന്യമായി ജീവിക്കുന്ന ഒരാളായിരുന്നു അന്ന് അയ്യപ്പന്. സിനിമ എടുക്കുന്ന സമയത്ത് മുരളി യൂണിവേഴ്സിറ്റി ഓഫിസില്‍ ക്ലര്‍ക്കായിരുന്നു. ആ സിനിമയില്‍ ഒരു നക്സലൈറ്റിന്റെ വേഷം ഉണ്ടായിരുന്നു. അതിന് വേണ്ടി ആളെ അന്വേഷിക്കുമ്പോഴാണ് അയ്യപ്പന് നിര്‍മാതാക്കളോട് മുരളിയെക്കുറിച്ച് പറയുന്നത്. മുരളിയുടെ രൂപം നക്സലൈറ്റിന് ചേരുന്നതായിരുന്നു. നിറയെ മുടി, താടി, നെറ്റിയില്‍ ഒരു പാട്. അങ്ങനെയാണ് മുരളിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഞാനും ആ സിനിമയില്‍ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തു. പക്ഷേ ആ സിനിമ റിലീസ് ആയില്ല. പിന്നീട് മുരളിയെ തേടി ഒരു അവസരം എത്തുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മലയാളത്തില്‍ പില്ക്കാലത്ത് പ്രശസ്തനായി തീര്‍ന്ന ഒരു നടനും ആദ്യ സിനിമയും രണ്ടാമത്തെ സിനിമയും തമ്മില്‍ ഇത്രയും വലിയ ഒരു ഗ്യാപ് വന്നിട്ടില്ല. ആ സമയം മുഴുവന്‍ മുരളി ഞങ്ങളുടെ നാടക സംഘമായ നാട്യഗ്രഹത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും ്അത് സജീവമാണ്.
നാട്യഗ്രഹമായിരുന്നോ ഈ കൂട്ടുകെട്ടിനെ ശക്തിപ്പെടുത്തിയത്?
ഒരിക്കലുമല്ല. അതിന് മുന്‍പു തന്നെ ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സമയത്ത് ആ ബന്ധം കുറച്ചു കൂടി ഗാഢമായി എന്നു മാത്രം. മിക്കവാറും ദിവസങ്ങളില്‍ റിഹേഴ്സല്‍ ഉണ്ടാകും. അട്ടക്കുളങ്ങര സ്കൂളിന്റെ കോമ്പൗണ്ടിലാണ് അന്ന് റിഹേഴ്സല്‍ നടത്താറുള്ളത്. അവധി ദിവസങ്ങളില്‍ നാടകം കളിക്കാന്‍ പോകും. ഇത് ഗാഢമായ ഒരു സൗഹൃദത്തിലേക്ക് എത്തിക്കാന്‍ കാരണമായി
ഈ സമയത്താണോ ലങ്കാലക്ഷ്മി അരങ്ങിലെത്തിയത്?
അതേ. മുരളിയുടെ നാടകാഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രം ലങ്കാലക്ഷ്മിയിലെ രാവണന് തന്നെയാണ്. ഒരു വര്‍ഷം നീണ്ട റിഹേഴ്സലിന് ഒടുവിലാണ് ആ നാടകം അവതരിപ്പിച്ചത്. ഓപ്പണ്‍ എയറിലായിരുന്നു ആ നാടകം എന്നത് മറ്റൊരു പ്രത്യേകതയാണ്. മൈക്ക് ഉപയോഗിക്കാതെയായിരുന്നു ആ നാടകം അവതരിപ്പിച്ചത്.
ഇത്രയേറെ അഭിനയസിദ്ധിയുണ്ടായിരുന്ന മുരളിയെന്ന നടന് മലയാള സിനിമയുടെ അഭിഭാജ്യഘടകമാകുമെന്ന അന്നേ ഉറപ്പായിരുന്നു അല്ലേ?
പഞ്ചാഗ്നിയിലെ രണ്ടോ മൂന്നോ സീന്‍ മതിയായിരുന്നു മുരളിയെന്ന നടനെ ശ്രദ്ധിക്കാന്‍. പിന്നീട് ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യന് എന്ന സിനിമയില്‍ മുരളിക്ക് അവസരം ലഭിക്കുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. നാലു കഥാപാത്രങ്ങളാണ് ആ സിനിമയിലുണ്ടായിരുന്നത്. ഇതില്‍ മുരളി അവതരിപ്പിച്ച വേഷം യഥാര്‍ഥത്തില്‍ മമ്മൂട്ടിക്ക് വേണ്ടിയുള്ളതായിരുന്നു. മമ്മൂട്ടിക്ക് സമയമില്ലാതെ വന്നതോടെ ഭരത് ഗോപിയാണ് മുരളിയുടെ പേര് നിര്‍ദേശിക്കുന്നത്. ഗോപിച്ചേട്ടന് ആ സിനിമയില്‍ ഒരു റോള്‍ ഉണ്ടായിരുന്നു. അത് മുരളിയുടെ കരിയറിലെ ബ്രേക്ക് പോയിന്റ് ആയിരുന്നു. നാലു പേരില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മുരളിയായിരുന്നു. ലെനിന് രാജേന്ദ്രന്റെ അടുത്ത സിനിമയായ സ്വാതിതിരുന്നാളില്‍ ഷഡ്കാലഗോവിന്ദമാരാര്‍ ആയി മുരളിക്ക് അവസരം ലഭിച്ചു. അങ്ങനെ മികച്ച റോളുകള്‍ ലഭിക്കുകയും പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു
ലങ്കാലക്ഷ്മിയുമായി ലോകം ചുറ്റുന്നത് അദ്ദേഹത്തിന്റെ അവസാനകാലത്തെ സ്വപ്നമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
ലങ്കാലക്ഷ്മി എന്ന നാടകത്തിലെ പത്തു കഥാപാത്രങ്ങളെ മുരളി ഒറ്റയ്ക്ക് അവതരിപ്പിച്ചു. നിരവധി വിദേശ തിയേറ്ററുകളില്‍ ഈ നാടകം അവതരിപ്പിച്ചതാണ്. വളരെയധികം പ്രശംസ നേടിയതാണ് മുരളിയുടെ അഭിനയമികവ്.
പരസ്പരം മത്സരിക്കുന്ന മികച്ച വേഷങ്ങളാണ് അദ്ദേഹം മലയാളസിനിമയ്ക്ക് സമ്മാനിച്ചത്, ഇതില്‍ ഏത് കഥാപാത്രമാണ് താങ്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്?
അങ്ങനെ ഒരു കഥാപാത്രം ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും ഓരോ രീതിയിലുള്ളതാണ്. ഉദാഹരണത്തിന് അമരത്തിലെ കഥാപാത്രത്തിന്റെ രീതിയല്ലല്ലോ ആധാരം എന്ന സിനിമയിലെ കഥാപാത്രത്തിനുള്ളത്. ഇതൊന്നുമല്ല നെയ്ത്തുക്കാരനിലെ കഥാപാത്രത്തിന്റേത്. മുരളി ചെയ്ത എല്ലാ കഥാപാത്രങ്ങളോടും തനിക്ക് ഇഷ്ടമാണ്.
അദ്ദേഹത്തിന്റെ ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് നല്കിയ പ്രാധാന്യം എത്ര വലുതായിരുന്നു?
മുരളി വലിയ നടനായിട്ടു പോലും പഴയ നാടകസംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അവസാനകാലത്ത് അദ്ദേഹത്തെ തകര്‍ത്തത് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ വിയോഗമായിരുന്നു. മുരളിയുടെ കരിയറില്‍ ഏറ്റവുമധികം സഹായം ചെയ്തിരുന്ന ഡോക്റ്റര്‍ അയ്യപ്പ പണിക്കര്‍. മുരളിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഗുരുസ്ഥാനീയന്‍ ആയിരുന്നു. കടമനിട്ട രാമകൃഷ്ണനുമായും വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയ സഹായം മുരളിക്ക് ലഭിച്ചിട്ടുണ്ട്. മുരളിയിലെ നടനെ പുറത്തുകൊണ്ടുവന്നത് നരേന്ദ്രപ്രസാദ് ആയിരുന്നു. ഏറ്റവും നല്ല വേഷങ്ങള്‍ നല്‍കിയത് ലോഹിതദാസ് ആയിരുന്നു. അടുത്തടുത്തുള്ള ഇവരുടെ വിയോഗങ്ങള്‍ മുരളിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.
സൗഹൃദ സദസുകളില്‍ മുരളിയെന്ന വ്യക്തി എന്തായിരുന്നു?
ഞങ്ങള്‍ പ്രൊഫഷണല്‍ നാടകക്കാര് ആയിരുന്നില്ല. കോഴിക്കോട് ഒരു സ്റ്റേജില്‍ തന്നെ ഒരു നാടകം മൂന്നു ദിവസം കളിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. സൗപര്‍ണ്ണിക എന്ന നാടകമായിരുന്നു അത്. ഇതിന് ശേഷം മടങ്ങി വരവ് മിക്കവാറും രാത്രികളില്‍ ആയിരിക്കും. ഇത് ആഘോഷമായിരുന്നു. നാടന്‍പാട്ടും സംഗീത സദസുമായിട്ടാണ് തിരിച്ചുള്ള വരവ്. അത് ഒരിക്കലും മറക്കാന്‍ കഴിയില്ല.
സിനിമയോടൊപ്പം രാഷ്ട്രീയവും കൂടെ കൊണ്ടുപോയ വ്യക്തിയാണ്. അദ്ദേഹം അതിനുവേണ്ടിയാണോ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത്?
അദ്ദേഹം ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ 1999 ല്‍ ആലപ്പുഴ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചു. അന്നാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്. മറ്റു സിനിമക്കാരില്‍ നിന്ന് വ്യത്യസ്തമായി വ്യക്തമായ രാഷ്ട്രീയം ഉള്ള ആളായിരുന്നു മുരളി. അതുകൊണ്ട് അദ്ദേഹത്തെ വെറും നടന് എന്ന പേരില്‍ അടയാളപ്പെടുത്തേണ്ടതില്ല.
കലാമൂല്യമുള്ള സിനിമകള്‍ക്കൊപ്പം കൊമേഷ്യല്‍ സിനിമയിലും സജീവമായ നടനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ കഥാപാത്ര തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്ന് പറയാമോ?
ഒരു നടന് ആയാല്‍ ഇന്ന വേഷമേ ചെയ്യൂവെന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. ഏതു തരം വേഷം ചെയ്യാനും നമ്മള് ബാധ്യസ്ഥനായിരിക്കണം.
താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ മലയാളസിനിമയുടെ കരുത്തുറ്റ ഓര്‍മ്മപ്പെടുത്തലാണ്. ഓരോ ഓര്‍മ്മ നാളുകള്‍ പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ വ്യതിരിക്തമായി മുരളി കഥാപാത്രങ്ങള്‍ വേരോട്ടം പ്രാപിക്കുന്നുണ്ട്. മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറിയ ചലനം കൊണ്ട് ക്രൗര്യവും സ്നേഹവും രേഖപ്പെടുത്തുവാന്‍ പ്രാപ്തനായ മുരളി മലയാളസിനിമയ്ക്കുകിട്ടിയ അപൂര്‍വ്വമായ ഒരു വരദാനം തന്നെയായിരുന്നു.