മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഈസിജെറ്റ്

ലണ്ടന്‍: കോവിഡ് കൊറോണ പകര്‍ച്ചവ്യാധിമൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ യുകെ വിമാനസര്‍വ്വീസ് ഈസിജെറ്റ് വന്‍തോതില്‍ സ്റ്റാഫുകളെ വെട്ടിക്കുറയ്ക്കുന്നു. ജൂണ്‍ 15 ഓടെ വിമാനസര്‍വ്വീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിട്ടുള്ള ഈസിജെറ്റ്, സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് 30% സ്റ്റാഫുകളെ വെട്ടിക്കുറയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെടുന്നവരില്‍ എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിനു ഇന്ത്യക്കാരുമുണ്ട്. എന്നിരുന്നാലും എത്രപേരെയാണ് യഥാര്‍ത്ഥത്തില്‍ പിരിച്ചുവിടുന്നതെന്ന് ഈസിജെറ്റ് വ്യക്താമാക്കിയിട്ടില്ല.
അതേസമയം 2020ലെ കണക്കനുസരിച്ച് ആകെ 15,000 സ്റ്റാഫുകളാണ് ഈസിജെറ്റിനുള്ളതെന്നതിനാല് ഏകദേശം അയ്യായിരത്തോളം പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്ന് കരുതുന്നു. പൈലറ്റുമാരുടെ യൂണിയനായ ബാല്‍പ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈസിജെറ്റ് മാനേജ്മെന്റ് ജീവനക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണ് പിരിച്ചുവിടല്‍ നടപടിയെന്നും ബാല്‍പ പറഞ്ഞു. ആഗോള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് ഈസിജെറ്റ് അതിന്റെ വിമാനങ്ങളെല്ലാം നിലത്തിറക്കിയത്. പിരിച്ചുവിടല്‍ നടപടികളുമായി മുന്നോട്ടുനീങ്ങുന്ന കമ്പനി, ജീവനക്കാരുമായി ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.