മലയാള സിനിമാ പ്രേമികളുടെ ഡിക്യുവിന് ഇന്ന് 34 വയസ്സ് തികയുകയാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ജന്മദിന ആശംസകള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ടൗണിലെ ഏറ്റവും മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍ എന്ന് നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. പാചകപരീക്ഷണങ്ങളില്‍ ഏറെ താല്‍പ്പര്യമുള്ള ദുല്‍ഖറിന്റെ അഭിരുചികള്‍ അടുത്തറിയുന്ന ആളെന്ന രീതിയില്‍ പൃഥ്വിയുടെ ആശംസ ശ്രദ്ധനേടുകയാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുല്‍ഖറിന് ആശംസയുമായി എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ സെവിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധു പേരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷങ്ങളൊന്നും ഇല്ലാത്തൊരു പിറന്നാള്‍ ദിനമാണ് ഇന്ന് ദുല്‍ഖറിന്.
1986 ജൂലൈ 28 നാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ ജനിക്കുന്നത്. അച്ഛന്റെ മേല്‍വിലാസം ഉപയോഗിക്കാതെ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ഡിക്യൂവിന് കഴിഞ്ഞു. 2011 ഡിസംബര്‍ 22 നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. 2017 മേയ് 5 ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്. ഇത്തവണത്തെ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്. നടന്‍ എന്നതിന് പുറമേ നിര്‍മാതാവിന്റെ കുപ്പായം കൂടി അണിഞ്ഞ വര്‍ഷമാണിത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് നിര്‍മാണ രംഗത്തേക്ക് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് എത്തിയത്.മണിയറയിലെ അശോകന്‍ , കുറുപ്പ് എന്നീ സിനിമകളുടെയും നിര്‍മാതാവാണ്.
2012-ല്‍ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെയും ജനപ്രീതി വര്‍ദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ദുല്‍ഖറിന് ‘ചാര്‍ലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാല്‍ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്. താര പുത്രനായിട്ടുകൂടി അതിന്റയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളര്‍ന്നു വന്ന താരമായാണ് ദുല്‍ഖറിനെ എല്ലാവരും വാഴ്ത്തുക. ഇതിനം തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്.
ദുല്‍ഖറിനെ സൂപ്പര്‍താരമാക്കി മാറ്റിയ ചിത്രമാണ് മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത സിനിമയായ ചാര്‍ലി. പാര്‍വതിയും ദുല്‍ഖറും പ്രധാന വേഷത്തിലെത്തിയ ചാര്‍ലി സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ചാര്‍ലിയുടെയാണ് ദുല്‍ഖര്‍ നേടുന്നത്. മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി.
ആന്തോളജി ചിത്രമായ സോളോ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമയാണ്. ദുല്‍ഖറിലെ നടന്റെ റേഞ്ച് അളക്കാന്‍ സാധിക്കുന്ന സിനിമയാണ്. തീര്‍ത്തും വ്യത്യസ്തമായ നാല് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പരീക്ഷണ ചിത്രമെന്ന നിലയില്‍ സോളോ വ്യത്യസ്തമായൊരു അനുഭവം തന്നെയാണ് നല്‍കുന്നത്.
കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കെടുത്ത സിനിമയായ മഹാനടിയിലെ ദുല്‍ഖര്‍ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു. സാക്ഷാല്‍ ജമിനി ഗണേഷനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തിയത്. തന്റെ കഥാപാത്രത്തെ തീര്‍ത്തും ഉത്തരവാദിത്തത്തോടെയും വിശ്വാസ്യതയോടെയുമാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍-നിത്യ മോനോന്‍ ജോഡിയുടെ കെമിസ്ട്രിയായിരുന്നു ഓക്കെ കണ്‍മണി എന്ന ചിത്രത്തിന്റെ സവിശേഷത. മണിരത്‌നം എന്ന മഹാരഥന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം. എആര്‍ങര്മാന്റെ സംഗീതവും പിസി ശ്രീറാമിന്റെ ഛായാഗ്രഹണവും ചേരുന്നതോടെ ചിത്രമൊരു മാജിക്കല്‍ എക്‌സ്പീരിയന്‍സായി മാറുകയായിരുന്നു. ചിത്രം പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
വിനായകന്‍ എന്ന നടനെ മലയാളികളുടെ നായകനാക്കി മാറ്റിയ ചിത്രമാണ് കമ്മട്ടിപ്പാടം. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനവും ഏറെ പ്രശംസ നേടിയതാണ്. നടനെന്ന നിലയില്‍ ദുല്‍ഖറിന്റെ വളര്‍ച്ച വ്യക്തമായി കാണാം ചിത്രത്തില്‍. മലയാളത്തില്‍ ദുല്‍ഖര്‍ കാഴ്ചവച്ച ഏറ്റവും പക്വതയുള്ള പ്രകടനമായിരുന്നു കമ്മട്ടിപ്പാടത്തിലേത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
‘വായ് മൂടി പേസലാം’ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരില്‍ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കണ്‍മണി’ എന്ന മണിരത്‌നം ചിത്രമാണ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ ചിത്രങ്ങളിലൊന്ന്. ദുല്‍ഖറിനെ കേരളത്തിനു പുറത്തും താരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ചിത്രങ്ങളിലൊന്നാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി, നസ്രിയ, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. മൂന്ന് കസിന്‍സിന്റെ ജീവിതം പറഞ്ഞ ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനം അദ്ദേഹത്തെ കേരളത്തിലെ യുവത്വത്തിന്റെ മുഖമാക്കി മാറ്റുകയായിരുന്നു.
ദുല്‍ഖറിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം കര്‍വാനിയില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. ദുല്‍ഖറിന്റെ സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു കര്‍വാനിലേത്. ഇര്‍ഫാനുമായുള്ള കെമിസ്ട്രിയും ചിത്രത്തില്‍ കാണാം. റോഡ് മൂവിയായ ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ആയ ചിത്രങ്ങളിലൊന്നാണ്.
മലയാളികളുടെ ഡിക്യൂ 34ന്റെ നിറവില്‍; ടൗണിലെ ഏറ്റവും മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വി; ആരാധകരുടെ കുഞ്ഞിക്കയുടെ വിശേഷങ്ങള്‍
