KERALATrending

മലയാളി ഗണിതശാസ്ത്ര അദ്ധ്യാപകന് ഓണററി ഫെലോഷിപ്പ്

ലണ്ടന്‍: ഗണിതശാസ്ത്ര അദ്ധ്യാപകനും മലയാളിയുമായ ബോബി സീഗളിന് ഓണററി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ച് ലൈബ്രററി ആന്റ് ഇന്‍ഫര്‍മേഷന്‍ അസോസിയേഷന്‍ സിഐഎല്‍ഐപി. ബ്രിട്ടനിലെ വായനശാലകള്‍ക്ക് നല്‍കിയ സംഭവാനകള്‍ മാനിച്ചാണ് ഫെല്ലോഷിപ്പ് നല്‍കിയത്. പത്തുകാര്യങ്ങള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വായനശാലകള്‍ക്കായി ബോബി സീഗള്‍ പുറത്തിറക്കിയ പ്രകടനപത്രികയിലൂടെ ഈ രംഗത്ത് മികച്ച സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്ന് ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചുകൊണ്ട് സിഐഎല്‍ഐപി പ്രതിനിധികള്‍ പറഞ്ഞു. യുകെയിലെ ജനജീവിതം പരിവര്‍ത്തനപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് വായനശാലകളുടെ ഭാവിയില്‍ നിക്ഷേപം നടത്താനായി മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, വെയില്‍സ്, വടക്കന്‍ അയര്‍ലണ്ട് എന്നിവടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എന്നിവരോട് ബോബി ആഹ്വാനം നടത്തിയിരുന്നു. ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും, വായനശാലകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരമായ ധനസഹായത്തിനുള്ള നടപടികള്‍ക്ക് മുന്‍കയ്യെടുത്ത് പൊതുവായനശാലകളെ നയിക്കാന്‍ ബോബിക്കായി.


ഇതിനായി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. സിഐഎല്‍ഐപിയുടെ ഫെലോഷിപ്പ് അംഗീകാരമായി കാണുന്നുവെന്ന് ബോബി പ്രതികരിച്ചു. തങ്ങളുടെ കുടുംബജീവിത്തന്റെ അടിസ്ഥാന ഘടകമാണ് ഗ്രന്ഥശാലയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഗ്രന്ധശാലകള്‍ നിര്‍വഹിക്കുന്ന നിര്‍ണായകമായ പങ്കിനെക്കുറിച്ചുള്ള പ്രചാരണവും സിഐഎല്‍ഐപിയുമായുള്ള സഹകരണവും തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയും ബോബി സീഗള്‍ പങ്കുവച്ചു. ഫിനാന്‍ഷ്യല്‍ ടൈംസിലെ കോളമിസ്റ്റ് കൂടിയായ ബോബി ബ്രിട്ടീഷ് ടിവി പ്രേക്ഷകര്‍ക്കും പരിചിത മുഖമാണ്. ‘യൂണിവേഴ്‌സിറ്റി ചലഞ്ച്’ എന്ന ബിബിസിയുടെ പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ബിബിസിയുടെ തന്നെ മറ്റൊരു പരിപാടിയായ ‘ബിബിസി ബ്രേക്ക്ഫാസ്റ്റി’ല്‍ ദിനപത്രങ്ങളുടെ വിശകലനവും ബോബി നടത്തുന്നുണ്ട്. ലണ്ടന്‍ ബറോ ന്യൂഹാമിലെ ഈസ്റ്റ്ഹാമിലാണ് താമസം. ആലപ്പുഴ സ്വദേശിയാണ് അച്ഛന്‍, അമ്മ കൊല്ലം കൊക്കോട്ടുമൂല സ്വദേശിയും. അറിവുകളും വിവരശേഖരണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സിഐഎല്‍ഐപി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close