MoviesNEWS

മലയാള ചലച്ചിത്രത്തിന് ‘ഉത്സവം’ തീര്‍ത്ത സംവിധായകന്‍

മലയാള ചലച്ചിത്ര ലോകത്ത് ഒരിക്കലും മറക്കാനാകാത്ത നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തിയാണ് ഐ.വി ശശി.വ്യത്യസ്തമായ ശൈലിയിലൂടെയും സംവിധാന രീതിയിലൂടെയും മലയാള സിനിമയില്‍ എന്നും വേറിട്ടു നില്‍ക്കുന്ന സംവിധായകനായിരുന്ന ഐ.വി ശശി ലോകത്തോട് വിട പറഞ്ഞപ്പോള്‍ ചലച്ചിത്ര ലോകത്തുണ്ടായത് ഒരിക്കലും നികത്താനാകാത്ത വിടവാണ്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയുടെ അധ്യക്ഷനായി 2012ല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഒരു ആരാധകന്‍ ഐ.വി ശശിയോട് ഒരു ചോദ്യം ചോദിച്ചു. ‘ന്യൂജനറേഷന്‍ ചിത്രങ്ങളെക്കുറിച്ച് എന്താണഭിപ്രായം?. ‘ഞാനൊക്കെ പഴയ സ്‌കൂളല്ലേ, പുതിയ ജനറേഷന്‍ തന്നെ വിലയിരുത്തട്ടെ’-ചിരിച്ചുകൊണ്ടായിരുന്നു മറുപടി. തിരിഞ്ഞു നടക്കുമ്പോള്‍ ഒരു വാചകം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരുകാലത്ത് ഞാനുമൊരു ന്യൂജനറേഷനായിരുന്നു’. ഐ.വി ശശി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. പ്രേംനസീറെന്ന നടന് മുന്നില്‍ മലയാള സിനിമ വട്ടംകറങ്ങുമ്പോള്‍ പ്രതിനായകവേഷം ചെയ്തിരുന്ന കെ.പി ഉമ്മറിനെ മുഖ്യകഥാപാത്രമാക്കി ‘ഉല്‍സവം’ എന്ന മാസ്മരിക സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകന് ന്യൂജനറേഷന്‍ ഡയറക്ടറെന്ന വിശേഷണമല്ലാതെ മറ്റെന്താണ് ചേരുക.ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍’. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍ ഷോട്ട്. പക്ഷെ, ആള്‍ക്കൂട്ടത്തില്‍ ഒതുങ്ങാത്ത കഥപാത്രങ്ങളായി അവരിലൊരുത്തരെയും ഫുള്‍ ഫോക്കസില്‍ പ്രേക്ഷക മനസിലേക്ക് കയറ്റിവിടുന്നതായിരുന്നു ഐ.വി ശശിയുടെ മാജിക്. അതുകൊണ്ടുതന്നെ ‘സാറിന്റെ സിനിമയില്‍ ഒരു സീന്‍, ഒരു ഡയലോഗ്’ എന്നഭ്യര്‍ത്ഥിച്ച് അഭിനേതാക്കള്‍ ശശിയ്ക്ക് ചുറ്റം വിനീതരായി നടന്നൊരു കാലമുണ്ടായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയാണ് മലയാള സിനിമയുടെ സിംഹാസനത്തിലേക്ക് ഐ.വി ശശി നടന്നുകയറിയത്.പിന്നീട്, അനാരോഗ്യത്തിന്റെ പിടിയില്‍ ചെറിയൊരു ഇടവേള. മലയാള സിനിമയിലേക്ക് മികച്ചൊരു തിരിച്ചുവരവിനായി ഒരുങ്ങുമ്പോഴാണ് ഐ.വി ശശിയെന്ന സംവിധായകനെ നഷ്ടപ്പെട്ടത്.ഇന്ന് ഈ അതുല്യ പ്രതിഭയുടെ ഓര്‍മ്മദിവസമാണ്.’ഉത്സവം’ എന്ന ചിത്രം, ചുറ്റും സര്‍വത്ര വെള്ളമുണ്ടായിരുന്നിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാത്ത കൊച്ചിയിലെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞു. അതുവരെ കള്ളനും പൊലീസും കഥകള്‍ മാത്രം കണ്ടു ശീലിച്ച മലയാളി പ്രേക്ഷകര്‍ തങ്ങളുടെ ജീവിതത്തോടും ചേര്‍ന്നു നില്‍ക്കുന്ന ആ കഥയേയും കഥാപാത്രങ്ങളേയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു. അന്നുവരെ മലയാള സിനിമാലോകം കാണാത്ത മായക്കാഴ്ചകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു പിന്നീട് ഐ.വി ശശി. താരങ്ങളല്ല, സംവിധായകനാണ് സിനിമയുടെ അവസാനവാക്കെന്ന് തെളിയിക്കുന്നതായിരുന്നു ശശിയുടെ ഓരോചിത്രങ്ങളും. ഐ.വി ശശി വെട്ടിയൊരുക്കിയ പന്ഥാവിലൂടെയാണ് താരപദവികളിലേക്ക് ജയനും സോമനും രതീഷും മമ്മൂട്ടിയും മോഹന്‍ലാലും റഹ്‌മാനുമെല്ലാം പടികയറിയത്.

ഏതെങ്കിലും ഒരു കാറ്റഗറിയില്‍ ഒതുക്കാനാവാത്ത സംവിധായക മികവായിരുന്നു ശശിയുടേത്. ചിലത് മാസ് സിനിമകള്‍, മറ്റുചിലത് ക്ലാസ് സിനിമകള്‍, വേറെ ചിലത് ഗ്രാമീണ പശ്ചാത്തലത്തിലുള്ളത്, ഇടിപ്പടങ്ങളെന്നോ ആക്ഷന്‍ ത്രില്ലറെന്നോ പറയപ്പെടുന്ന വേറെയുമുണ്ട് ചിത്രങ്ങള്‍. എം.ടി വാസുദേവന്‍-ഐ.വി ശശി കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെ നിരൂപകര്‍ ക്ലാസ് വിഭാഗത്തില്‍പ്പെടുത്തി. പി. പത്മരാജന്റെയും ജോണ്‍പോളിന്റെയും ചിത്രങ്ങളിലൂടെ ഗ്രാമാന്തരീക്ഷങ്ങളെയും ജീവിതങ്ങളെയും അഭ്രപാളിയിലാക്കി. ടി. ദാമോദരന്റെ തിരക്കഥയിലെത്തുമ്പോള്‍ ശശിയുടെ കാറ്റഗറി മാറി. അതില്‍ ഭൂരിഭാഗവും മാസ് പടങ്ങള്‍. കള്ളക്കടത്തുകാരനും കൂലിത്തല്ലുകാരനും തൊഴിലാളി യൂണിയന്‍ നേതാവും ഉശിരുള്ള മാധ്യമ പ്രവര്‍ത്തകനും അബ്കാരിയും രാഷ്ട്രീയക്കാരനുമെല്ലാം അതിലൂടെ ആസ്വാദകരുടെ മുന്നിലെത്തി.ആലപ്പി ഷെരീഫ് എഴുതിയ കഥകള്‍ക്ക് ശശിയൊരുക്കിയത് പ്രണയത്തിന്റെയും രതിയുടെയും പച്ചയായ ദൃശ്യാവിഷ്‌കാരങ്ങള്‍. പൗരുഷമുള്ളവരായിരുന്നു ശശിയുടെ നായക കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ പോലെ പലരും.

മലയാള സിനിമയ്ക്ക് ഏറ്റവും അധികം ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനാണ് ഐ.വി ശശി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 150-ഓളം ചിത്രങ്ങളുണ്ട് ശശിയുടെ പട്ടികയില്‍. 1977ല്‍ ആശീര്‍വാദം, അകലെ ആകാശം, അഞ്ജലി, അംഗീകാരം, അഭിനിവേശം, ഇതാ ഇവിടെ വരെ, ആ നിമിഷം, ആനന്ദം പരമാനന്ദം, അന്തര്‍ദാഹം, ഹൃദയമേ സാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാല്‍ എന്നിങ്ങനെ 12 ചിത്രങ്ങളാണ് ഐ.വി ശശി സംവിധാനം ചെയ്തത്. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായി മാറിയെന്നതാണ് കൗതുകം. ഒരുപക്ഷെ ലോകത്തില്‍ ഒരുവര്‍ഷം ഇത്രയേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മറ്റൊരു സിനിമാ പ്രവര്‍ത്തകനും ഉണ്ടാവില്ല. ഇനി ആ റെക്കോര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. മലയാള സിനിമ ഒരു സംവിധായകനെ മാത്രം ഭ്രമണം ചെയ്തിരുന്ന കാലം ഇനി ഉണ്ടാവില്ലെന്നുറപ്പാണ്.

ഹിറ്റുകളുടെ സംവിധായകനായിരുന്നു ഐ.വി ശശി. നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തതില്‍ ഭുരിഭാഗവും സൂപ്പര്‍ഹിറ്റുകളായി. കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന സംവിധായകനായിരുന്നു ഇരുപ്പംവീട് ശശിധരന്‍ എന്ന ഐവി ശശി.കലാസംവിധായകന്‍, ക്യാമറാമാന്‍, സഹസംവിധായകന്‍ പല വഴിയിലൂടെ സിനിമയുടെ ആദ്യാവസാനക്കാരന്റെ എല്ലാ റോളുമണിഞ്ഞാണ് ‘ഉത്സവ’ത്തിലൂടെ ഐ വി ശശി സംവിധായകനായത്. ആദ്യസിനിമയുടെ പേരുപോലെ മലയാളിയുടെ ആഘോഷങ്ങളായി മാറി പിന്നീടുള്ള സിനിമകളും. ചിത്രമെഴുത്തായിരുന്നു ശശിയുടെ തലവര. വരച്ചുവരച്ച് സിനിമയില്‍ കലാസംവിധായകനായി. കലാസംവിധായകന് ഏറെ ഉത്തരവാദിത്തമുണ്ടായ കാലം. സെറ്റിടല്‍ മുതല്‍ പരസ്യംവരെ. അവിടെയെല്ലാം കൈയൊപ്പ് ചാര്‍ത്തി പ്രശസ്തനായി. വിലപിടിപ്പുള്ള സംവിധായകനായിആലപ്പി ഷെറീഫ് എന്ന എഴുത്തുകാരനും രാമചന്ദ്രന്‍ എന്ന നിര്‍മാതാവിനുമൊപ്പം ഐ വി ശശി എന്ന സംവിധായകന്റെ ഉദയം കുറിച്ച ‘ഉത്സവം’, കമ്പോള സിനിമയുടെ ശീലങ്ങള്‍ക്കുനേരെയുള്ള കലഹമായി. താരനിരയും സാധാരണ ജീവിതവും നിറഞ്ഞ അത് ഏറെ ചലനമുണ്ടാക്കി. നസീറോ മധുവോ ഇല്ലാതെ മലയാള സിനിമയെ ചിന്തിക്കാന്‍ കഴിയാത്ത കാലത്താണ്, കെ പി ഉമ്മറിനെ പ്രധാന കഥാപാത്രമാക്കി അത് ഒരുക്കിയത്.

കോഴിക്കോട്ടെ ഇടത്തരം കുടുംബത്തില്‍ ജനിച്ച, ഇരുപ്പം വീട് ശശിധരനെ ഐ വി ശശിയാക്കിയത് കോടമ്പാക്കം. കലാസംവിധായകന്‍ എസ് കൊന്നനാട്ടിന്റെ സഹായിയായി ചെന്നൈയിലെത്തിയപ്പോള്‍ അഭിനയത്തെക്കാള്‍ മോഹിപ്പിച്ചത് സംവിധായകന്റെ ഇരിപ്പിടം.ഐ വി ശശി എന്ന സംവിധായകനെ മലയാള സിനിമ തിരിച്ചറിഞ്ഞത് ശശി ഷെരീഫ് രാമചന്ദ്രന്‍ കൂട്ടായ്മയില്‍ തന്നെ വിരിഞ്ഞ ‘അവളുടെ രാവുകളിലൂടെ. 1978ല്‍ പുറത്തിറങ്ങിയ ആ ചിത്രം കപട സദാചാരത്തിനും ശീലങ്ങള്‍ക്കും ആഘാതമായി. ലൈംഗികതയക്ക് പുതിയ ദൃശ്യാഖ്യാനം പകര്‍ന്നു. അതിന്റെ പേരില്‍ വിമര്‍ശനങ്ങളും. അന്നും ഇന്നും സിനിമാലോകം ചര്‍ച്ച ചെയ്യുന്ന ‘അവളുടെ രാവുകള്‍’ ശശിയുടെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്. നിരവധി ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്യാനിടയാക്കി. തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ 150ല്‍പരം ചിത്രങ്ങള്‍ ഒരുക്കി. വിശാല ക്യാന്‍വാസ്, സിനിമാസ്‌കോപ്പ്, ആള്‍ക്കൂട്ടം, ഇതെല്ലാമാണ് ശശി സിനിമകളുടെ മുഖമുദ്രകള്‍.മാറ്റത്തിന്റെ തുടക്കം ‘അങ്ങാടിയില്‍’. കാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ടി ദാമോദരന്‍ ഒരുക്കിയ രാഷ്ട്രീയ അന്തര്‍നാടകം ജനപ്രിയ സിനിമയുടെ രൂപഭാവത്തില്‍ പകര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ‘ഈ നാട്’, ‘ഇനിയെങ്കിലും”തുടങ്ങി ‘ആവനാഴി’യും ‘വാര്‍ത്ത’യുംവരെ നീണ്ടു, ദാമോദരനുമൊത്തുള്ള സംരംഭങ്ങള്‍.തീപ്പൊരി സംഭാഷണവും ഉഗ്രന്‍ സംഘട്ടനങ്ങളും ശശി ചിത്രങ്ങളുടെ സവിശേഷത. സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ ഏറ്റുപറയാന്‍ തുടങ്ങിയതും ആ ചിത്രങ്ങളിലൂടെ. ‘തൃഷ്ണ’യിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തി. ചെറിയ കഥാപാത്രങ്ങളിലൂടെ എത്തിയ മോഹന്‍ലാലിന് ‘ഉയരങ്ങ’ളിലൂടെ നായകസ്ഥാനം. കൊച്ചു വേഷങ്ങളില്‍ ഒതുങ്ങിയ സോമനെയും ജയനെയും ഉമ്മറിനെയും രതീഷിനെയും താരങ്ങളാക്കി. നായികമാരില്‍ ശ്രീദേവിയും സ്വപ്നയും സീമയും. ജയനെ സൂപ്പര്‍ സ്റ്റാറാക്കിയതിനു പിന്നിലും ആ കൈ തന്നെയാണ്.സോമനുമായുള്ള പിണക്കം നിമിത്തമായി. കാന്തവലയത്തോടെ ജയന്റെ നിറമേ മാറി. ‘ശരപഞ്ജര’ത്തില്‍ വില്ലന്റെ ഇമേജാണെങ്കില്‍ കാന്തവലയത്തില്‍ വ്യത്യസ്ത കഥാപാത്രം. പിന്നീട് വേഷം ചെറുതായാലും വലുതായാലും എല്ലാ പടങ്ങളിലും ജയന്‍. അങ്ങാടിയിലെ കഥാപാത്രത്തെ ആരും മറക്കില്ല, പ്രത്യേകിച്ച് കൂലിത്തൊഴിലാളി ഇംഗ്‌ളീഷില്‍ സംസാരിക്കുന്നത്. തിയറ്ററുകളെ ഹരംകൊള്ളിച്ച രംഗം. മലയാളത്തിലെ പല പുതുമകളും ശശി തീര്‍ത്തവയായിരുന്നു . ആദ്യ കളര്‍ചിത്രമായ ‘ഇതാ ഇവിടെ വരെ’, സിനിമാസ്‌കോപ്പ് ചിത്രം ‘അലാവുദ്ദീനും അത്ഭുതവിളക്കും’തുടങ്ങിയവ. കമലഹാസനെയും രജനീകാന്തിനെയും നായകരാക്കിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ വാന്‍ വിജയമായിരുന്നു . തെലുങ്കില്‍ ‘കാളി’, ‘ഗുരു’ എന്നിവയും. മലയാളത്തില്‍ ട്രെന്‍ഡുകള്‍ക്ക് തുടക്കമിട്ട ശശിയാണ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനംനല്‍കിയതും. ക്ഷോഭിക്കുന്ന യുവത്വം എന്ന നായകസങ്കല്‍പ്പം ആദ്യമായി അവതരിപ്പിച്ച ‘ഇതാ ഇവിടെവരെ’യും ‘തുഷാര’വും ‘തടാക’വും മുതല്‍ ‘ഏഴാം കടലിനക്കരെ’യും’1921’ ഉം വരെ നീളുന്നു അത്. ‘തുഷാര’ത്തിലൂടെ രതീഷിനെ ആക്ഷന്‍ നായകനായി അവതരിപ്പിച്ച ശശിയുടെ ‘അതിരാത്ര’വും ‘ആവനാഴി’യുമൊക്കെയാണ് മമ്മൂട്ടിക്ക് അത്തരമൊരു പ്രതിച്ഛായ നല്‍കിയത്.കൂട്ടുകെട്ടിന്റെ മികവാണ് ശശിയുടെ വിജയം. അദ്ദേഹത്തിന് കൂടുതല്‍ തിരക്കഥ ഒരുക്കിയത് ടി ദാമോദരന്‍. എംടിയുമായുള്ള കൂട്ടിലൂടെയാണ് ആ സംവിധായകന്റെ മാറ്റ് വെളിപ്പെട്ടത്. ‘തൃഷ്ണ’യില്‍ തുടങ്ങി ‘അക്ഷരങ്ങള്‍’, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’, ‘ആരൂഢം’, ‘അനുബന്ധം’ എത്രയോ ചിത്രങ്ങള്‍.’അഭയം തേടി’ വരെ നീളുന്ന ആ കൂട്ടായ്മയില്‍ വിരിഞ്ഞ ഏറ്റവും ശ്രദ്ധേയ സിനിമ ‘ഉയരങ്ങളില്‍’. ആലപ്പി ഷെറീഫിനൊപ്പം പതിനഞ്ച് ചിത്രമാണ് ഐ വി ശശി ചെയ്തത്. പത്മരാജനൊപ്പം അഞ്ചും . രഞ്ജിത് വരെയുള്ള ഒരു ഡസനോളം തിരക്കഥാകൃത്തുകള്‍ക്കൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു . പത്മരാജന്റെ തിരക്കഥയില്‍ സംവിധാനംചെയ്ത ‘ഇതാ ഇവിടെ വരെ’, ‘വാടകയ്ക്ക് ഒരു ഹൃദയം’, ‘കാണാമറയത്ത്’ തുടങ്ങിയവയെല്ലാം വന്‍ ഹിറ്റായി മാറി .

ഷെറീഫിനെയും ടി ദാമോദരനെയും അവതരിപ്പിച്ച അതേ മാനസികാവസ്ഥയോടെ ‘വര്‍ണപ്പകിട്ടി’ലൂടെ ബാബു ജനാര്‍ദനനെയും, ‘ഈ നാട് ഇന്നലെ വരെ’യില്‍ വി എസ് നൗഷാദിനെയും കൈപിടിച്ചു. ലോഹിതദാസുമൊത്തുള്ള ‘മൃഗയ’ മെഗാഹിറ്റായിരുന്നു.മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയര്‍ ഗ്രാഫുയര്‍ന്നത് ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു. അന്തരിച്ച നടന്‍ ജയനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ശശിയൊരുക്കി.ഗാനചിത്രീകരണത്തിലും പാട്ടുകളുടെ തെരഞ്ഞെടുപ്പിലും വ്യത്യസ്തത കൊണ്ടുവന്നു ശശി. ദേവരാജന്‍, ശ്യാം, എ ടി ഉമ്മര്‍ എന്നിവരാണ് പ്രിയ സംഗീത സംവിധായകര്‍. കൂടുതല്‍ പടം ചെയ്തത് ശ്യാമിനൊപ്പം. എ ടി ഉമ്മറാണ് സംഗീതസംവിധായകനെങ്കില്‍ റീ റെക്കോഡിങ് ശ്യാം. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീത മികവ് തെളിഞ്ഞതും ശശിചിത്രങ്ങളില്‍. ആ ജീവിതത്തില്‍വഴിത്തിരിവ് ഉണ്ടാക്കിയത് ദേവരാജന്‍ മാസ്റ്ററാണ്. അയല്‍ക്കാരി എന്ന ചിത്രത്തിലെ അതിമനോഹരങ്ങളായ പാട്ടുകളിലൊന്നായിരുന്നു മാസ്റ്ററുടെ ഇലഞ്ഞിപ്പൂമണമൊഴുകി വന്നു…ഹിറ്റുകളുടെ തമ്പുരാന്റെ ഓര്‍മ്മദിവസമാണി ഇന്ന് .അദ്ദേഹം നമുക്ക് സമ്മാനിച്ച അതുല്യമായ ചലച്ചിത്രങ്ങളിലൂടെ അദ്ദേഹത്തെ ഓര്‍ക്കാം.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close