Breaking NewsMoviesNEWS

മലയാള സിനിമയെ ത്രസിപ്പിച്ച വില്ലന്‍

കഥാകാരന്‍ ഷിഹാബുദീന്‍ പോയുംകടവ് കോഴിക്കോട് ബാലപ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്റര്‍ ആയി ജോലിചെയ്യുന്ന കാലം.അത്രയൊന്നും സൗകര്യമില്ലാത്ത ഓഫീസ്, മുറി നിറയെ പൊടിപിടിച്ച പത്രമാസികക്കെട്ടുകള്‍, ചോരയ്ക്കും വെറുതേ ഒരു രസത്തിനും രാത്രി മുഴുവന്‍ കടിക്കാനായി വന്നെത്തുന്ന കൊതുകുകളുടെ ആള്‍ക്കൂട്ടം.ഒരു അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ട ഫര്‍ണിറ്ററുകള്‍.അതിനിടയില്‍ നിന്ന് ജോലിത്തിരക്കും ഉറക്കവും.ജോലിത്തിരക്കിന്റെ ഏതോ ഒരു കിരാതമുഹൂര്‍ത്തത്തിന്റെ ഇടയിലാണ് ഷിഹാബുദീന് ഒരു കാള്‍ വന്നത്.ഹലോ, ഞാന്‍ കെ.പി. ഉമ്മര്‍.ആര്?സിനിമയില്‍ ജോലിചെയ്യുന്ന കെ.പി. ഉമ്മര്‍.ഷിഹാബുദീന്‍ ചിരിച്ചു: എടാ, കാദറേ, നീ ഈ ജോലിത്തിരക്കിനിടയില്‍ മിമിക്രി കളിച്ച് ശല്യപ്പെടുത്തല്ലേ. വൈകീട്ട് കാണാം.ഫോണ്‍ കട്ട്‌ചെയ്ത് ജോലിയിലേക്ക് തിരിഞ്ഞതും വീണ്ടും ബെല്ലടിച്ചു…….ഹലോ, താലോലം ചില്‍ഡ്രന്‍സ് മാഗസിന്റെ ഓഫീസ് തന്നെയല്ലേ?” ദേ, വീണ്ടും കെ.പി. ഉമ്മര്‍.അപ്പോള്‍ അദ്ദേഹം കെ.പി. ഉമ്മറിന്റെ സിനിമയിലെ ഡയലോഗുകള്‍ ഓര്‍ത്തു:ശാരദേ… ഞാനൊരു വികാരജീവിയാണ്…അങ്ങേത്തലക്കല്‍ കെ.പി. ഉമ്മര്‍ പറയുന്നു: ”നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാന്‍ കെ.പി. ഉമ്മര്‍തന്നെയാണ്. ഹോട്ടല്‍ മഹാറാണിയിലുണ്ട്.തരിച്ചു നില്‍ക്കെ അദ്ദേഹം ആലോചിച്ചു…ജീവിതത്തില്‍ ഒരിക്കല്‍ പോലും പരിചയപ്പെട്ടിട്ടില്ലാത്ത കെ പി ഉമ്മര്‍ വിളിക്കുകയോ.അപ്പോള്‍ ഉമ്മര്‍ പറഞ്ഞു നിങ്ങളുടെ മാസികയില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍ പംക്തിയില്ലേ.പങ്കറുവും ചങ്ക്രുവും എനിക്കതു വലിയ ഇഷ്ട്ടമാണ്.ഇടയ്ക്കു അമേരിക്കയില്‍ പോകേണ്ടി വന്നു രണ്ടു ലക്കം മിസ്സായി.അതൊന്നു സംഘടിപ്പിച്ചു തരാമോ?ഞാന്‍ ആളെ അയക്കാം.അത്ഭുദത്താല്‍ ഷിഹാബുദീന്‍ പരിഭ്രാന്തനായി.ചങ്ക്രുവും പങ്കറുവും എന്റെ പ്രിയ താരം കെ പി ഉമ്മര്‍ വായിക്കുന്നുവെന്നോ..?സന്തോഷവും അത്ഭുതവും കാരണം തൊണ്ട ഇടറി അതിനു മറുപടി കൊടുത്തു..’അമേരിക്കാ ഞാന്‍ രണ്ടു ലക്കവുമായി ഇപ്പോള്‍ തന്നെ അങ്ങോട്ട് വരാം.ഹോട്ടല്‍ മഹാറാണിയുടെ ശീതീകരിച്ച സ്പെഷല്‍ റൂമിന്റെ അടഞ്ഞ വാതിലില്‍ നെഞ്ചിടിപ്പോടെ ഒന്നുകൂടി നമ്പര്‍ നോക്കി. ഇത് കാദര്‍ ശബ്ദം മാറ്റി വിളിച്ചതായിരിക്കല്ലേ എന്ന പ്രാര്‍ഥനയോടെ ഡോറില്‍ പതുക്കെ മുട്ടി. വാതില്‍ തുറന്നപ്പോള്‍ സ്വര്‍ണനിറമുള്ള, അതിസുന്ദരനായ കെ.പി. ഉമ്മര്‍! പ്രായം ഇത്രയായിട്ടും സൗന്ദര്യത്തിന് ഒരു കുഴപ്പവുമില്ല. ചുമലിലിട്ട സാമാന്യം വലിയ മഞ്ഞയും ചുവപ്പും കലര്‍ന്ന ടര്‍ക്കിടവല്‍ അദ്ദേഹത്തെ ഒരു പ്രഭാതസൂര്യനാക്കിമാറ്റി. എന്തൊരു തേജസ്സാര്‍ന്ന കണ്ണുകള്‍!താലോലം മാസികയില്‍ നിന്നാണെന്നു പറഞ്ഞതും അദ്ദേഹം തന്റെ സ്വദസിദ്ധമായ ശൈലിയില്‍ ചുണ്ടുകള്‍ കൂട്ടിയിട്ടു അകത്തേക്ക് വരൂ എന്ന് നല്ല ഉച്ചാരണഭംഗിയില്‍ സ്വാഗതം ചെയ്തു.കസേര ചൂണ്ടി ഇരിക്കുവാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു എനിക്ക് പങ്കറുവും ചങ്ക്രുവും വലിയ ഇഷ്ട്ടമാണ്.തിരക്ക് പിടിച്ച ഷൂട്ടിങ്ങിനടയിലും ഒരു കോപ്പി മാര്‍കെറ്റില്‍ നിന്നും സംഘടിപ്പിക്കും.മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ നിങ്ങളുടെ മാസിക വരാറുണ്ട്.എല്ലാ കഥയിലും ഒരു ദുഷ്ടന്‍ പരാജയപ്പെടുന്നത് കാണുമ്പോള്‍ ഒരു ആശ്വാസമാണ്..’അദ്ദേഹം കൂട്ടി ചേര്‍ത്തു.അലിവും അറിവും ചേര്‍ന്ന അദ്ദേഹത്തിന്റെ സംഭാഷണം നീണ്ടു നീണ്ടു പോയി.മഹത്തായ പല ക്ലാസിക് നോവലുകളും കഥകളും അദ്ദേഹം വായിച്ചിട്ടുണ്ട്.അത് ഹൃദയത്തിലും വൈജ്ഞാനിക പുസ്തകങ്ങള്‍ അലമാരയിലെ അദ്ദേഹം സൂക്ഷിക്കുന്നു.

കെ പി ഉമ്മര്‍ എന്ന മലയാളസിനിമയിലെ സുന്ദരനായ വില്ലന്‍ കാലയവനികക്കുള്ളിലേക്ക് നടന്നടുത്തിട്ട് ഇന്ന് പത്തൊന്‍പതാം വര്‍ഷമാകുകയാണ്.

തികച്ചും യാദൃച്ഛികമായാണ് ഉമ്മര്‍ അഭിനയരംഗത്തെത്തുന്നത്. ‘ആരാണപരാധി’ എന്ന നാടകത്തില്‍ ജമീല എന്ന സ്ത്രീയുടെ വേഷം കെട്ടിയാണ് ആദ്യമായി അദ്ദേഹം നാടകത്തില്‍ അഭിനയിക്കുന്നത്.പൊതുവെ സ്ത്രീകള്‍ വേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന ആ കാലത്ത്, ജമീല എന്ന കഥാപാത്രം ചര്‍ച്ചാ വിഷയമായി.അതോടെ തറവാട്ടില്‍ നിന്നും പുറത്തായി. എന്നാല്‍ മലയാളത്തിന് ലഭിച്ചത് എക്കാലത്തെയും സുന്ദരനായ പ്രതിനായകനെ.എം ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണിലൂടെ, 1965 ലാണ് കെ പി ഉമ്മര്‍ മലയാളസിനിമയിലെത്തിയത്. 70കളില്‍ മലയാളം കണ്ട വില്ലന്മാരില്‍ പ്രമുഖനായി.എന്നാല്‍ പില്‍ക്കാലത്തു സ്വഭാവ നടനിലേക്കു ചുവടുമാറ്റവും.ഈ സുന്ദരനായ വില്ലന്‍ ഏറ്റവുമധികം ഏറ്റുമുട്ടിയത് മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിനോട്.അക്കാലത്തു ഇറങ്ങിയ സിനിമ നോട്ടീസുകളിലും അന്നൗന്‍സ്മെന്റുകളിലും പ്രേംനസീറിനെയും കെ പി ഉമ്മറിനെയും വിരുദ്ധ ഭാവങ്ങളില്‍ പരാമര്‍ശിക്കുമായിരുന്നു.സ്വഭാവഗുണസമ്പന്നനായ നായകന്‍.ദുഃസ്വഭാവങ്ങളുടെ കൂടാരമായ വില്ലന്‍.ഇവര്‍ക്കിടയില്‍ ഒന്നോ രണ്ടോ നായികമാര്‍.രണ്ടു ഹാസ്യ താരങ്ങള്‍..ഇതായിരുന്നു അന്നത്തെ മലയാള സിനിമയുടെ കഥാപാത്രഘടന.ഐ വി ശശിയുടെ ഉത്സവമാണ് വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ഉമ്മറിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടു വന്നത്.

സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയില്‍ കെ. പി ഉമ്മര്‍ അവതരിപ്പിക്കുന്ന ലോറന്‍സ് എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ ആദ്യമായി കാണിയ്ക്കുന്നത് തന്നെ ഒരു വയലിനും പിടിച്ചു ആടു സഖീ.. പാടു സഖീ.. എന്ന ഗാനത്തോടെയാണ്. അതുപോലെ കരുണ സിനിമയിലെ ക്ലൈമാക്സ് സീനില്‍ ദേവികയുടെ വാസവദത്തയോട് ഉമ്മര്‍ അവതരിപ്പിച്ച ഉപഗുപ്തന്‍ എന്ന കഥാപാത്രം ഉപദേശങ്ങള്‍ നല്‍കി അവളെ ബുദ്ധ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന രംഗം.. രക്തപുഷ്പം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ സ്വന്തം മകനായ പ്രേം നസീറിനെ ആ സത്യം അറിയാതെ വെടിവെച്ച് കൊല്ലുന്ന അച്ഛന്‍.. അതുപോലെ ശിക്ഷ സിനിമയില്‍ സ്വന്തം മകനാണ് എന്നറിഞ്ഞു കൊണ്ട് തന്നെ അനര്‍ത്ഥം ഉണ്ടാവാതിരിക്കാന്‍ സത്യന്‍ മാസ്റ്റര്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തിന്റെ വെടിയേറ്റ് ഉമ്മര്‍ അവതരിപ്പിച്ച കള്ളക്കടത്ത് തലവനായ മകന്‍ കഥാപാത്രത്തിന്റെ അന്ത്യം. അവള്‍ എന്ന സിനിമയിലെ തന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചവന്റെ സഹോദരിയെ പ്രതികാരബുദ്ധിയോടെ പ്രണയിച്ചു അവളെ ഗര്‍ഭിണിയാക്കി ഉപേക്ഷിക്കുകയും അവസാനം തെറ്റ് തിരുത്തി അവളുടെ കുഞ്ഞിനെ എടുത്തു വളര്‍ത്തി പ്രായശ്ചിത്തം ചെയ്യുന്ന രാഘവന്‍ എന്ന വേഷം.. അങ്ങനെ നിരവധി മുഖങ്ങളുണ്ട് കെ. പി. ഉമ്മറിന്.കിട്ടിയ നല്ല വേഷങ്ങളെല്ലാം തന്നെ തികഞ്ഞ കൈയടക്കത്തോടെ തിരശീലയില്‍ അവതരിപ്പിച്ച സുന്ദരനായ നടന്‍ എന്ന് ധൈര്യപൂര്‍വ്വം ഉമ്മറിനെ വിശേഷിപ്പിക്കാം.

മൂന്ന് പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ശ്രീമാന്‍ കെ.പി. ഉമ്മര്‍ അഥവാ സിനിമാക്കാരുടെ ഉമ്മുക്ക. ആ ഉമ്മുക്കയെ കുറിച്ചുള്ള ക്യാമറയുടെ മുന്നിലെയും പിന്നിലെയും ചില സിനിമ വിശേഷങ്ങളും തമാശകളും ഇന്നും മായാതെ നിറഞ്ഞു നില്‍ക്കുന്നവയാണ്്്.ഉമ്മുക്ക തന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ ഒമ്പത് വര്‍ഷങ്ങളില്‍ കേവലം മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. രാരിച്ചന്‍ എന്ന പൗരന്‍, ഉമ്മ, സ്വര്‍ഗ്ഗരാജ്യം. ഉമ്മുക്കയുടെ ഭാവി മാറിമറഞ്ഞ വര്‍ഷം 1965 ആയിരുന്നു. മലയാള സിനിമയിലേക്ക് ആദ്യമായി വള്ളുവനാടന്‍ സംഭാഷണം കടന്നു വന്ന വിന്‍സന്റ് മാസ്റ്റര്‍ – എം. ടി. ടീമിന്റെ മുറപ്പെണ്ണ് എന്ന സിനിമയിലെ പ്രേം നസീറിന്റെ അനിയന്‍ വേഷത്തിലൂടെ.അതിനു ശേഷം അടുത്ത വര്‍ഷം കരിയറിലെ ഏറ്റവും മികച വേഷം ഉമ്മുക്കയെ തേടിയെത്തിയിരുന്നു. കരുണ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. അതിനു പ്രധാന കാരണക്കാരനായതോ ജി. ദേവരാജന്‍ മാസ്റ്റര്‍.കെ.പി.എ.സി. യിലുള്ള കാലം മുതല്‍ തന്നെ ദേവരാജന്‍ മാസ്റ്റര്‍ ഉമ്മുക്കയുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. രാരിച്ചന്‍ എന്ന പൗരനു ശേഷം പിന്നീട് നാടകങ്ങളില്‍ മാത്രം ഒതുങ്ങി ജീവിച്ച ഉമ്മുക്കയുടെ മനസ്സില്‍ പക്ഷെ സിനിമായൊരു ലഹരിയായിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലേയ്ക്ക് നായകതുല്യമായ വേഷത്തിലേക്ക് ഉമ്മുക്ക എത്തിപ്പെടുന്നത്. പക്ഷെ ഈ ചിത്രത്തിന്റെ നിര്‍മ്മാണം അനന്തമായി നീണ്ടുപോയി.ഇതിനിടയില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഉദയാ സ്റ്റുഡിയോസ് സിനിമാ നിര്‍മ്മാണത്തില്‍ സജീവമാകാന്‍ തീരുമാനിച്ചുകൊണ്ടു ആദ്യം നിര്‍മ്മിച്ച ”ഉമ്മ” എന്ന സിനിമയില്‍ സ്നേഹജാന്‍ എന്ന പേരില്‍ ഉമ്മുക്ക അഭിനയിച്ചെങ്കിലും ആ ചിത്രത്തിന് ശേഷം വീണ്ടുമൊരു വീണ്ടും ഇടവേള. ഇതിനിടയില്‍ എപ്പോഴോ ”സ്വര്‍ഗ്ഗരാജ്യം” റിലീസായി.. ആ ചിത്രം ഒട്ടും ശ്രദ്ധിയ്ക്കപ്പെട്ടതുമില്ല.. അപ്പോഴേക്കും ദേവരാജന്‍ മാസ്റ്റര്‍ സിനിമയിലെത്തി കഴിഞ്ഞിരുന്നു. കഴിയുമെങ്കില്‍ തനിക്കു നല്ലൊരു വേഷം ഒപ്പിച്ചു തരണമെന്ന് മാസ്റ്ററോട് ഉമ്മുക്ക ആവശ്യപ്പെട്ടു. സാധാരണ ശുപാര്‍ശകള്‍ സ്വീകരിക്കുന്ന പ്രകൃതം ദേവരാജന്‍ മാഷിനില്ലായിരുന്നെങ്കിലും എന്തോ ഉമ്മുക്കയുടെ കാര്യം മാഷിന്റെ മനസ്സിലെവിടെയോ കിടപ്പുണ്ടായിരുന്നു. കാട്ടുപ്പൂക്കള്‍ എന്ന സിനിമയ്ക്ക് ശേഷം നൃത്ത സംവിധായകനായ കെ. തങ്കപ്പന്‍ കരുണ എന്ന സിനിമയെടുക്കാന്‍ തയ്യാറായി വന്നപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ തങ്കപ്പനോട് ഒരു കാര്യം ആവശ്യപ്പെട്ടു. സിനിമയിലെ ബുദ്ധ അനുയായി ഉപഗുപ്തന്റെ വേഷം കഴിയുമെങ്കില്‍ കെ.പി. ഉമ്മറിന് കൊടുക്കണം. തങ്കപ്പന്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു. കരുണ റിലീസ് ആകുമ്പോഴേക്കും മറ്റു ചില സിനിമകള്‍ വഴി ഉമ്മുക്ക പതുക്കെ തിരക്കുള്ള നടനായി മാറാന്‍ തുടങ്ങിയിരുന്നു. അതില്‍ വാസവദത്തയുടെ വേഷം ചെയ്തത് പഴയ നടി ദേവികയായിരുന്നു. പ്രണയാഭ്യര്‍ത്ഥനയുമായി തന്നെ സമീപിക്കുന്ന വാസവദത്തയോട് ഉപദേശരൂപേണ ഉമ്മുക്ക അവതരിപ്പിച്ച ഉപഗുപ്തന്‍ പറയുന്ന ഒരു ശ്ലോകമുണ്ട്.കരയായ്ക ഭഗിനി.. നീ കളക ഭീരുത..യേശുദാസിന്റെ. സ്വരം ആദ്യമായി ഉമ്മുക്കയുടെ ഒരു കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചത് ആ ഗാനത്തിലൂടെ ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നു. ഉമ്മുക്കയുടെ ജീവിതത്തിലെ ഏറ്റവും മികച്ച റോള്‍ എന്ന് നിരൂപകര്‍ എപ്പോഴും കരുതുന്ന ആ ഉപഗുപ്തന്റെ വേഷം ഉമ്മുക്കയെ തേടിയെത്തിയതിനു അപ്രകാരം ദേവരാജന്‍ മാസ്റ്റര്‍ കാരണക്കാരനായി.മുറപ്പെണ്ണ് എന്ന സിനിമയില്‍ ഉമ്മുക്ക ചെയ്ത നെഗറ്റീവ് സ്വഭാവമുള്ള വേഷത്തിനോട് ഏറെ സാദൃശ്യം ഉള്ള വേഷങ്ങള്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ചെയ്ത തറവാട്ടമ്മയിലും.. കായംകുളം കൊച്ചുണ്ണിയിലും കെ പി ഉമ്മറിനെ തേടിവന്നിരുന്നു.

എങ്കിലും ഒരു മുഴുനീളന്‍ പക്കാ വില്ലന്‍ വേഷം ആദ്യമായി ഉമ്മുക്ക ചെയ്തത് കെ. പി. കൊട്ടാരക്കരയുടെ എം. കൃഷ്ണന്‍ നായര്‍ ചിത്രമായ ‘ കാണാത്ത വേഷങ്ങള്‍ ‘ ആയിരുന്നു. അതിലെ പ്രേം നസീറിന്റെ സിഐഡികഥാപാത്രം വേഷം മാറി പിച്ചാത്തി പാച്ചനായി നടന്നത് ഉമ്മുക്ക അവതരിപ്പിച്ച റങ്കൂണ്‍ രാജശേഖരന്‍ തമ്പിയുടെ കള്ളക്കടത്തും പാതിരാത്രി വേഷം മാറി ആളെ കൊല്ലാന്‍ വരുന്ന ജാവസേട്ടിന്റെയും ഒക്കെ രഹസ്യങ്ങള്‍ അന്വേഷിക്കാനായിരുന്നു. രാജശേഖരന്‍ തമ്പിയും ജാവസേട്ടും ഒരേ ആള്‍ തന്നെയായിരുന്നു.. സാക്ഷാല്‍ കെ.പി. ഉമ്മര്‍. ആ വര്‍ഷം തന്നെ പാതിരപ്പാട്ട് സിനിമയില്‍ വീണ്ടും പ്രേം നസീര്‍ നായകനും ഉമ്മുക്ക പ്രതി നായകനുമായി. അതുപോലെ മിസ്റ്റര്‍ കേരളയിലും ഈ നായക-പ്രതിനായക ജോഡികള്‍ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി.ഈ സിനിമയുടെ ക്ലൈമാക്സില്‍ അദൃശ്യ രൂപത്തില്‍ നിന്നും പുറത്ത് കടക്കാനാവാതെ പ്രേം നസീറിന്റെ മിസ്റ്റര്‍ കേരള വലയുമ്പോള്‍ നസീറിനെ ആ രൂപത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഉമ്മുക്കയുടെ വില്ലന്‍ ശ്രമിക്കുന്നതും അത് തടയാന്‍ പ്രേം നസീറിന്റെ പട്ടി പയറ്റുന്ന തന്ത്രങ്ങളും തുടര്‍ന്നുള്ള ഘോര സംഘട്ടനങ്ങളും ഒക്കെ അക്കാലത്ത് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട രംഗങ്ങളായിരുന്നു. പ്രേം നസീറിന്റെ കൂട്ടുകാരനാണ് സഹോദരനായും അച്ഛനായും വേഷമിട്ടിട്ടുള്ള കെ പി ഉമ്മര്‍. ബാല്യപ്രതിഞ്ജ എന്ന ചിത്രത്തില്‍ സത്യന്‍ മാഷിന്റെ ജ്യേഷ്ഠ സഹോദരനായിട്ടും അഭിനയിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ വേണു സാറും ഉമ്മുക്കയും തമ്മില്‍ നല്ല ആത്മബന്ധമായിരുന്നു. അങ്ങനെയാണ് ഉമ്മുക്കയെ വച്ച് ഒരു പരീക്ഷണം വേണു സാര്‍ നടത്തിയത്. ചിത്രം ഡിക്റ്റക്ടിവ് 909 കേരളത്തില്‍ വേണു സാറിന്റെ ഹിറ്റ് സിനിമയായ സിഐഡിനസീര്‍ റിലീസ് ആകുന്നതിനു മുമ്പത്തെ കാര്യമാണ്. ജയഭാരതിയുടെ അഛന്റെ ഘാതകനെ തേടി പുറപ്പെടുന്ന ഉമ്മുക്കയും ടൈറ്റില്‍ തെളിയുമ്പോള്‍ ഘുട് ഘുട് ശബ്ദത്തോടെ പാഞ്ഞു പോകുന്ന ഉമ്മുക്കയുടെ ബൈക്കും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും വിജയശ്രീ അവതരിപ്പിച്ച ഒട്ടേറെ ദുരൂഹതകള്‍ നിഴലിച്ച വേഷവും അപ്രതീക്ഷിത ക്ലൈമാക്സും കൊണ്ട് നിറഞ്ഞ സിനിമയായിട്ടും ചിത്രം വന്‍പരാജയമായിരുന്നു. ഉമ്മുക്ക വീണ്ടും വില്ലന്‍ വേഷത്തിലേക്കും ഉപനായക റോളിലേക്കും നീങ്ങി. ഐ. വി. ശശിയുടെ പല സിനിമകളും ഉമ്മുക്കാന് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അവസരം ഒരുക്കിയവയായിരുന്നു.

അന്നോളം വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കെ പി ഉമ്മറിനെ ആദ്യമായി നായകനാക്കാന്‍ ധൈര്യം കാണിച്ചത് ഐ വി ശശി ആയിരുന്നു എന്നായിരുന്നു ചില പ്രമുഖരുടെ വിലയിരുത്തല്‍. ഐ വി ശശി സിനിമയില്‍ സജീവമാകുന്നതിനും മുമ്പേ നായക-പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് തന്റേതായ ഒരു സ്ഥാനം മലയാള സിനിമയില്‍ നേടിയെടുത്തിരുന്ന ആളായിരുന്നു ഉമ്മുക്ക.. കമലഹാസന്‍ തന്റെ ഐ വി ശശി സ്മരണയില്‍ എഴുതിയ ഒരു കാര്യം ശ്രദ്ധേയമാണ്..ഫാദര്‍ സുവിശേഷമുത്തുവിന് വേണ്ടി കാറ്റ് വിതച്ചവന്‍ എന്ന ചിത്രം ഐ വി ശശി സംവിധാനം ചെയ്ത് കൊടുത്തിരുന്നു.അതില്‍ ഉമ്മറായിരുന്നു നായകന്‍.അതായത് ഉത്സവം സിനിമയ്ക്ക് മുമ്പ് തന്നെ ഐ വി ശശിയുടെ കീഴില്‍ കെ പി ഉമ്മര്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ഡിക്റ്റക്ടിവ് വേഷങ്ങളില്‍ നസീര്‍ സര്‍ കൂടുതല്‍ അഭിനയിച്ചു തുടങ്ങിയ സമയം മുതല്‍ വില്ലനായിട്ടുള്ള ഉമ്മുക്ക.. ഉദ്യോഗസ്ഥ വേണുവിനോടും തന്നെ ഡിക്റ്റക്ടിവ് ആക്കരുതെന്ന് പറയുമായിരുന്നു.. കണ്ണൂര്‍ ഡീലക്സ് എന്ന സിനിമയിലെ കാമുകവേഷം ചെയ്യാന്‍ വിസമ്മതിച്ചേനെ.. തന്നെ കേന്ദ്ര കഥാപാത്രമാക്കി അച്ഛനും ബാപ്പയും ശാപമോക്ഷവും ഒക്കെ ഒരുക്കാനും അദ്ദേഹം സംവിധായകരെ അനുവദിക്കില്ലായിരുന്നു.. ഉത്സവത്തില്‍ അദ്ദേഹം നല്ലൊരു കഥാപാത്രം അവതരിപ്പിച്ചു.. എന്നാല്‍ അതിനെക്കാളും പ്രാധാന്യമുള്ള.. നായകനോ നായകതുല്യനായതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹം നേരത്തെ ചെയ്തിട്ടുണ്ട്.. സത്യന്‍ മാഷും നസീര്‍ സാറും ഒക്കെ ഉണ്ടായിരുന്നിട്ടും.. ഉദയായുടെ ദത്തുപുത്രനില്‍ ടൈറ്റില്‍ വേഷം ഉമ്മുക്കയായിരുന്നു.. ഉദയായുടെ പഞ്ചവന്‍കാടില്‍ ഏറ്റവും പ്രാധാന്യമുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതും ഉമ്മുക്ക തന്നെ. കരിനിഴലില്‍ ഏറ്റവും പോസിറ്റീവ് കഥാപാത്രവും അദ്ദേഹമായിരുന്നു. 1972 ലെ കളിപ്പാവ എന്ന ചിത്രത്തില്‍ നായകന്‍ ഉമ്മറായിരുന്നു.. മഞ്ഞിലാസിന്റെ മിസ്സിയിലും ഉമ്മറിന്റെതു തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം.. ഇനിയും നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ സാധിക്കും.

ഉമ്മുക്കയെ പറ്റി പറയുമ്പോള്‍ ഉമ്മുക്ക ഫലിതങ്ങള്‍ ഒരിക്കലും ഒഴിവാക്കാനാവില്ല. നായകനായി കുറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 1980ല്‍ റിലീസ് ആയ അമ്മയും മകളും എന്ന സിനിമയിലാണ് ഉമ്മുക്കആദ്യമായി ഇരട്ട വേഷം കൈകാര്യം ചെയ്തത്. പ്രേം നസീര്‍ തരംഗം മെല്ലെ കുറഞ്ഞു തുടങ്ങിയ എണ്‍പതുകളില്‍ സ്വഭാവ നടന്‍/ വില്ലന്‍ വേഷങ്ങളില്‍ ഉമ്മുക്ക തിരക്ക് പിടിച്ചു നടന്ന സമയത്ത് ഏതോ ഒരു സിനിമയില്‍ അന്ന് ഉയര്‍ന്നു വരുന്ന ഒരു നായക നടന്റെ അടിയേല്‍ക്കുന്ന ഒരു രംഗം ചെയ്യാന്‍ ഉമ്മുക്ക വിസ്സമ്മതിച്ച ഒരു സംഭവം അന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു.എന്നെ സത്യന്‍ മാസ്റ്റര്‍ തല്ലിയിട്ടുണ്ട്.. നസീറുമായിട്ടും കുറെ അടികൂടിയിട്ടുണ്ട്. പലപ്പോഴും മധുവും ജയനും എന്നെ കൈവച്ചിട്ടുണ്ട്.. പക്ഷെ ഇന്നലെ വന്ന ഈ പീക്കിരി പിള്ളേരുടെ അടി വാങ്ങാന്‍ നില്ക്കാനൊന്നും എന്നെ കിട്ടൂല്ലാ.എന്നായിരുന്നു ഉമ്മുക്ക പറഞ്ഞതെന്നാണ് അന്ന് റിപ്പോര്‍ട്ട് വന്നത്. ആ കാലത്ത് തന്നെ ഉല്‍പത്തി എന്ന വളരെ വിവാദമുണ്ടാക്കിയ സിനിമയിലും ഉമ്മുക്ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഇപ്പോള്‍ ആ മഹാനടന്‍ കാലയവനികയില്‍ മറഞ്ഞിട്ടു പത്തൊന്‍പതു വര്ഷം തികഞ്ഞിരിക്കുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ നമുക്ക് സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഓര്‍മ്മിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close