
മൂന്നാറില്‍ നിന്ന് ജോമോള്‍ ജോസ് (സ്വതന്ത്ര പത്രപ്രവര്‍ത്തക)
കാലഘട്ടങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം പൂക്കുന്ന നീലക്കുറിഞ്ഞിയും, കോടമഞ്ഞും, മലനിരകളും.. മൂന്നാറിനടുത്തുള്ള രാജമലയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടായിരുന്നു . എന്നാല്‍ പൊട്ടിയൊലിച്ചിറങ്ങിയ ഉരുളിനൊപ്പമുള്ള മഴയും ,മണ്ണിനടിയിലായ മനുഷ്യരും രാജമലയെ ദുരന്തഭൂമിയാക്കി. മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയ തോട്ടം തൊഴിലാളികളുടെ ലയങ്ങളില്‍ നിന്ന് 4 മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 30 ആയി. 40 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇടവപ്പാതിമഴ ഇടുക്കിയുടെ മാനം കറുപ്പിച്ചപ്പോള്‍ പെയ്ത പേമാരി തകര്‍ത്തതു ചില ജീവിതങ്ങള്‍ കൂടിയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയിലെ മഴക്ക് ശക്തികൂടുതലായിരുന്നു. 2018ലെപ്രളയത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള കാറ്റും മഴയും കൊച്ചി – മധുര ദേശീയ പാതയിലെ അടിമാലി -മൂന്നാര്‍ ഭാഗത്ത് പലയിടത്തും മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഹൈറേഞ്ചിലെ പലയിടത്തും വൈദ്യുതിയും ഇല്ലായിരുന്നു. പുറം ലോകവുമായിബന്ധമില്ലാത്ത അവസ്ഥ. രാജമലയിലെ പെട്ടിമുടി ഡിവിഷനിലെ നയ്മക്കാട് എസ്റ്റേറ്റിലും ഇതായിരുന്നു അവസ്ഥ. മഴ ആര്‍ത്തലച്ചു പെയ്യുമ്പോഴും അസാധാരണമായി ഒന്നും ലയങ്ങളിലുള്ളവര്‍ കരുതിയിരുന്നില്ല. കാരണം ഒറ്റമുറി ലയങ്ങളില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് അവര്‍ കഴിഞ്ഞിരുന്നതും. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച്, വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നയ്മക്കാട് എസ്റ്റേറ്റിലെ 30 മുറികളുള്ള 4ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയിലായി.
വൈദ്യുതി, മൊബൈല്റേഞ്ച് എന്നിവ ഇല്ലാത്തത് ദുരന്തം പുറംലോകത്തെത്തുന്നത് വൈകിപ്പിച്ചു. എത്രപേര്‍ ഈ ലയങ്ങളില്‍ ഉണ്ടായിരുന്നു എന്നതിന് കൃത്യമായ കണക്കുകളില്ല. തമിഴ്നാട്ടിലും സംസ്ഥാനത്തെ വിവിധയിടങ്ങളും പഠിക്കുന്നകുട്ടികള് ഇവിടെയുണ്ട്. കോവിഡ് ലോക്ക് ഡൌണ്‍ മൂലം ഒട്ടേറെപ്പേര്‍ ലയങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം . 18 പേര് ഇതുവരെ മരണപ്പെട്ടു. 12 പേര് അത്ഭുതകരമായി രക്ഷപ്പെട്ടത് പ്രതീക്ഷ നല്‍കുന്നുണ്ട്. മൂന്നാര്‍, മറയൂര്‍ റോഡിലെ പെരിയവരെ പാലം തകര്‍ന്നതും പ്രതികൂല കാലാവസ്ഥയും എല്ലാം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. ഇനിയും ഒരു ഉരുള്പൊട്ടലിനുകൂടി ഇവിടെ സാധ്യതയുന്നെന്ന് വിദഗ്ധര്‍ പറയുന്നു. അരിച്ചുകയറുന്ന തണുപ്പും കോടമഞ്ഞും കുറച്ചുനാളുകള്‍ക്ക് മുന്‍പുവരെ രാജമലയിലെത്തുന്ന സഞ്ചാരികളുടെ മനസ്സിനെ ഹരം കൊള്ളിച്ചിരുന്നു. പക്ഷേ മഞ്ഞും കൊടും തണുപ്പും എല്ലാം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുമ്പോള്‍ ഹൃദയത്തിലെ നോവായി രാജമല മാറുന്നു. രാജമല ഉരുള്‍പൊട്ടല്‍ അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം പറയുമ്പോള്‍ ഈ ദുരന്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനെ അനിവാര്യത വ്യക്തമാകുന്നു.
അഗ്നിശമസേന, പോലീസ്, ഇടമലക്കുടി നിവാസികള്‍ , തോട്ടം തൊഴിലാളികള്‍, ദുരന്തനിവാരണ സേന തുടങ്ങിയവരെല്ലാം മനുഷ്യസഹജമായതെല്ലാം ചെയ്യുകയാണ്. കാലവര്‍ഷക്കെടുത്തി മൂന്നാറിനെ വേട്ടയാടറുണ്ടെങ്കിലും ഇത്രവലിയ അപകടം ആദ്യമാണ്. ദുരന്തത്തിന് ആരും ഉത്തരവാദിയല്ല . പക്ഷേ ഇനിയൊരു ദുരന്തം ഉണ്ടായാല്‍ മൂന്നാര്‍ അതിനെ നേരിടാന്‍ സജ്ജമാണോ എന്ന ചോദ്യം പ്രസക്തമാണ്. മൂന്നാര്‍ ടാറ്റ ആശുപത്രിയും അടിമാലി താലൂക് ആശുപതിയും കഴിഞ്ഞാല്‍ എറണാകുളത്തെയും കോട്ടയത്തെയും ആശുപതികളെ ആശ്രയിക്കേണ്ട സ്ഥിതി ഇപ്പോഴുമുണ്ട്. മൊബൈല്‍ ഫോണിന് റേഞ്ച് ഉണ്ടായിരുന്നെങ്കില്‍ , ഗതാഗതയോഗ്യമായ റോഡ് ഉണ്ടായിരുന്നെങ്കില്‍, ദുരന്തത്തിന്റെ ആഘാതം കുറക്കാമായിന്നേനെ.
മഴ പെയ്യുമ്പോള്‍ കൂരക്കുള്ളില്‍ മരച്ചു കഴിയുന്ന ധാരാളം മനുഷ്യര്‍ ഇനിയും ഇവിടെയുണ്ട്. മൂന്നാറിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്രതീക്ഷിക്കാത്ത ഇടത്തുള്ള ഈ വന്‍ ദുരന്തം ഒരു പാഠം കൂടിയാണ്.
അടുത്തടുത്തുള്ള ലൈന്‍ വീടുകളാണ് ലയങ്ങള്‍. അതുകൊണ്ട് ഒറ്റപ്പെട്ട വീടുകള്ക്കില്ലാത്ത ഒരു സുരക്ഷഇവിടെയുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അടുത്ത വീട്ടുകാര്‍ ഓടിയെത്തുമല്ലോ എന്ന പ്രതീക്ഷ. പക്ഷേ ദുരന്തം അവരെ എല്ലാവരെയും കവര്‍ന്നെടുത്ത്. ഇനി തങ്ങള്‍ക്കിവിടെ ജീവിക്കാനാവില്ലെന്ന് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട അടുത്ത ലയങ്ങളിലുള്ളവര്‍ കരഞ്ഞു പറയുകയാണ്. ഇന്നലെവരെക്കണ്ട ലയങ്ങളും സമീപവാസികളും മണ്ണിനടിയിലായെന്നു സമീപവാസികള്‍ക്കുപോലും വിശ്വസിക്കാനാകുന്നില്ല. കുളിര്‍മഴ പേമാരിയാകുമെന്നും അതുമുളച്ചുവരുന്ന ജീവിതനാമ്പുകളുടെ മേല്‍ പെയ്തിറങ്ങുമെന്നും ആരും പ്രതീക്ഷിരുന്നില്ല. മണ്ണിനടിയില്‍ അകപ്പെട്ടവരുടെ സ്വപ്നങ്ങള്‍ക്ക് ഇനിയും മുളച്ചു പൊങ്ങാനാകില്ലല്ലോ.