
നീലകണ്ഠ ശര്‍മ്മ
റിട്ട. എഐജി സംസ്ഥാന രജിസ്ട്രേഷന് വകുപ്പ്
നമ്മുടെ സിനിമയും സാഹിത്യവും കാണിച്ചും പറഞ്ഞും വളര്‍ത്തിയ വലിയ തെറ്റിദ്ധാരണകളിലൊന്നാണ് രാജ്യത്തെ ഏറ്റവും നിയമസാധുതയുള്ള വിവാഹക്കരാറുകളിലൊന്നായ രജിസ്റ്റര്‍ വിവാഹം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സ്പെഷ്യല്‍ മാര്യേജ് ആക്ട് 1954 അനുസരിച്ചുള്ള വിവാഹരജിസ്ട്രേഷന്. ഒളിച്ചോടുന്നവര്‍ക്കും വ്യത്യസ്ത മതവിഭാഗക്കാര്‍ക്കും വിവാഹമോചിതര്‍ക്കും പുനര്വിവാഹിതര്ക്കുമൊക്കെ എളുപ്പത്തില്‍ നടത്തിയെടുക്കാവുന്ന വിവാഹസംവിധാനം എന്ന നിലയ്ക്കാണ് രജിസ്റ്റര്‍ വിവാഹം സിനിമകളിലും മറ്റും ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ ഫോട്ടോ പതിച്ച വധൂവരന്മാരുടെ രജിസ്ട്രേഷന് വിവരങ്ങള്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കാനായി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിലെ നിയമലംഘനത്തിന്റെ പേരില്‍ ഈയിടെ പിന്‍വലിക്കപ്പെടുകയും അത് ചില മതന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്തതാണെന്നും വലിയൊരുവിഭാഗത്തില് നിന്ന് ആക്ഷേപമുയരുകയും ചെയ്തതാണ്. രജിസ്റ്റര്‍ വിവാഹം എന്നത് മിശ്രവിവാഹത്തിനു മാത്രമുളള ഒന്നാണെന്നോ, അതിന് വധൂവരന്മാരുടെ ചിത്രസഹിതമുള്ള അറിയിപ്പ് പ്രസിദ്ധീകരിക്കുക നിര്‍ബന്ധമാണെന്നും ഈ നിബന്ധന പിന്‍വലിക്കുന്നത് നിയമവിരുദ്ധമാണെന്നുമൊക്കെയാണ് സര്‍ക്കാരിനെതിരെ ഉയരുന്ന വ്യാപകമായ പ്രചാരണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ എന്താണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് എന്നും അതിന്റെ സവിശേഷതകളെന്താണെന്നും വിശദീകരിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
വിവാഹത്തിന്റെ അവസാനവാക്ക്
ഇന്ത്യയില്‍ ഭരണഘടനയനുസരിച്ച് രണ്ടുപേര്‍ക്കു വിവാഹം കഴിക്കാനുള്ള പരമാവധി നിയമസാധുതയുള്ള ഒരേയൊരു സംവിധാനമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷന്. ഏതു മതത്തില്‍പ്പെട്ടവര്‍ക്കും ഏതു മതത്തില്‍ പെട്ടവരെയും ഈ വ്യവസ്ഥയനുസരിച്ചു വിവാഹം കഴിക്കാം. രണ്ടു വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കു മാത്രമല്ല ഒരേ മതത്തില്‍പ്പെട്ടവര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാം. മതപരമായി ആലോചിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളും (സോളംനൈസേഷന്) ഭരണഘടനാപരമായി സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചു രജിസ്റ്റര്‍ ചെയ്യാം. നിയമപരമായി വ്യാഖ്യാനിച്ചാല്‍ അങ്ങനെ ചെയ്യുന്ന ഒരു വിവാഹക്കരാറിനു മാത്രമേ ഭരണഘടനാപരമായി ഏതറ്റം വരെയുമുള്ള നിലനില്‍പ്പുള്ളൂ. വിവാഹിതരായവര്‍ക്കും അതില്‍ മക്കളുള്ളവര്‍ക്കും ഈ ആക്ടനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്യാം.
സാധാരണ വിവാഹവും രജിസ്റ്റര്‍ വിവാഹവും
രണ്ടു വീട്ടുകാര്‍ കൂടിയാലോചിച്ചു നടത്തുന്ന വിവാഹത്തിന് (സോളംനൈസേഷന്) സമൂഹത്തില്‍ സാധുതയുണ്ട്. കരയടച്ചു ക്ഷണപത്രം കൊടുത്തു ക്ഷണിച്ചുവരുത്തി നടത്തുന്ന കല്യാണങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാനപത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ജനന മരണങ്ങള് രജിസ്റ്റര്‍ ചെയ്യുന്നതു പോലെതന്നെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളില്‍ നിന്ന് അതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ സര്‍ട്ടിഫിക്കറ്റ് തന്നെ എല്ലാത്തരം നിയമപരമായ ആവശ്യങ്ങളും പൗരാവകാശങ്ങള്‍ക്കും എന്തിന് പാസ്പോര്‍ട്ടിലും വിസയിലും രേഖപ്പെടുത്താന്‍ പോലും ധാരാളമാണ്. (യു എസ് പോലെ ചില രാജ്യങ്ങള്‍ മാത്രം സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കുന്നുണ്ട്. അതു പക്ഷേ, വിവാഹം ഇന്ത്യയില്‍ വച്ചാണെങ്കില്‍ മാത്രം.) വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം നടത്തിയ ഹാള്‍/മതസ്ഥാപനം എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷ, ക്ഷണക്കത്ത്/വിവാഹഫോട്ടോ തുടങ്ങിയവയുടെ പിന്തുണയോടെ നിര്‍ദ്ദിഷ്ട ഫോമില്‍ സമര്‍പ്പിച്ച് രണ്ടു സാക്ഷികളെയും ഹാജരാക്കി അവരുടെ വിരങ്ങളും കൊടുത്താല്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും. പക്ഷേ, റേഷന്‍ കാര്‍ഡിന് ഇന്ത്യന്‍ ഭരണഘടനയിലുള്ള സാധുത മാത്രമേ ഈ സര്ട്ടിഫിക്കറ്റിനുമുള്ളൂ. നിലവില്‍ റേഷന്‍ കാര്‍ഡ് പലയിടത്തും വിലാസം തെളിയിക്കാനുള്ള രേഖ പോലുമല്ലെന്ന് മനസിലാക്കിയാല്‍ ഈ സാധുതയുടെ പരിമിതി തിരിച്ചറിയാം.
രജിസ്ട്രേഷനിലൂടെ ലഭിക്കുന്നത്
എന്നാല്‍ ഇതില്‍ നിന്നൊക്കെ വിഭിന്നവും ഏറെ ഉയരത്തിലുമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹം. അത് 90 ദിവസത്തെ പ്രക്രിയയാണ്. വിവാഹിതരാവാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് സാക്ഷികളോടൊത്ത് സബ് രജിസ്ട്രാര്‍/ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയോ പ്രത്യേക സാഹചര്യങ്ങളില്‍ രജിസ്ട്രാറുടെ സമ്മതത്തോടെ അദ്ദേഹത്തെ ഏതെങ്കിലും സ്ഥലത്തെത്തിച്ച് അദ്ദേഹത്തിന്റെ മുന്നിലോ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാം. അങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്കി 30 ദിവസം കഴിഞ്ഞ് വീണ്ടും 60 ദിവസത്തിനകം മാത്രമേ യഥാര്‍ത്ഥ രജിസ്ട്രേഷന് സാധ്യമാവുകയുള്ളൂ. അപേക്ഷ നല്കി 30 ദിവസം അപേക്ഷകള്‍ അതത് രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കില്‍ അറിയിക്കാനായി പരസ്യപ്പെടുത്തും. 30 ദിവസം കഴിഞ്ഞ് എതിര്പ്പുകളൊന്നുമുണ്ടായില്ലെങ്കില് മാത്രമാണ് രജിസ്ട്രേഷന് നടത്തുക.
ധാരണകള്‍, തെറ്റിദ്ധാരണകള്‍
സിനിമകളിലും മറ്റും കാണുന്നതുപോലെ ഓഫീസില്‍ നിന്നും സ്കൂളില്‍ /കോളജില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും ഒരു രജിസ്ട്രാര്‍ ഓഫീസില്‍ വന്ന് എളുപ്പത്തില്‍ ഒപ്പിട്ടു മാലയും ചാര്‍ത്തി പോകാവുന്ന ഒന്നല്ല രജിസ്റ്റര്‍ വിവാഹം. സ്പെഷ്യല്‍ മാര്യേജ് ആക്ട് എന്ന ഇന്ത്യന്‍ ഭരണഘടനാ ചട്ടമനുസരിച്ച്, വരനോ വധുവോ സ്ഥിരതാമാക്കിയിട്ടുള്ള, അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലുള്ള വിലാസം നിലനില്‍ക്കുന്ന പ്രദേശത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലോ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ മാത്രമേ വിവാഹത്തിന് അപേക്ഷിക്കാനാവൂ. അങ്ങനെ അപേക്ഷിച്ചാല്‍ ചട്ടം അനുശാസിക്കുന്ന ചില നിബന്ധനകളുടെ പുറത്ത് ഏതൊരു പൗരനും അതിനെതിരേ ആക്ഷേപമോ പരാതിയോ ബോധിപ്പിക്കാം. അതിനുവേണ്ടിയാണ് വിവാഹ അറിയിപ്പ് ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതും വധൂവരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലെ പ്രദേശങ്ങളിലെ രണ്ടു രജിസ്ട്രാര്‍ ഓഫീസുകളിലും പ്രദര്ശിപ്പിക്കണമെന്നുമുണ്ട്. മാര്യേജ് ഓഫീസര്‍മാരാണ് വിവാഹം രജിസ്റ്റര്‍ ചെയ്തു നല്കുന്ന ഉദ്യോഗസ്ഥന്.
ഫോട്ടോയുടെ കാണാച്ചരടുകള്‍
ഭരണഘടനാച്ചട്ടത്തിലെ 43-ാം വകുപ്പു നല്കുന്ന സ്വാതന്ത്ര്യമുപയോഗിച്ചു 1958ല്‍ സംസ്ഥാനം വിജ്ഞാപനം ചെയ്ത സംസ്ഥാന വിവാഹ രജിസ്ട്രേഷന് നിയമം വീണ്ടും 2018ല്‍ ഒരിക്കല്‍ കൂടി പുനര്‍വിജ്ഞാപനം ചെയ്തിരുന്നു. അതനുസരിച്ചാണ് വിവാഹിതരാവുന്നവരുടെ അറ്റസ്റ്റഡ് ഫോട്ടോഗ്രാഫുകള്‍ അപേക്ഷയ്ക്കൊപ്പം വയ്ക്കണമെന്ന ഉത്തരവുണ്ടാവുന്നത്.
ഫോട്ടോയുടെ പിന്നാമ്പുറത്ത് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു ഫോട്ടോകളാണ് ആവശ്യപ്പെടുന്നത്. ഭരണഘടനാച്ചട്ടത്തിലെ ഒരു വകുപ്പിന്റെ മറവില്‍ നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന പ്രശ്നം തന്നെ പലതവണ നിയമവിദഗ്ധരുടെ ചര്‍ച്ചയ്ക്കു വിഷയമായിട്ടുള്ളതാണ്. ചട്ടപ്രകാരം നിഷ്കര്‍ഷിച്ചാല്‍ ഫോട്ടോ പതിക്കാതെ പോലും വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാനുള്ള ബാധ്യത സബ് രജിസ്റ്റാര്‍ക്ക്/മാര്യേജ് ഓഫീസര്‍ക്ക് ഉണ്ടെന്നു സാരം. പോരാത്തത്തിന് ഫോട്ടോ പതിച്ചോ അല്ലാത്തതോ ആയ വിവാഹ അറിയിപ്പ് ആക്ടനുസരിച്ച് ബന്ധപ്പെട്ട രണ്ടു സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രമേ പതിപ്പിക്കാനുള്ള അനുമതിയുളളൂ. അത് ഓണ്‍ലൈനില്‍ പ്രസാധനം ചെയ്യാനുള്ള അവകാശം ചട്ടപ്രകാരം സര്‍ക്കാരിന് ലഭ്യമാവുന്നുമില്ല. അങ്ങനെ ചട്ടവിരുദ്ധമായ ഒരു നടപടിയാണ് ഓണ്‍ലൈനില്‍ രജിസ്ട്രേഷനുള്ള ഫോട്ടോ അറിയിപ്പ് പ്രസിദ്ധീകരിക്കാനുള്ള നീക്കം മരവിപ്പിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.
എതിര്‍പ്പിന്റെ വഴികള്‍
കോഴിഞ്ഞാമ്പാറ കേശവനും അമ്പലപ്പുഴ അമ്മിണിയും വിവാഹിതരാവുന്നതില്‍ കോത്താഴത്തു ശശാങ്കന് വെറുതേ കയറിച്ചെന്ന് പരാതിയോ ആക്ഷേപമോ സമര്പ്പിക്കാനാവുമെന്നു കരുതണ്ട. വധുവിന്റെയോ വരന്റെയോ സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ ആയാല്‍പ്പോലും ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില പ്രത്യേക വ്യവസ്ഥകളുടെ പേരില്‍, അത്തരം ലംഘനങ്ങള്‍ തെളിവുസഹിതം ബോധ്യപ്പെടുത്തി നിയപ്രകാരം മാത്രമാണ് എതിര്‍പ്പോ ആക്ഷേപമോ ഉന്നയിക്കാനാവൂക. ഉദാഹരണത്തിന് വിവാഹത്തിലേര്‍പ്പെടുന്ന പങ്കാളികളില്‍ ഒരാള്‍ മുമ്പ് വിവാഹിത/വിവാഹിതനനാണെങ്കില് അതിനുളള തെളിവടക്കം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് രേഖകള്‍ ഹാജരാക്കിയാല്‍ വിവാഹ രജിസ്ട്രേഷന് തടസപ്പെടുത്താം. വിവാഹിതരാവുന്നവര്‍ പ്രൊഹിബിറ്റഡ് റിലേഷന്‍സ് (നിയമപരമായ നിഷിദ്ധമായ തരത്തില്‍ ബന്ധമുള്ളവര്‍) ആണെങ്കിലും രേഖകള്‍ സഹിതം പരാതിപ്പെട്ടാല്‍ തടസമാകാം.അതല്ലാതെയുള്ള ഒരു ആക്ഷേപവും എതിര്‍പ്പും സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു നിലനില്‍ക്കുന്നതല്ല.
മക്കള്‍ സാക്ഷി!
ആദ്യമായി വിവാഹം കഴിക്കുന്നവരെങ്കില്‍ പുരുഷന് 21ും സ്ത്രീക്ക് പതിനെട്ടുമാണ് കുറഞ്ഞ പ്രായം. വിവാഹിതരെങ്കില്‍ ഇരുവര്‍ക്കും 21 വയസു തികഞ്ഞിരിക്കണം. എന്നു മാത്രമല്ല, വിവാഹിതരായ ദമ്പതികളെങ്കില്‍ അവരുടെ മറ്റു തരത്തിലുള്ള വിവാഹം കഴിഞ്ഞ് 30 ദിവസം ഒരേ സ്ഥലത്തു താമസിച്ചു കഴിഞ്ഞാല്‍ മാത്രമേ വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാനാവൂ. ഇനി മക്കളുള്ള ദമ്പതിമാര്ക്കാണെങ്കില് വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മക്കള്‍ക്ക് സാക്ഷികളായി ഒപ്പിടാം!
മോചനം അകലെ
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലുമാവാത്ത ദമ്പതികള്‍ കുടുംബക്കോടതികള്‍ വഴി വിവാഹ മോചനം നേടുന്ന കാലമാണല്ലോ ഇത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദമ്പതികള്‍ വിവാഹമോചനം നേടുന്ന സംസ്ഥാനമാണ് കേരളം എന്നാണ് കണക്കുകള്‍. സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു വിവാഹിതരായവര്‍ക്കും കുടുംബക്കോടതികളടക്കം ഇന്ത്യയിലെ കോടതികളിലൂടെ വിവാഹമോചനത്തിന് അര്‍ഹതയുണ്ട്. പക്ഷേ, രജിസ്റ്റര്‍ വിവാഹം കഴിച്ച ഒരേ സമുദായത്തില്‍പ്പെട്ടവര്‍ക്കോ അല്ലാത്തവര്‍ക്കോ ഏതെങ്കിലും സമുദായനിയമപ്രകാരമുള്ള വിവാഹമോചനം സാധ്യമേയല്ല. കോടതിവഴിക്കല്ലാതെ അവരുടെ വിവാഹമോചനം നിയമപരമായി സാധ്യമാവില്ല. വിവാഹ രജിസ്ട്രേഷന് ഏതിര്‍പ്പും ആക്ഷേപവുമുയര്ത്താന് വ്യവസ്ഥ ചെയ്തിട്ടുള്ള കര്‍ശന നിബന്ധനകളിലെന്നോണം ചില കാരണങ്ങള്‍ കൊണ്ടു മാത്രമേ വിവാഹമോചനം നടക്കുകയുമുള്ളൂ. താഴെ പറയുന്നതടക്കം പല കാരണങ്ങള്‍ കൊണ്ടും വിവാഹ മോചനത്തിന് ഹര്‍ജി നല്‍കാം.
1.പങ്കാളിലൊരാള്ക്ക് ലൈംഗികശേഷി/പുനരുല്പാദനശേഷി ഇല്ലാതിരിക്കല്‍
2.പങ്കാളികളിലൊരാള്‍ക്ക് ചികിത്സയില്ലാത്ത മാനസികരോഗമുണ്ടാവുകയും അപകടകാരിയാവുകയും ചെയ്താല്‍/ഗാര്ഹികപീഡനത്തിനിരയായാല്
3.പങ്കാളികളിലൊരാള്‍ക്ക് മാരകമായ മാറാരോഗമുണ്ടെങ്കില് അതിനുള്ള മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍4.പങ്കാളികളിലൊരാളെ കാണാതാവുകയും നിര്‍ദ്ദിഷ്ട കാലത്തിനുശേഷവും അയാളെപ്പറ്റി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍
5.വിവാഹേതര ബന്ധം തെളിയിക്കപ്പെടുന്ന സാഹചര്യത്തില്‍
പ്രധാനമായും ഇത്രയും വ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ബാധകമായാല്‍ വിവാഹമോചനത്തിന് ആര്‍ഹതയുണ്ട്. ഇവയൊക്കെ പക്ഷേ നിയമപൂര്‍വം തെളിയിക്കപ്പെട്ടാലല്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചു വിവാഹിതരായവര്‍ തമ്മില്‍ ഒരുതരത്തിലും വിവാഹമോചനം സാധ്യമല്ല.
രജിസ്റ്റര്‍ വിവാഹത്തിന്റെ സാധുത
വീട്ടുകാര്‍ ആലോചിച്ചു ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സദ്യവിളമ്പി നടത്തിയ കല്യാണം കഴിച്ചവരെപ്പോലും സംശയത്തിന്റെ പേരില്‍ അനാശാസ്യത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥന് വിചാരിച്ചാല്‍ ‘അയാള്‍ക്ക് ബോധ്യമാവാത്ത സാഹചര്യത്തില്‍’ ഒരാളെ അറസ്റ്റുചെയ്യുകയും എഫ്ഐ ആര് ഇടുകയുമാവാം. കെട്ടുതാലിയോ വിവാഹമോതിരമോ ഒന്നും ഹാജരാക്കിയതുകൊണ്ടു കാര്യമില്ല.അതിനി തദ്ദേശസ്ഥാപനം നല്കിയ വിവാഹരേഖ ഹാജരാക്കിയാല്‍ പോലും കോടതിയില്‍ ഹാജരാക്കി ബോധിപ്പിച്ചു മാത്രമേ അതില്‍ നിന്ന് തടിയൂരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു രജിസ്റ്റര്‍ ചെയ്തവരെ അവരോടു വിരോധമോ വൈരാഗ്യമോ ഉള്ള ഒരു പൊലീസുദ്യോഗസ്ഥന് വിചാരിച്ചാല്‍ പോലും അങ്ങനെ ഒരു നടപടി സാധ്യമല്ലെന്നു മാത്രമല്ല ആ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ കേസ് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളപ്പെടുകയും ചെയ്യും. അതല്ലാതെ പ്രായോഗിക തലത്തില്‍ യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു വിവാഹസംവിധാനത്തിനു മാത്രമായി സാമുദായിക വിവാഹങ്ങള്‍ക്കൊന്നും ബാധകമല്ലാത്തവിധം ഫോട്ടോ അറിയിപ്പ് നിഷ്കര്‍ഷിച്ചതിന്റെ നിയമസാധുതയാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.