മാക്ഡൊണാള്‍ഡ്സില്‍ നിന്ന് വാങ്ങിയ നഗ്ഗെറ്റില് ഉപയോഗിച്ച മാസ്ക് കണ്ടെത്തി

ലണ്ടന്‍: യുകെയിലെ ഹാമ്പ്ഷൈറിലെ ആള്ഡെര്ഷോട്ടിലുള്ള മക്ഡൊണാള്‍ഡ് ബ്രാഞ്ചില്‍ നിന്നും വാങ്ങിയ നഗ്ഗെറ്റില് ഗുരുതര ഭക്ഷ്യസുരക്ഷാ വീഴ്ച. നഗ്ഗെറ്റില് നിന്ന് ഉപയോഗിച്ച മാസ്ക് കണ്ടെത്തുകയായിരുന്നു. ലോറ ആര്ബെര് ആറു വയസുകാരി മകള്‍ക്കു കൊടുക്കുവാന്‍ വാങ്ങിയതാണ് ഹാപ്പി മീല്‍ പാക്കെറ്റ്. അതിലെ വറുത്ത ചിക്കന്‍ കഷണം കഴിക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടുന്നതായി കാണിച്ചപ്പോഴാണ് ലോറ ശ്രദ്ധിച്ചത്. പരിശോധനയില്‍ ചിക്കന്‍ നഗ്ഗെറ്റിനുള്ളില് നിന്ന് മാസ്ക്ക് അവശിഷ്ടം കണ്ടെത്തുകയായിരുന്നു. ഇതോടെ നടുങ്ങിപ്പോയ ലോറ, അതിനകം മകള്‍ അകത്താക്കിയതും ഒരുവിധം പുറത്തെത്തിക്കുകയായിരുന്നു.

വിശദമായ പരിശോധനയില്‍ അതൊരു സര്‍ജിക്കല്‍ മാസ്ക്കിന്റെ അവശിഷ്ടം ആണെന്നും തെളിഞ്ഞു. ബേക്ക് ചെയ്യുമ്പോള്‍ മാസ്ക്ക് അറിയാതെ അകത്തായതാണോ അല്ലെങ്കില്‍ കോഴി മാസ്ക്ക് കഴിച്ചതാണോയെന്നാണ് ഇനി അറിയാനുള്ളത്. അതെന്തായാലും സംഭവം ഗുരുതര ആരോഗ്യ – സാമൂഹിക സുരക്ഷാവീഴ്ചയാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ആളുകള്‍ മാസ്ക്കുകള്‍ ഉപയോഗിച്ചശേഷം വലിച്ചെറിയുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വീഴ്ച വരുന്നതാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമാകുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് മക്ഡൊണാള്‍ഡ് പ്രതിനിധി പ്രതികരിച്ചു.
