INDIAKERALANEWS

മാടനും മറുതയ്ക്കുമായി മരിച്ചുവീഴുന്ന മനുഷ്യജീവനുകള്‍

ഒരു കുഞ്ഞ് ജനിക്കാന്‍ മറ്റൊരു കുഞ്ഞിന്റെ കരള്‍ തിന്നുന്നത് പ്രതിവിധി. കേട്ടപാതി കേള്‍ക്കാത്തപാതി അതിന് തയ്യാറായി നിന്ന ബുദ്ധിമരവിച്ച ദമ്പതികള്‍. ഇതിന്റെ ബാക്കിയെന്നോണം ആറുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായ ശേഷം അരുംകൊലചെയ്യപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രാകൃത മനുഷ്യരുടെ കാലത്ത് നടന്ന സംഭവമല്ലിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഭ്യസ്തവിദ്യരെന്ന് മേനിപറയുന്ന ആര്‍ഷഭാരതത്തില്‍ നടന്ന സംഭവം.
മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അതിന്റെ അതിരുകള്‍ ലംഘിക്കുന്നിടത്താണ് അത്യാഗ്രഹവും ക്രൂരതയും സ്വാര്‍ത്ഥതയും ജനിക്കുന്നത്. 20 വര്‍ഷമായി കുട്ടികളില്ലാത്ത ദുഖത്തിനുള്ള പരിഹാരം മറ്റൊരു കുട്ടിയെ നീചമായി കൊന്നല്ല കണ്ടെത്തേണ്ടത്. അതെല്ലാം നടക്കുന്നത് അങ്ങ് ഉത്തരേന്ത്യയില്‍ അല്ലെ , നമ്മള്‍ മലയാളികള്‍ ഇത്തരത്തിലൊന്നും ചെയ്യാന്‍ സാധ്യതയില്ല എന്നു ചിന്തിക്കാന്‍ വരട്ടെ. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇന്നും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. പലതും സമൂഹമറിയുന്നില്ലെന്നുമാത്രം.
‘മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’- കഴിഞ്ഞവര്‍ഷം വായിച്ച ഒരു വാര്‍ത്തയാണ് ഇത്. കോട്ടയത്തെ കാഞ്ഞിരപ്പിള്ളിക്കടുത്ത് ഉണ്ടായതാണിത്. മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചതാകട്ടെ പോലീസുകാരനായ അച്ഛനും. മറ്റൊന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു ക്രൂരതയാണ്.
കൊല്ലത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഫോണ്‍കോളില്‍ നിന്നാണ് കരുനാഗപ്പള്ളിക്കടുത്ത് തഴവയില്‍ മന്ത്രവാദത്തിന്റെ മറവില്‍ നടന്ന അരുംകൊല പുറത്തു വന്നത്. മന്ത്രവാദത്തെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിച്ചതായും അന്വേഷിച്ചു നോക്കണമെന്നുമായിരുന്നു അന്ന് ലഭിച്ച സന്ദേശം. പോലീസ് ഉടന്‍തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണ് സംഭവം പൊതുസമൂഹം അറിഞ്ഞത്. അല്ലെങ്കില്‍ യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മന്ത്രവാദിയും കൂട്ടാളികളും സ്വതന്ത്രരായി അടുത്ത ഇരയെത്തേടി പോകുമായിരുന്നു. ക്രൂരമായ പീഡനമുറകളിലൂടെ യുവതിയുടെ ജീവനെടുത്ത സിറാജുദ്ദീനെന്ന മന്ത്രവാദിക്കു കൂട്ടുനിന്നതാകട്ടെ പെണ്‍കുട്ടിയുടെ അച്ഛനും . പല സംഭവങ്ങളിലും വീട്ടുകാര്‍ തന്നെയാണ് പ്രതികള്‍. അപമാനഭയത്താല്‍ പരാതി നല്‍കാനോ വിവരങ്ങള്‍ പുറത്തുവിടാനോ ആരും തയ്യാറാകാത്തതും പലപ്പോഴും സത്യങ്ങള്‍ പുറത്തു വരുന്നതിന് തടസ്സം നില്‍ക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട് മന്ത്രവാദിയെ സമീപിക്കാന്‍, ചിലത് രോഗപീഢയാണെങ്കില്‍ ചിലര്‍ക്ക് അത്യാഗ്രഹങ്ങള്‍ സാധിക്കാനുള്ള കുറുക്കുവഴിയാണ്. ഭീമമായ തുക പ്രതിഫലമായി വാങ്ങുന്ന മന്ത്രവാദികള്‍ അതിഭീമമായ തുകകളാണ് പ്രതിഫലമായി വാങ്ങുന്നതും. മാത്രമല്ല ആഡംബരജീവിതവും ഇവരുടെ പ്രത്യേകതയാണ്.

യഥാര്‍ത്തത്തില്‍ ഇന്നു കാണുന്നതായിരുന്നില്ല മന്ത്രവാദത്തിലൂടെ പുരാതനകാലത്ത് ഉദ്ദേശിച്ചിരുന്നത് .
മനുഷ്യസഹജമായ വിചാരങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രാചീനകാലത്ത് മനുഷ്യര്‍ വികസിപ്പിച്ചെടുത്തതാണ് മന്ത്രവാദമെന്ന കല. മന്ത്രവാദത്തെ ചിലപ്പോള്‍ തന്ത്രമെന്നും പറയാറുണ്ട്. ഒരാളുടെ ആഗ്രഹമനുസരിച്ച് സാധനയും പൂജയും കൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതാണ് ഈ വാക്കിനുള്ള അര്‍ഥം.പക്ഷെ കാലമതിനെ ഇന്നത്തെ രൂപത്തിലെത്തിച്ചു. മന്ത്രവാദമെന്ന പേരില്‍ ഇന്ന് പണം തട്ടലും പീഡനങ്ങളുമാണധികമായി നടക്കുന്നത്. പലപ്പോഴും ഇതിനിരകളാകുന്നത് സ്ത്രീകളും കുട്ടികളും. സമൂഹമെത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ഈ പ്രവണത മാറുമെന്നു തോന്നുന്നില്ല. പ്രത്യക്ഷത്തില്‍ തങ്ങള്‍ പുരോഗമനവാദികള്‍ എന്നു പറഞ്ഞ് രഹസ്യമായി ആള്‍ദൈവങ്ങള്‍ക്കും സിദ്ധന്മാര്‍ക്കും മുന്നില്‍ കൈകൂപ്പുന്നവരാണധികവും. ഇതിനെതിരെ നിയമം കൊണ്ടുവന്നിട്ട് യാതൊരു പ്രയോജനവുമില്ല. നമ്മള്‍ ഓരോരുത്തരുമാണ് മാറേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close