
ന്യൂഡല്‍ഹി: സൈബര്‍ ഇടങ്ങളില്‍ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരെയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണെന്നും അതില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്റെ വിമര്‍ശനം. എതിരാളികളെ കരിവാരിത്തേക്കാന്‍ സൈബര്‍ ഇടങ്ങളില്‍ പോരാളി ഷാജിമാരെയിറക്കുന്ന സിപിഎം തന്ത്രം അവര്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നും ഇതുവരെ സൈബര്‍ ഇടത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് ബിജെപി നേതാക്കന്മാരെ ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടുന്നതിലായിരുന്നു ഇതുവരെ ഇവര്‍ക്ക് ഹരമെന്നും മുരളീധരന് പറയുന്നു. മാധ്യമപ്രവര്‍ത്തകരേയും കുടുംബങ്ങളേയും സൈബറിടത്തില്‍ അധിക്ഷേപിച്ചവരെ കണ്ടെത്താനാണെങ്കില്‍ ഡിജിപി നിയോഗിച്ച പൊലീസുകാര്‍ ആദ്യം കയറിച്ചെല്ലേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെയാണ്. ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയാണ്. അതിനുളള ധൈര്യം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിനില്ലെങ്കില്‍ ഈ അന്വേഷണം വെറും പ്രഹസനമാണെന്നും മുരളീധരന് പറയുന്നു.