Breaking NewsElection 2021KERALANEWSTop News

മാണിസാറിന‍െ വഞ്ചിച്ചവരെ തോൽപ്പിക്കാൻ ജയിച്ചേ തീരൂ; കേരള കോൺ​ഗ്രസ് എമ്മിന് ഇത് അഭിമാന പോരാട്ടം

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എമ്മിനെ സംബന്ധിച്ചിടത്തോളം ഈ നിയമസഭാ തെരഞ്ഞെടുപ്പ് അ​ഗ്നിശുദ്ധി വരുത്തി അധികാരത്തിലെത്താനുള്ള അവസരമാണ്. തങ്ങളുടെ പ്രിയനേതാവ് കെ എം മാണിയെ ഒപ്പം നിർത്തി വേട്ടയാടിയ യുഡിഎഫിനോട് കണക്കു ചോദിക്കാനുള്ള അവസരം എന്ന നിലയിൽ കേരള കോൺ​ഗ്രസ് എം പ്രവർത്തകരും നേതാക്കളും ആവേശത്തിലാണ്. അതുകൊണ്ട് തന്നെയാണ് മറ്റേതൊരു പാർട്ടിയേക്കാളും, ഇടത് മുന്നണി അധികാരത്തിൽ എത്തേണ്ടത് കേരള കോൺ​ഗ്രസിന്റെ അഭിമാന പ്രശ്നവും നിലനിൽപ്പിന്റെയും വളർച്ചയുടേയും അടിസ്ഥാനവും കൂടിയാകുന്നത്.

തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയം മാത്രമല്ല, ഇടത് മുന്നണിയുടെ പാനലിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും വിജയം തങ്ങളുടെ ഉത്തരവാദിത്തമായി കണ്ടുള്ള പ്രവർത്തനമാണ് പലയിടങ്ങളിലും കേരള കോൺ​ഗ്രസ് നടത്തുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുറപ്പിച്ച് ഇടത് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുകയാണ് കേരള കോൺ​ഗ്രസ് പ്രവർത്തകർ. ചില സ്ഥലങ്ങളിൽ സിപിഎമ്മുമായി തർക്കമുണ്ടെങ്കിലും അതൊന്നും വൈകാരികമായി എടുക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി. മധ്യതിരുവിതാംകൂറിൽ മാത്രമല്ല, കേരളത്തിൽ ഏത് മണ്ഡലങ്ങളിലൊക്കെ തങ്ങൾക്ക് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ അവിടങ്ങളിലെല്ലാം ഇടത് മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുകയാണ് പാർട്ടി.

തങ്ങളുടെ പ്രിയ നേതാവായിരുന്ന കെ എം മാണിയെ ചതിച്ചു എന്നതാണ് കേരള കോൺ​ഗ്രസുകാർ കോൺ​ഗ്രസിന് മേൽ ആരോപിക്കുന്ന കുറ്റം. അതിന് പുറമേ, മുന്നണി വിടേണ്ടി വന്നതും കോൺ​ഗ്രസ് ജനാധിപത്യ മ​ര്യാദകൾ പാലിക്കാത്തത് കൊണ്ടാണെന്ന് കേരള കോൺ​ഗ്രസ് ആരോപിക്കുന്നു. ഇതിന് ബാലറ്റിലൂടെ മറുപടി നൽകാനാണ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്.

പിളരും തോറും വളർന്ന പാരമ്പര്യം

പിളർപ്പ് പാർട്ടിയുടെ ശക്തി കുറയ്ക്കുകയല്ല, മറിച്ച് വർധിപ്പിക്കുകയാണ് ചെയ്തതെന്ന നിലപാടാണ് കേരള കോൺ​ഗ്രസ് പ്രകടിപ്പിക്കുന്നത്. ഉള്ളിൽ നിന്ന് ഞെക്കിക്കൊല്ലാൻ ശ്രമിച്ചവർ പാർട്ടിക്ക് പുറത്ത് പോയതോടെ ഒരേ മനസ്സോടെ നീങ്ങാൻ കഴിയുന്നു എന്ന് പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. 1960 കളുടെ ആദ്യ പാദത്തിൽ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോൺഗ്രസ് പിറവികൊണ്ടത്. പി സി ചാക്കോയുടെ പീച്ചി വിവാദത്തിൽ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോൺഗ്രസിൽ നിന്ന് കെ എം ജോർജിൻറെ നേതൃത്വത്തിൽ കേരള കോൺഗ്രസെന്ന പാർട്ടിയുടെ പിറവിയിലേക്ക് നയിച്ചത്.

രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തിയതുമുതൽ പിളർപ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. 1964 മുതൽ ഇന്നോളമുള്ള കേരള കോൺഗ്രസിൻറെ ചരിത്രം പത്ത് പിളർപ്പുകളുടെ കൂടിയാണ്.

1977 ആദ്യം പുറത്തുപോയത് ആർ ബാലകൃഷ്ണ പിള്ള. കേരള കോൺഗ്രസ് ബി രൂപീകരിച്ചു

1979 രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി.

1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിൻറെ ഭാഗമായി

1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫിൽ

1987 അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ

1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു.

1996 അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിൻറെ ഭാഗമായി

2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004 ൽ എൻ ഡി എക്കൊപ്പം കൂടി, ഇതാണ് ആറാമത്തെ പിളർപ്പ്

2004 എൻ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപിച്ചു

2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു

പിന്നീടുള്ള വർഷങ്ങളിൽ പിളർന്നവരെല്ലാം ലയിക്കുന്ന കാഴ്ചയുടെ രാഷ്ട്രീയ കേരളത്തിൽ ദൃശ്യമായി

2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി

2007 കെ എം മാണി – ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല

2009 പി സി ജോർജിൻറെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി

2010 ജോസഫ് – മാണി ലയനം. എൽഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിൻറെ ഭാഗമായി

2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.

വീണ്ടും പിളർപ്പ് കാലം

2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ എട്ടാമത്തെ പിളർപ്പും പൂർത്തിയായി

2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി

2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും. അങ്ങനെ പത്താമത്തെ പിളർപ്പും പൂർത്തിയായി

കേരള കോൺ​ഗ്രസ് എമ്മിൽ നിന്ന് ജോസഫ് പുറത്ത് പോയതോടെയാണ് ഏറ്റവുമൊടുവിൽ കേരള കോൺ​ഗ്രസ് പിളർന്നത്. ആദ്യം ചിഹ്നവും പാർട്ടിയും ആദ്യം ജോസഫിന്റെ കയ്യിലായിരുന്നെങ്കിലും പിന്നീട് ജോസഫിനല്ല, ജോസ് കെ മാണിക്കാണ് കേരള കോൺ​ഗ്രസ് എം എന്ന പാർട്ടിക്ക് അവകാശം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും നിലപാടെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പായതോടെ ജോസഫ് ​ഗ്രൂപ്പ് പി സി തോമസിന്റെ കേരള കോൺ​ഗ്രസിൽ ലയിക്കുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close