KERALANEWSTop News

മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാന്‍ കഴിയട്ടെ; റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജിനും സ്‌നേഹാഭിവാദ്യങ്ങളുമായി ജോസ് കെ മാണി

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിനും, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിനും ആശംസകളുമായി ജോസ് കെ മാണി. മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാന്‍ ഇരുവര്‍ക്കും കഴിയട്ടെയെന്നാണ് ജോസ് കെ മാണി ആശംസിച്ചത്. കേരള കോൺ​ഗ്രസ് എമ്മിന് അർഹമായ പരി​ഗണ നൽകിയ എൽഡിഎഫ് നേതൃത്വത്തിന് ന്ദി അറിയിക്കാനും ജോസ് കെ മാണി മറന്നില്ല.

ജോസ് കെ മാണിയുടെ വാക്കുകള്‍:

”ശ്രീ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജിനും സ്‌നേഹാഭിവാദ്യം…കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയാവുന്ന പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ശ്രീ. റോഷി അഗസ്റ്റിനും, ഗവണ്‍മെന്റ് ചീഫ് വിപ്പായി നിയുക്തനായ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ എന്‍. ജയരാജിനും ഹൃദ്യമായ സ്‌നേഹാശംസകള്‍ നേരുന്നു. മാണി സാറിന്റെ വിയോഗത്തോടെ പാര്‍ട്ടി ചില പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്‍നിരയില്‍ പ്രിയങ്കരരായ ശ്രീ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും ഉണ്ടായിരുന്നു.പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള നേതാക്കളാണ് ഇരുവരും. മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാന്‍ ഇരുവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു. ഇരുവര്‍ക്കും ഒരിക്കല്‍ കൂടി സ്‌നേഹാഭിവാദ്യം.”

”അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ വിപ്പായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോബ് മൈക്കിളിനും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.പ്രമോദ് നാരായണണ്‍ നും, പാര്‍ലമെന്ററി പാര്‍ട്ടി ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു.”

മന്ത്രിസഭാ പ്രഖ്യാപനത്തിന് പിന്നാലെ റോഷി അഗസ്റ്റിന്‍ പറഞ്ഞത് ഇങ്ങനെ: ”കര്‍ഷക കുടുംബത്തില്‍ ജനിച്ച ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ എന്റെ മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും നല്‍കി. അപ്പച്ചന് കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ ഒരുപങ്ക് എനിക്ക് സ്‌കൂട്ടറില്‍ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി എന്നെ മുന്നോട്ട് നയിച്ചു. കോളേജ് പഠനകാലത്ത് എന്റെ സുഹൃത്തുക്കളില്‍ മിക്കവരും രാത്രികാലങ്ങളില്‍ എന്നോടൊപ്പം വീട്ടിലാണ് ഭക്ഷണവും താമസവും നടത്തിയിരുന്നത്. യാതൊരു എതിര്‍പ്പും കൂടാതെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം വെച്ചു വിളമ്പിതരുന്ന അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ സ്‌നേഹനിധി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അകമിഴിഞ്ഞു സ്‌നേഹിച്ചിരുന്ന മാതാപിതാക്കളും എന്റെ സഹോദരങ്ങളാണ്….പുതിയ ഉത്തരവാദിത്വത്തില്‍ ചുവടുവയ്ക്കുമ്പോള്‍ മാതാപിതാക്കളുടെ സ്‌നേഹവും അനുഗ്രഹവും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടാകും എന്ന് ഉറപ്പോടെ മുന്നോട്ട്…”

1969 ൽ കോട്ടയം ജില്ലയിലെ പാലാ രാമപുരത്ത് അഗസ്റ്റിൻ തോമസിന്റെയും ലീലാമ്മയുടെയും മകനായാണ് റോഷിയുടെ ജനനം.സ്കൂൾ തലം തൊട്ടെ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയായ റോഷി ഇടക്കോളി ഗവൺമെൻറ് ഹൈസ്ക്കൂൾ പാർലമെന്റ് നേതാവായി തിരഞ്ഞെടുക്കപെട്ടു. കേരളാ കോൺഗ്രസ് (എം) ന്റെ വിദ്യാർത്ഥി വിഭാഗമായ കേരളാ വിദ്യാർത്ഥി കോൺഗ്രസിന്റെ പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായി കേരളാകോൺഗ്രസിൽ ചുവടുറപ്പിച്ച റോഷി വിദ്യാർത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങീ പദവികളും വഹിച്ചിട്ടുണ്ട്. കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 1995 ൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 43 ദിവസം നീണ്ടു നിന്ന കാൽനട ജാഥ വിമോചന പദയാത്ര നടത്തി ശ്രദ്ധേയനായിരുന്നു. 2001 ൽ വിമോചന യാത്ര എന്ന പേരിൽ അഴിമതി വിരുദ്ധ ജാഥ നടത്തി പാർട്ടിയിൽ കരുത്തനും ശ്രദ്ധേയനുമായി.

1996 -ൽ 26-ാം വയസിൽ പേരാമ്പ്രയിൽ കന്നിയങ്കത്തിനിറങ്ങിയ റോഷി സിപിഎം ലെ എൻ.കെ.രാധയോട് 2400 വോട്ടിനു പരാജയപെട്ട റോഷി രണ്ടാം അങ്കത്തിൽ 2001 ൽ ഇടുക്കിയിൽ നിന്നും എം.എസ് ജോസഫിനെ 13719 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. തുടർന്നു 2006ലും, 2011 ലും സിപിഎം ലെ സിവി വർഗീസിനെയും 2016ൽ ജനാധിപത്യ കേരളാകോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെയും പരാജയപ്പെടുത്തി.2021 ലെ വിജയം തുടർച്ചയായി അഞ്ചാം തവണയും ഇടുക്കിയിൽ നിന്നും റോഷിയെ നിയമസഭയിൽ എത്തിച്ചു. നിയമ ബിരുദധാരിയായ റോഷി 2015 ൽ സംഗീത് ലൂയിസ് സംവിധാനം ചെയ്ത ഇലഞ്ഞിക്കാവ് പി.ഒ എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഭാര്യ: റാണി തോമസ്, നേഴ്‌സാണ് മൂന്ന് കുട്ടികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close