കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ മഠത്തിലെ കെട്ടിടത്തില്‍നിന്നും വീണ് വിദേശവനിത മരിച്ചു. യുകെ സ്വദേശിയായ സിയോന സ്റ്റെഫേഡ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 യോടെ മഠത്തിലെ അമൃതാഞ്ജലി കെട്ടിടത്തില്‍ നിന്നു വീണായിരുന്നു മരണം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മറ്റുള്ളവര്‍ ഭജനയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്. പ്രധാന ഫ്‌ലാറ്റിന്റെ ഏഴാം നിലയിലേക്കാണ് വീണത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ഇന്നലെ ഉച്ചയ്ക്കും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കായലില്‍ ചാടി മരിക്കാന്‍ നടത്തിയ ശ്രമം പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതര്‍ പ്രതികരിച്ചു. സന്ദര്‍ശക വീസയില്‍ ജനുവരി 16 ന് ആണ് സിയോന മഠത്തില്‍ എത്തിയത്. ലോക്ഡൗണ്‍ കാരണം മടക്കയാത്ര വൈകിയതിന്റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് അധികൃതര്‍ പറയുന്നു. നാളെ മടങ്ങാന്‍ രേഖകള്‍ ശരിയായിരിക്കെ ആയിരുന്നു മരണം. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.