INSIGHT

മാധ്യമങ്ങള്‍ക്ക് അല്‍ഷിമേഴ്‌സോ, ഏതായാലും ലിനിയെ ഓര്‍ത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

സിന്ദൂരി വിജയന്‍

എല്ലാ ദിവസവും വൈകുന്നേരം നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ധര്‍മത്തേയും ഉത്തരവാദിത്വത്തേയും കുറിച്ച് വാതോരാതെ പറയുന്നത് കേള്‍ക്കുമ്പോള്‍ കുളിരുകോരും. കാരണം ഇവര്‍ ഇവിടെയുള്ളതു കൊണ്ടാണ് നമ്മുടെ നാടിനെ വലിയ വിപത്തില്‍ നിന്ന് കരകയറ്റുന്നതെന്നു തോന്നിപ്പോകും. എന്നാല്‍ ഇതെല്ലാം ഒരു മണിക്കൂര്‍ മാത്രമേയുള്ളൂവെന്ന് ചിലപ്പോഴെങ്കിലും നമ്മുക്ക് തോന്നിപ്പോകും. അതിലൊന്നാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ വൈറസ് ബാധയേറ്റ് ലിനി എന്ന നഴ്‌സ് മരണപ്പെട്ടിട്ട് ഇന്ന് രണ്ടു വര്‍ഷം പിന്നിടുന്നു. പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് സ്വന്തം കര്‍ത്തവ്യത്തിനായി ജീവന്‍ വെടിഞ്ഞ ലിനി ഒരിക്കലും മായാത്ത മാതൃകയാണ്. പക്ഷെ ട്രന്റിനൊപ്പം പായുന്ന സംസ്ഥാനത്തെ അച്ചടി ദൃശ്യമാധ്യമങ്ങള്‍ ഇത് മനപൂര്‍വം തമസ്‌കരിച്ചിരിക്കുകയാണ്. കാരണം ഇന്ന് ലിനിയുടെ പിന്നാലെ പോയാല്‍ എന്തു പ്രയോജനം. മറ്റൊന്നുമല്ല അപ്പുറത്ത് പബ്ലിസിറ്റി ഏറ്റവും ലഭിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ അറുപതാം പിറന്നാളാണ്. അത് ആഘോഷിക്കുമ്പോള്‍ കിട്ടുന്ന റേറ്റിങ് ഒരിക്കലും ലിനിയുടെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചാല്‍ കിട്ടില്ലല്ലോ. അതുകൊണ്ട് മനപൂര്‍വം, ഈ വാക്ക് ആലോചിച്ചാണ് ഉപയോഗിക്കുന്നത് മനപൂര്‍വം ലിനിയുടെ ത്യാഗം മറന്നുകളയുന്നു. അവര്‍ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേരുന്നതിന്റെ തിരക്കിലേക്ക് മുഴുകുകയും ചെയ്തു. മൂന്നും നാലും പത്രത്താളുകള്‍ മുന്നൂദിവസങ്ങളായി ഡെഡിക്കേറ്റ് ചെയ്ത് ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവയിലൊന്നും ഒരു ഒറ്റക്കോളം വാര്‍ത്തയില്‍ പോലും ലിനിയോ ലിനിയുടെ ത്യാഗമോ ഇല്ല. നിപയും കൊറോണയും അധികാരം സ്ഥാപിക്കാന്‍ എത്തുമ്പോള്‍ മാത്രം നമ്മള്‍ മാലാഖകളായി കാണുന്നവരാണ് അന്നും ഇന്നും എന്നും ഇവിടെ നേഴ്സിങ് സമൂഹം. രണ്ടുവര്‍ഷംമുമ്പ് എല്ലാ മാധ്യമങ്ങളും ആഘോഷിച്ചതാണ് ലിനിയുടെ മരണം. ലിനിയുടെ ത്യാഗത്തിനോ അവരുടെ കുടുംബത്തിന്റെ നഷ്ടത്തിനോ യാതൊരു മാറ്റവും ഇന്നും സംഭവിച്ചിട്ടില്ല, പക്ഷെ ട്രെന്‍ഡ് മാറിയപ്പോള്‍ ലിനിയുടെ ചരമദിനം ജന്മദിനാഘോഷത്തില്‍ മുങ്ങിപ്പോയി. വാര്‍ത്തകളുടെ പ്രാധാന്യത്തിനുമപ്പുറം ട്രെന്റിങ്ങിന്റെ ഹൈപ്പിന് ശ്രദ്ധകൊടുത്ത് മാധ്യമങ്ങള്‍ നടത്തുന്ന മത്സരയോട്ടത്തില്‍ ലിനിക്കോ നമ്മുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കോ സ്ഥാനമില്ല. ഇവിടെ അല്‍പ്പം ആശ്വാസമാകുന്നത് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തന്നെയാണ്. കേരളം കടന്നു പോയ പ്രതിസന്ധിയില്‍ ജീവന്‍ വെടിഞ്ഞ ലിനിയെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും ഓര്‍മ്മിച്ചു. തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലാണ് മുഖ്യമന്ത്രി ലിനിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും ലിനിയുടെ ഓര്‍മകള്‍ പങ്കുവച്ചു. ഏതായാലും റേറ്റിങ്ങിന് പിന്നാലെ പായുന്നതില്‍ തെറ്റു പറയുന്നില്ല. എന്നാല്‍ ചില വിഷയങ്ങളില്‍ മാത്രം ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയും മറ്റു ചില വിഷയങ്ങളില്‍ ഈ ധാര്‍മികത പെട്ടിയിലാക്കി വയ്ക്കുകയും ചെയ്യുമ്പോള്‍ ദയവു ചെയ്ത് അതിനെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ചെല്ലാതിരിക്കുക.

Tags
Show More

Related Articles

Back to top button
Close