
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും വേണമെന്ന കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദൃശ്യങ്ങളും രേഖകളും നല്കാന് കോടതി ഉത്തരവിട്ടു. കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് നല്‍കുക. ഇന്ന് കേസ് പരിഗണിക്കവെയാണ് ശ്രീറാമിന്റെ ആവശ്യം അംഗീകരിച്ചത്. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുളള സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന് നേരത്തേ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനായി ഇന്ന് ഹാജരാകാന്‍ പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കഴിഞ്ഞപ്രവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു.