KERALANEWS

മാധ്യമ മാരണ നിയമം മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്ന് കയറ്റം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: മൗലികാവകാശ നേരെയുള്ള കടന്നുകയറ്റമാണ് ഇന്ന് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തില്‍ നിലവില്‍ ഉള്ളത്. അങ്ങനെയാണെങ്കില്‍ തന്നെ അത് നിയമസഭയില്‍. കൊണ്ടുവരണം വിശദമായി ചര്‍ച്ച ചെയ്യണം.

അങ്ങനെ ഗുണദോഷങ്ങള്‍ കണ്ടെത്തിയതിനു ശേഷം വേണമായിരുന്നു കൊണ്ടുവരാന്‍. ഏകപക്ഷീയമായി ക്യാബിനറ്റ് കൂടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തക്ക എന്ത് സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമ മാരണ ഓര്‍ഡിനന്‍സിനെതിരെ കെ പി സി സി ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റ് നടയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തിന്റെ പരമോന്നതമായ ഭരണഘടനയെ അപമാനിക്കുന്ന ഒന്നാണ് ഇത് എന്ന് സൂചിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് ഞാന്‍ കത്ത് കൊടുത്തിരുന്ന കാര്യവും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ ഐ ടി ആക്ടില്‍ 66A കേരള പോലീസ് ആക്ട് 118D എന്നിവ സുപ്രീംകോടതി റദ്ദാക്കിയതാണ്. സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു, പൗരാവകാശങ്ങള്‍ക്കും, മൗലികാവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണ് ഈ നിയമങ്ങള്‍ എന്ന്. അതുകൊണ്ട് പൗരന്റെ മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഈ വകുപ്പുകള്‍ സുപ്രീംകോടതി എടുത്തു കളഞ്ഞത്. ഈ രണ്ടു വകുപ്പുകള്‍ എടുത്തുകളഞ്ഞതോടെ ജനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വാതന്ത്രമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വര്‍ധിപ്പിച്ചു.

കേരളത്തില്‍ ഇന്നു കൊണ്ടുവന്നിരിക്കുന്ന ഈ നിയമ ഭേദഗതി, കേരള പോലീസ് ആക്ട് 118ഇല്‍ വരുത്തിയ ഭേദഗതി നമ്മളെല്ലാവരെയും ഞെട്ടിപ്പിച്ച ഒന്നാണ്. എല്ലാകാലത്തും പുരോഗമനപരമായ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയ ചരിത്രം ആണ് കേരളത്തിനുള്ളത്, കേരള നിയമസഭയ്ക്ക് ഉള്ളത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി സ്വന്തം പാര്‍ട്ടിയുടെ നിലപാടുകള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ട് പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പത്രമാരണ നിയമം ഓര്‍ഡിനന്‍സ് ആക്കി ഗവര്‍ണറേ കൊണ്ട് ഒപ്പിടീപ്പിച്ചു. 66A യെക്കാള്‍ ഗുരുതരമായ ഒന്നാണ് ഇന്ന് കൊണ്ടുവന്നിരിക്കുന്ന 118A എന്ന പുതിയ നിയമം. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു, വ്യക്തി സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്നു, അഭിപ്രായപ്രകടനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു.

ഗവണ്‍മെന്റ്നെതിരെ ആരെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ സ്വമേധയാ കേസെടുക്കുന്നു. ആരുടെയും പരാതി വേണമെന്നില്ല. സ്വമേധയാ കേസെടുത്തു മൂന്നുവര്‍ഷം വരെ കഠിനതടവും, 10000 രൂപ പിഴയും. ജാമ്യമില്ലാ വകുപ്പിലാണ് കേസ്. പിണറായി വിജയന്‍ ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന തരത്തില്‍ അവകാശങ്ങളെയും, അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും ചവിട്ടി മെതിക്കുകയാണ്.

പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ നിയമത്തെ ന്യായീകരിക്കുകയാണ്. ഐപിസി യിലും, സിആര്‍പിസി യിലും ആളുകളെ വ്യക്തിഹത്യ നടത്തിയാല്‍ കേസെടുക്കാനുള്ള നിയമം നിലവിലുണ്ട്. പോലീസ് ആക്റ്റില്‍ ഉണ്ട്. അത് നിലനില്‍ക്കേ ഈ നിയമത്തിന് എന്താണ് പ്രസക്തി. അതിന്റെ അര്‍ത്ഥം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളുകളുടെ വാ മൂടി കെട്ടാന്‍ ഉള്ള മാര്‍ഗം മാത്രമാണ് ഇത്. സര്‍ക്കാരിനെ ആരും വിമര്‍ശിക്കാന്‍ പാടില്ല, മുഖ്യമന്ത്രിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല, ആരും സൈബര്‍ ഇടങ്ങളില്‍ എഴുതാന്‍ പാടില്ല. പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ മാത്രം 160 ലധികം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതെന്താ രാജഭരണം ആണോ? സര്‍ സി പി രാമസ്വാമി അയ്യര്‍ ആണോ കേരളം ഭരിക്കുന്നത്? ഇത്രയും വലിയൊരു ഏകാധിപതി കേരള ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് നാളെ എടുത്തെറിയാന്‍ പോകുന്ന ഈ നിയമം പിന്‍വലിച്ചു ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. കേരളം പോലൊരു സംസ്ഥാനത്ത് ഇതുപോലെ ഒരു നിയമം പാസാക്കാന്‍ എങ്ങനെ മുഖ്യമന്ത്രി മുന്നോട്ടുവന്നു. സിപിഐ എതിര്‍ത്തിട്ട് കാര്യമല്ല. സിപിഐ ആദ്യം എതിര്‍ക്കും പിറ്റേ ദിവസം ആയ എതിര്‍പ്പ് മാറും അത് ആരും ഇപ്പോള്‍ കാര്യമായി എടുക്കുന്നില്ല. ഈ നിയമം വന്നതോടുകൂടി ആദ്യമായി ഒരു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് ആദ്യമായി തൃശ്ശൂരില്‍ വന്നിരിക്കുകയാണ്. വലപ്പാട് പോലീസ് സ്റ്റേഷനില്‍. അലനും, താഹയ്ക്കും ഉണ്ടായ അനുഭവം. നമ്മുടെ നാട് എങ്ങോട്ട് പോകുന്നു. അധികാര വര്‍ഗത്തിനു മുന്നില്‍ മുട്ടുമടക്കാതെ അവര്‍ക്കെതിരെ പോരാടിയാ വീരന്മാരായ പോരാളികളെ ഞാനോര്‍ക്കുന്നു. കേരളത്തിന്റെ മണ്ണില്‍ അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ അവരുടെ വായടപ്പിക്കാനും, അവരെ കല്‍ത്തുറങ്കിലടക്കാനും ഒരു ഭരണാധികാരി മുന്നോട്ടു വരുമ്പോള്‍ കേരളം ഒരുമിച്ച് പ്രതിഷേധിക്കണം. ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.

സോഷ്യല്‍ മീഡിയയില്‍ എഴുതുന്നവരുടെ വാ മൂടി കെട്ടാന്‍,അതുവഴി ഏകാധിപത്യവും, സ്വേച്ഛാധിപത്യവും നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടിയെ നിയമമന്ത്രി ബാലന്‍ ഇന്നു ന്യായീകരിക്കുന്നു. DGP പറയുന്നു SOP ഇറക്കാമെന്ന്. ആര്‍ക്കുവേണം SOP? ചവറ്റുകൊട്ടയിലേക്ക് അറിയേണ്ട നിയമത്തിന്റെ osp ആര്‍ക്കാണ് വേണ്ടത്.? ഈ നിയമം എതിര്‍ക്കപ്പെടേണ്ടതാണ് അതുകൊണ്ടാണ് ഞങ്ങള്‍ പെട്ടെന്ന് തന്നെ ഒരു സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചത്.. നിരവധി ഏകാധിപതികള്‍ ഈ സംസ്ഥാനം ഭരിച്ചിട്ടുണ്ട് അവരെല്ലാം അവസാനം ജനങ്ങളുടെ മുന്നില്‍ അടിയറവു പറഞ്ഞ ചരിത്രമാണ് കേരളത്തിലുള്ളത്. ആ ചരിത്രം വീണ്ടും ഇവിടെ ആവര്‍ത്തിക്കപ്പെടും. ഇത് പിന്‍വലിച്ച് ഓടേണ്ട ഗതികേട് പിണറായി വിജയന് ഉണ്ടാകും. സംശയം വേണ്ട. സിപിഎം കേന്ദ്രനേതൃത്വം എന്നൊക്കെ പറയുന്നത് അദ്ദേഹത്തിന് പുല്ലുവിലയാണ്. പിണറായി വിജയന്റെ ചെലവില്‍ കഴിയുന്ന ഏത് കേന്ദ്രനേതൃത്വം, ഏത് പോളിറ്റ്ബ്യൂറോ, ആരു പറഞ്ഞിട്ട് എന്ത് കാര്യം. ഇതുപോലെയുള്ള ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ കേരള ജനതയുടെ വികാരമാണ് ഉണരേണ്ടത്. സര്‍ക്കാര്‍ അടിയന്തിരമായി ഈ നിയമം റദ്ദാക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരന്‍,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍,വിഎസ് ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. കറുത്ത മാസ്‌ക് ധരിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കാല്‍നടയായി എത്തിയാണ് നേതാക്കള്‍ സെക്രട്ടേറിയറ്റ് മുന്നില്‍ പ്രതിഷേധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close