INSIGHT

മാധ്യമ വിമര്‍ശനത്തിന്റെ പിന്നാമ്പുറങ്ങള്‍

സ്വര്‍ണക്കടത്തുകേസില്‍ എന്‍ ഐഎ ടീമിനെ പിന്‍തുടര്‍ന്നതിന്റെ പേരിലും സിപിഎം ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ചതിന്റെ പേരിലും മാധ്യമങ്ങള്‍ ഇന്ന് പൊതുസമൂഹത്തില്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മാധ്യമങ്ങള്‍ എല്ലാം വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന ഇന്ന് ചില സംഭവങ്ങളും വസ്തുതകളും അനുസ്മരിക്കുകയാണിവിടെ.
ഒരുകാലത്ത് ഏഷ്യാനെറ്റില്‍ പ്രസിദ്ധിനേടിയ കണ്ണാടി ,അണിയറ, കൈരളിയിലെ സാക്ഷി, അന്വേഷണം തുടങ്ങി ഒട്ടേറെ പരിപാടികള്‍ ആരും മറന്നിട്ടുണ്ടാകില്ല. അത് എന്‍ടിവിയുടെയോ അല്ലെങ്കില്‍ അവരുടെ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ചിരുന്നതോ ആയിരുന്നു. എന്‍ടിവിയുടെ സഹസ്ഥാപകനായ ലീന്‍ പി ജെസ്മിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി ആദ്യം പറയാം.

ഹിന്ദിയില്‍ സ്റ്റാര്‍പ്‌ളസ്, സോണി, സീ തുടങ്ങിയ ചാനലുകളൊക്കെ മത്സരം മറന്ന് മറ്റു ചാനലുകള്‍ക്കുകൂടി പുരസ്‌കാരങ്ങള്‍ നല്‍കിക്കൊണ്ട് ഒരു ടിവി അവാര്‍ഡ് വളരെ പൊലിമയോടെ നടത്താറുണ്ട്. ആ രീതിയില്‍ മലയാളത്തില്‍, ഒരു പരീക്ഷണത്തിനാണ് ഫ്‌ളവേഴ്‌സ് ശ്രമിച്ചത്. എന്നാല്‍ അത് മനോരമ-ഏഷ്യാനെറ്റ് അച്ചുതണ്ട് തകര്‍ത്തു. അതിലെ ചില സംഭവങ്ങളും ലീനിന്റെ പോസ്റ്റിലൂടെ കാണാം.
2016 ജനുവരി 25
അന്നാണ് ഫ്ളവേഴ്‌സ് ചാനല്‍ സംഘടിപ്പിച്ച ആദ്യ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങ് കൊച്ചിയില്‍ നടന്നത്.എല്ലാ ചാനലുകളെയും ഒരു കുടക്കീഴില്‍ അണി നിരത്തുക എന്ന വിശാലമായൊരു ലക്ഷ്യത്തോടെ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മുന്നോട്ട് വെച്ച ആശയമായിരുന്നു ഈ അവാര്‍ഡ്. പ്രശസ്ത നടന്‍ മധു ചെയര്‍മാന്‍ ആയ ജൂറിയില്‍ ഛായാഗ്രാഹകന്‍ അളഗപ്പന്‍, ടെലിവിഷന്‍ നിരൂപക ഉഷാ.എസ്.നായര്‍,വാര്‍ത്താ അവതാരക രാജേശ്വരി മോഹന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.പുറമെ,ചാനലിന്റെ പ്രതിനിധിയായി ഞാനും.വിനോദ്, വാര്‍ത്താ വിഭാഗങ്ങളില്‍ എല്ലാ ചാനലുകളില്‍ നിന്നുമുള്ള പരിപാടികള്‍ ജൂറി തെരഞ്ഞെടുത്തു..
ഒപ്പം ടെലിവിഷന്‍ വാര്‍ത്താ മാധ്യമ രംഗത്തെ സംഭാവനകള്‍ക്കുള്ള പുരസ്‌കാരവും ആദരവും ഏഷ്യാനെറ്റിലെ ടി. എന്‍.ഗോപകുമാറിന് നല്‍കാനും തീരുമാനിച്ചു.ഇത് അദ്ദേഹത്തെ അറിയിക്കുവാനും,ക്ഷണിക്കുവാനുമുള്ള ദൗത്യം എനിക്കായിരുന്നു.
ഫ്ലവേഴ്സിലെ ഡിജിറ്റല്‍ ഡിവിഷന്‍ ചുമതലക്കാരന്‍ കൂടിയായ നിഖില്‍ രാജിനൊപ്പം ഏഷ്യാനെറ് ന്യൂസിന്റെ ഓഫീസിലെത്തി..നാലു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു അത്.ആഹ്ലാദവാനായിരുന്നു ടി എന്‍ ജി.
ഏഷ്യാനെറ്റ് ന്യൂസിന്റെ ‘എന്റെ പുഴ’ എന്ന പരമ്പരയ്ക്കുമുണ്ടായിരുന്നു അവാര്‍ഡ്.എം.ജി.രാധാകൃഷ്ണന്‍ ആ അവാര്‍ഡ് സ്വീകരിക്കാന്‍ എത്താം എന്നും നിശ്ചയിച്ചു.അവാര്‍ഡ് ചടങ്ങ് കഴിഞ്ഞാല്‍ ഉടന്‍ തിരികെ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും താമസസൗകര്യം ഒരുക്കണമെന്നും ടി എന്‍ ജി. ഏഷ്യാനെറ്റിന്റെ ഡയറിയും കലണ്ടറും സമ്മാനിച്ചു, കൈപിടിച്ചു യാത്ര പറയുമ്പോള്‍ ‘ലീനോട് യാത്ര പറയേണ്ട കാര്യമില്ലല്ലോ..’എന്ന സ്നേഹ വാക്ക്..
രണ്ട് ദിവസം കഴിഞ്ഞു വന്ന ഫോണ്‍ കോളില്‍ ഒരല്പം നിരാശ..അവാര്‍ഡ് ചടങ്ങിന് വരാന്‍ ഔദ്യോഗികമായി അനുമതി വാങ്ങേണ്ടി വരും.ഞാന്‍ എം. ജി.രാധാകൃഷ്ണനുമായി സംസാരിച്ചു..’ടി. എന്‍.ജി.വിഷമത്തിലാണ്..കമ്പനി അനുവാദം നല്‍കിയിട്ടില്ല’.രാധാകൃഷ്ണനും നിസ്സഹായനായിരുന്നു.
നിര്‍ദേശമനുസരിച്ച് കമ്പനിക്ക് ശ്രീകണ്ഠന്‍ നായര്‍ നേരിട്ട് കത്തയച്ചു..മറുപടി ഉണ്ടായില്ല..അവാര്‍ഡ് ദിനം അടുത്തപ്പോഴേയ്ക്കും ടി. എന്‍.ജി യുടെ ഫോണ്‍..ശബ്ദം ഇടറിയിരുന്നു.’.ലീന്‍,അത് നടക്കുമെന്ന് തോന്നുന്നില്ല..’പിന്നീട് അദ്ദേഹം ഫോണുകള്‍ അറ്റന്‍ഡ് ചെയ്തിട്ടില്ല..സുഖമില്ലാതായി എന്ന് രാധാകൃഷ്ണന്‍ അറിയിച്ചു..
എല്ലാ ചാനലുകളും ഒത്തു ചേരുന്ന ,മത്സരങ്ങള്‍ മറക്കുന്ന വേദി ആകേണ്ടിയിരുന്ന ആ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് ഏഷ്യാനെറ്റും മനോരമയുംപൂര്‍ണ്ണമായും വിട്ടു നിന്നു.അവാര്‍ഡ് ലഭിച്ച പ്രതിഭകളെ അത് ഏറ്റുവാങ്ങുന്നതില്‍ നിന്ന് വിലക്കി..ആ വേദിയില്‍ ബഹിഷ്‌കരിക്കപ്പെട്ടവര്‍ നല്‍കുന്ന വേദനയെ കുറിച്ചു സംസാരിക്കുമ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ വികാരാധീനനായിരുന്നു.

ആ കഥ അവിടെ നില്‍ക്കട്ടെ ഇനി മറ്റൊരു ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാം. കേരളം മറന്നിട്ടുണ്ടാകില്ല ഐസ്‌ക്രിം കേസ്. അത് പുറത്തുവന്നതാകട്ടെ മലയാളത്തിലെ ആദ്യ ന്യൂസ് ചാനലായ ഇന്ത്യാ വിഷനിലൂടെയും. കെ.പി.മോഹനന്‍ എഡിറ്ററായ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ ഇരയുടെ വെളിപ്പെടുത്തല്‍ എയര്‍ ചെയ്യാന്‍ മടിച്ചപ്പോഴാണ് ഇന്ത്യവിഷന്‍ റജീനയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്തത്. മാത്രമല്ല കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ ഒരു പക്ഷേ ആദ്യമായി ടിവി മാധ്യമവിചാരണയ്ക്കു തുടക്കമിട്ടതും ഇവര്‍തന്നെയാണ് . അന്ന് മുസ്‌ളീം ലീഗ് ഔദ്യോഗികപക്ഷം സമാനമായ ബഹിഷ്‌കരണനീക്കം ഇന്ത്യവിഷനെതിരേ കൈക്കൊണ്ടു എന്നുമാത്രമല്ല ചാനലിന്റെ കോഴിക്കോട്ട് ബ്യൂറോയ്‌ക്കെതിരേയും കൊച്ചി ബ്യൂറോയ്‌ക്കെതിരേയും അതിക്രമം അഴിച്ചുവിടുകയും ചെയ്തു. അന്ന് ഇടതുപക്ഷം പറഞ്ഞത് ജനാധിപത്യത്തില്‍ ഇതെല്ലാം ആവശ്യമാണെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നുമാണ് . ഈ നിലപാടില്‍ ഇന്ത്യവിഷനും പൊതുസമൂഹത്തിനും ഒപ്പമായിരുന്നു അന്നവര്‍ . അവരാണ് ഇന്ന് ഈ ബഹിഷ്‌കരണം നടത്തിയിരിക്കുന്നത്.

എഷ്യാനെറ്റിന്റെ ഉടമ, ബിജെപി സംസ്ഥാന നേതാവും എം.പിയുമായ രാജീവ് ചന്ദ്രശേഖറാണ്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ മകനും പാര്‍ട്ടി എംഎല്‍എ വി .ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനുമായ എം.ജി.രാധാകൃഷ്ണനാണ് പത്രാധിപര്‍. എന്നിട്ടും ചാനല്‍ ഉടമയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്നും സംഘികള്‍ക്കുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ നിലപാടെടുക്കുന്നു എന്നുമാണല്ലോ സിപിഎമ്മിന്റെ ആരോപണം. ഈ അവസ്ഥയില്‍, ഇന്ത്യവിഷന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ എന്ന ചിന്തയ്ക്ക് ഇവിടെ പ്രസക്തിയേറുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു പക്ഷേ വിഎസ് അച്യുതാനന്ദനോളമോ ഒരുപടി മുകളിലോ സ്വാധീനമുണ്ടായിരുന്ന എം.വി.രാഘവന്റെ മകന്‍ എം.വി.നികേഷ് കുമാര്‍ എന്ന മുന്‍ ഏഷ്യാനെറ്റ് ലേഖകനെ കേരളം കണ്ട ഏറ്റവും വലിയ സെലിബ്രിറ്റി ടിവി ജേര്‍ണലിസ്റ്റും പിന്നീട് ഇടതുപക്ഷ സ്വതന്ത്ര നിയമസഭാ സ്ഥാനാര്‍ത്ഥിയും വരെയാക്കിത്തീര്‍ത്ത ഇന്ത്യാവിഷന്‍. അതിന്റെ ഉടമയാകട്ടെ യുഡിഎഫിന്റെ അതിശക്തരായ സഖ്യകക്ഷിയായ മുസ്‌ളീം ലീഗിന്റെ പരമോന്നതനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിഎച്ച് മുഹമ്മദ് കോയയുടെ മകനും മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ.എം.കെ.മുനീര്‍ ആയിരുന്നു. എന്നു മാത്രമല്ല, ഇന്ത്യാവിഷന്‍ വാര്‍ത്താകേരളത്തില്‍ നിര്‍ണായക ശക്തിയായി ഉയരുന്നത് തന്നെ മുസ്‌ളീം ലീഗിലെ ഉന്നതശീര്‍ഷനായ മുന്‍ മന്ത്രിയും ഇപ്പോള്‍ എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ ഉയര്‍ന്നുവന്ന ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് ബ്രേക്ക് ചെയ്യുന്നതോടെയാണ്. ലീഗുകാര്‍ മാത്രമല്ല, ഐക്യമുന്നണി തന്നെ സ്വന്തം ചാനലായി കരുതിയിരുന്ന ഇന്ത്യവിഷനാണ് ലീഗിലെ പടലപ്പിണക്കത്തിന്റെ കൂടി ഫലമായി, മുനീറിന്റെ എതിര്‍ചേരിയില്‍ നിന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ ആ കേസ് ഏറ്റെടുക്കുന്നത്. ബഹുജനം പലവിധമെന്നപോലെ തന്നെ മാധ്യമങ്ങള്‍ക്കുമുണ്ട്. വിശകലനങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും കടന്നാല്‍ ആരോപണങ്ങള്‍ നടത്തുന്നവര്‍ക്കും ആരോപണ വിധേയര്‍ക്കുമുണ്ടാകും ഒരുപാട് പറയാന്‍. അതുകൊണ്ട് തന്നെ ഇരുഭാഗത്തെയും തട്ടുകള്‍ക്ക് ഒരേ താഴ്ചതന്നെയാണ്.

Tags
Show More

Related Articles

Back to top button
Close