INSIGHT

മായാമോഹിനി പ്രഭാവത്തില്‍ മുഖ്യന്റെ ഓഫീസ്

പണ്ട് പണ്ട് അങ്ങ് ഗ്രീസിലെ മഹാറാണിയായ ഹെലന്‍ ട്രോയിയിലെ രാജകുമാരനായ പാരീസിനൊപ്പം ചേര്‍ന്നപ്പോള്‍ ചരിത്രത്തിനും മിത്തിനും പാടിപ്പുകഴ്ത്താന്‍ ഒരു യുദ്ധകഥ കിട്ടി. യുദ്ധം ചെയ്ത ഒരു പക്ഷം പേരിനു പോലും ബാക്കിയാവാതെ തവിടുപൊടിയായപ്പോള്‍ മറുപക്ഷത്തിന് നഷ്ടം കനത്ത ആള്‍ നാശമായിരുന്നു. പക്ഷെ ഇതിനെല്ലാം കാരണക്കാരിയായ ഹെലനുമാത്രം യാതൊരു കുഴപ്പവുമുണ്ടായില്ലെന്നുമാത്രമല്ല വിശ്വമോഹിനി എന്ന് വീണ്ടും വാഴ്ത്തപ്പെടുകയും ചെയ്തു. കാലം വീണ്ടുമുരുണ്ടു. വിഷുവും വര്‍ഷവും മാത്രമല്ല രാജഭരണം തന്നെ മാറി. എന്നിട്ടും കഥകള്‍ ആവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സര്‍വ്വാധിപത്യം കൊടുത്ത് അരങ്ങൊഴിഞ്ഞ പദ്മനാഭ ദാസന്മാരുടെ മണ്ണായ അനന്തപുരിയാണ് പുതിയ കഥയുടെ ഭൂമിക.
മാറിമാറി ഭരിച്ച് കേരളത്തിന്റെയും തങ്ങളുടെയും മുഖഛായയെയും മാറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇടതു- വലത് പക്ഷക്കാരുടെ പ്രതിച്ഛായ മാറ്റാന്‍ അവതരിക്കാറുണ്ട് ഇടയ്ക്ക് ഓരോ മോഹിനീ വേഷങ്ങള്‍. സ്ഥാനഭ്രംശം ആത്മഹത്യയ്ക്കുതുല്യമാണെന്നു കരുതുന്ന ഇവര്‍ക്കിടയിലേക്കാണ് പണ്ടൊരു മറിയംറഷീദയും ഫൗസിയാ ഹസനും മോഹിനിവേഷത്തില്‍ കടന്നു വന്നതും സര്‍വ്വ സമ്മതനായ ലീഡര്‍ കെ കരുണാകരന്‍ തലയുംകുത്തിതാഴെ വീണതും. കഴിഞ്ഞതു കഴിഞ്ഞു ഒരബദ്ധം ഏത് കോണ്‍ഗ്രസിലെ ഉടയതമ്പുരാനും പറ്റും.

പക്ഷെ കോണ്‍ഗ്രസിന്റെ തലയില്‍ കണ്ടകശനിയുടെ അപഹാരം കടുത്തതു കൊണ്ടാകും സരിത കോട്ടയം വഴി തിരുവനന്തപുരത്തെത്തിയത്. അന്ന് നെറുകയില്‍ ഉദിച്ചു നിന്ന ശനി പോയപ്പോള്‍ കൂടെ ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ കൂടി കൊണ്ടുപോയി. സരിത കാരണം അന്ന് ഇടത്-വലത് നോക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചായകൊടുക്കാന്‍ വന്ന പയ്യന്‍ വരെ പഴവങ്ങാടിയില്‍ പോയി തേങ്ങ ഉടച്ചിണ്ടാകും . കാരണം ശനി വഴിമാറി ഏത് വഴിക്ക് വരുമെന്നറിയില്ലല്ലോ. അന്നത്തെ കഥ അവസാനിച്ചപ്പോള്‍ സരിത ജയിലിലും ഉമ്മച്ചനും സംഘവും ഇലക്ഷനില്‍ നല്ലരീതിയില്‍ തോറ്റ് വീട്ടിലുമായി. പ്രായമാണ് മുഖ്യന്റെ സീറ്റു തട്ടിത്തെറിപ്പിച്ചതെന്നോര്‍ത്ത് മടയിലൊതുങ്ങിയ വി. എസ് അച്ചുതാനന്ദന്‍ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാകും. അന്ന് മന്ത്രിയായിരുന്നെങ്കില്‍ ഇപ്പോള്‍ സരിത സീസണ്‍ രണ്ടിലും നിറഞ്ഞു നില്‍ക്കുമായിരുന്നു.
അനന്തപുരിയിലെ ഓഫീസ് ലീഡറിന്റെ കാലത്തുതന്നെ നോക്കിവച്ച കണ്ടകശനി ഇപ്പോള്‍ അവിടെ ചില സമരക്കാരെപ്പോലെ കുടികിടപ്പാണ്. ചില പ്രമുഖര്‍ അതുവഴി കടന്നു പോകുമ്പോള്‍ കൂടെ കൂടും. പണ്ടൊക്കെ രാഷ്ടീയക്കാരോടായിരുന്നു താല്‍പര്യം. ഇപ്പോള്‍ കാലത്തിനൊപ്പം ഫാഷനും മാറുന്നുണ്ടെന്നു തോന്നുന്നു.

പുതിയ ഈ പരിണാമത്തിന്റെ തുടക്കം കണ്ടുതുടങ്ങിയത് ശ്രീറാമിന്റെ വെങ്കിട്ടരാമന്‍ ഐഎഎസ് തലസ്ഥാനത്തെത്തിയപ്പോള്‍ മുതലാണ്. മൂന്നാര്‍ കേസില്‍ ഇടപെട്ട് കേരളം മുഴുവന്‍ ആരാധിക്കുന്ന കാലത്താണ് ശ്രീറാമിനെ മൂന്നാറില്‍ നിന്ന് അനന്തപുരിയിലേക്ക് എടുത്തെറിഞ്ഞത്. അവിടെ അടങ്ങി ഒതുങ്ങി കഴിയുന്ന ശ്രീറാമിനെ സ്ഥിരം നമ്പരില്‍ത്തന്നെ ശനി വീഴ്ത്തി. അങ്ങ് ദൂരെ ദുഫായില്‍ ഇരിക്കുന്ന വഫ ഫിറോസായിരുന്നു ഇത്തവണത്തെ ആയുധം. ഫെയ്‌സ് ബുക്കിലൂടെ നിരന്തരം പലപല സുന്ദരികളുടെ സന്ദേശങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ശ്രീറാമിന് വഫയോട് ചങ്ങാത്തം കൂടാന്‍ തോന്നിയത് ശനിയുടെ പണിയല്ലാതെ പിന്നെന്ത്? അത്യാവശ്യം മധുസേവയുള്ള ശ്രീക്ക് അല്ലെങ്കില്‍ അര്‍ദ്ധരാത്രിക്ക് വണ്ടിയോടിക്കാന്‍ വഫയെ വിളിക്കേണ്ട കാര്യമില്ലല്ലോ. വഴിയോരം ചേര്‍ന്നു സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകന്‍ മരിച്ചിട്ടും അത് കൃത്യമായി പുറം ലോകമറിഞ്ഞിട്ടും വഫയ്ക്കായി പാതിരാത്രിക്കു വിളിക്കാനും ആളുണ്ടായിരുന്നത്രെ. മാത്രമല്ല അന്ന് വഫയെ രക്ഷിക്കാന്‍ ഓടിനടന്നതു മുഴുവന്‍ ഉന്നതരായിരുന്നു. വഫയുടെ വേരുകള്‍ തേടിച്ചന്നവര്‍ക്കു കാണാന്‍ കഴിഞ്ഞത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായ ഒരു കൂട്ടം കൂട്ടുകാരെയും. ആദ്യം അല്‍പമൊക്കെ ചൂടുപിടിച്ചു നിന്നെങ്കിലും പിന്നീട് വഫ അന്തരീക്ഷത്തില്‍ അപ്രത്യക്ഷയായി നമ്മുടെ ശ്രീരാമനെ വീണ്ടും അരിയിട്ടു വാഴിക്കുകയും ചെയ്തു. പിന്നീട് നിപ്പ വന്നു, പ്രളയം സീസണ്‍ ഒന്നും രണ്ടും വന്നു, ഒടുവില്‍ കോവിഡും വന്നു. ശനി പെണ്‍ വിഷയം മാറ്റിപ്പിടിച്ചു എന്നോര്‍ത്തിരിക്കുമ്പോഴാ ദാ വരുന്നു അടുത്ത സ്വപ്‌ന സുന്ദരി. ഇരട്ടച്ചങ്കനായ പിണറായി സഖാവിനെ ശനിക്കുപോലും പേടിയാണെന്നോര്‍ത്തിരിക്കുമ്പോഴാണ് ഈ പണി. പക്ഷെ ഇടതും വലതുമൊന്നുമില്ല. സരിതാ കേസില്‍ പോയമാനം തിരികെപ്പിടിക്കാന്‍ തിരികെപ്പിടിക്കാന്‍ പരിശ്രമിക്കുന്ന ഉമ്മച്ചന്‍ പോലും പേടിച്ചിട്ട് പുതുപ്പള്ളി പുണ്യാളനോട് മുട്ടിപ്പായി പ്രാര്‍ത്ഥനയാണ്. പ്രശ്‌നം രൂക്ഷമായപ്പോള്‍ തന്റെ എല്ലാമെല്ലാമായ ശിവശങ്കറിനെപ്പോലും ഉപേക്ഷിച്ചു. വഫയെപ്പോലെ ഇനി എന്നാണോ ആ സ്വപ്‌നസുന്ദരിയും ശൂന്യതയില്‍ മറയുക.

വിവാദം വരുമ്പോള്‍ ഇപ്പാള്‍ രാഷ്ടീയക്കാര്‍ക്കുമാത്രമല്ല ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ളില്‍ തീയാണ്. എല്ലാക്കാലത്തും എങ്ങനെയാണ് മുഖ്യന്റെ ഓഫീസിലും ചുറ്റുവട്ടത്തും ഈ മോഹിനിമാര്‍ കയറിക്കൂടുന്നതമോും വന്നപോലെ തലയൂരി ഒരു സുപ്രഭാതത്തില്‍ മറയുന്നതും? എന്നാലും ഈ കണ്ടകശനി ഒരു സംഭവം തന്നെയാണ്. ഒരേ ആയുധം ഇത്രയും കാലം പ്രയോഗിച്ചിട്ടും അതെല്ലാം കൃത്യമായി കൊള്ളുന്നുണ്ടല്ലോ. ഇപ്പോഴും ഒരു സംശയം കൂടി ബാക്കി ഇത്രയൊക്കെ അനുഭവിച്ചിട്ടും എന്തിനാണ് ഈ ശനിയുടെ ഈ മായാമോഹിനി പ്രയോഗത്തില്‍ വീണുപോകുന്നത്? ഈ കോവിഡിനിടയ്ക്കുള്ള ശനിയുടെ പണി ശരിക്കും കടുത്തെന്നു പറയാതെ വയ്യ.

Tags
Show More

Related Articles

Back to top button
Close