INSIGHTTop News

മാറുന്ന വിദ്യാഭ്യാസം : മാറുന്ന നയങ്ങൾ

പ്രസാദ് നാരായണൻ

വിദ്യാഭ്യാസരംഗത്തെ സമഗ്രമായി ഉടച്ചുവാര്‍ക്കാനുള്ള ദേശീയവിദ്യാഭ്യാസ പദ്ധതി 2019 കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ഇന്ത്യയിലെ വിദ്യാഭ്യാസ നയത്തില്‍ കാതലായ മാറ്റം വരും. നികുതി ഏകീകരണം, നോട്ട് നിരോധനം, ദേശീയ പൗരത്വ ബില്‍ എന്നിവയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയില്‍ അടിമുടി മാറ്റം വരുന്ന ദേശീയ വിദ്യാഭ്യാസ നയം ബിജെപി കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി പ്രീ പ്രൈമറിതലം മുതലുള്ള വിഭാഗത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയും ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ശ്രേണിയെ ഒരു ക്ലസ്റ്റര്‍ ആയി പരിഗണിച്ചു കൊണ്ടും സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമൂലമായി പരിഷ്‌കരിക്കുന്നു. കോളേജ് തലത്തില്‍ ഡിഗ്രി വിദ്യാഭ്യാസം നാലുവര്‍ഷം ആക്കിയും തൊഴിലിനും റിസേര്‍ച്ചും പ്രാമുഖ്യം നല്‍കി കോളേജ് തലത്തിലെ വിദ്യാഭ്യാസത്തെ മാറ്റുമ്പോള്‍ പുതിയ വിദ്യാഭ്യാസം മുന്നോട്ടുവയ്ക്കുന്ന ആശയം ദേശീയ കരിക്കുലത്തിനൊപ്പം പ്രാദേശിക അഭിരുചിയും എന്നതാണ്. ആശയതലത്തില്‍ ഇന്ത്യയുടെ ഏകതയ്ക്കും പുരോഗമനത്തിനും ഉതകുന്ന ഒരു ദേശീയ വിദ്യാഭ്യാസ പദ്ധതിയായാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെങ്കിലും ഇന്ത്യയുടെ ബഹുസ്വരതയ്ക്കും സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിലുള്ള അവകാശങ്ങള്‍ക്കും എതിരാണ് പുതിയ നയം എന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ദേശീയതയുടെ മറവില്‍ രാഷ്ട്രീയ അജണ്ടയാണ് ഒളിച്ചു കടത്തപ്പെട്ടതെന്ന വിമര്‍ശനവും ഇതോടൊപ്പമുണ്ട് .എന്നാല്‍ അടുത്ത നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്താന്‍ ഉള്ള പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം എന്നും ബിജെപി കേന്ദ്രങ്ങള്‍ മാറുവാദവും ഉയര്‍ത്തുന്നുണ്ട്.

കോത്താരിയില്‍ തുടങ്ങി അരനൂറ്റാണ്ടിന്റെ ചരിത്രം

ദൗലത്ത് സിംഗ് കോത്താരി

ഇത്തരം മാറ്റങ്ങള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മറിച്ച് അതിന് 56 വര്‍ഷത്തെ ചരിത്രമുണ്ട് സ്വാതന്ത്ര്യാനന്തരം നടന്ന വിവിധ അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മൂല്യങ്ങള്‍ക്ക് കരുത്തു പകരുന്ന തരത്തില്‍ വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തുകയും അതിലൂടെ നവഭാരത സങ്കല്‍പ്പം നടപ്പില്‍ വരുത്തുകയും വേണം എന്ന ആവശ്യത്തില്‍ നിന്നുമാണ് 1964 രൂപീകൃതമായ ആദ്യ വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍ വന്നത്. അന്ന് അതിന്റെ ചെയര്‍മാന്‍ ആയി നിയോഗിക്കപ്പെട്ടത് യുജിസി ചെയര്‍മാന്‍ ആയിരുന്ന ദൗലത്ത് സിംഗ് കോത്താരി ആയിരുന്നു. രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 1966-ലാണ് കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നെയും രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് 1968 കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ ആദ്യ അംഗീകൃത വിദ്യാഭ്യാസ നയം ആയി മാറിയത് കോത്താരി കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്ന് നാം കാണുന്ന ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാഭ്യാസ ശ്രേണി ഇന്ത്യയില്‍ വ്യാപകമായി നടപ്പിലാക്കുന്നത്. രാജ്യം വിഭാവനം ചെയ്യുന്ന നവഭാരത് സങ്കല്‍പ്പത്തിന് വേണ്ട മാറ്റങ്ങള്‍ കരിക്കുലത്തിലും പെഡഗോഗിയിലും വരുത്തണമെന്നും അവയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കും കോത്താരി കമ്മീഷന്‍ വിശദമായി പ്രതിപാദിച്ചിരുന്നു . എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി വരുത്തിയ ഭരണഘടന ഭേദഗതിയുടെ ഭാഗമായാണ് വിദ്യാഭ്യാസം കേന്ദ്രത്തിന് കൂടി അവകാശമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വന്നത്. ഈ മാറ്റത്തിലൂടെ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് ഫലപ്രദമായി നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ ഇടപെടലിലൂടെ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് ഇന്ദിരാഗാന്ധി അന്ന് പറഞ്ഞിരുന്നത്.

നവോദയത്തിന്റെ നാള്‍വഴികള്‍
ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി 1986ല്‍ ആചാര്യ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പുതുക്കിയ വിദ്യാഭ്യാസ രേഖ ദേശീയ വിദ്യാഭ്യാസനയമായി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതികവിദ്യക്ക് പ്രാമുഖ്യം നല്‍കുന്ന സ്ഥാപനങ്ങളും നവോദയവിദ്യാലയങ്ങളും ഇന്ത്യയില്‍ വ്യാപകമായത്. ഈ നയത്തിന്റെ ഭാഗമായി ദേശീയ കരിക്കുലം ചട്ടക്കൂട് രൂപീകരണവുമായി ബന്ധപ്പെട്ടു ഒട്ടനവധി ചര്‍ച്ചകള്‍ നടക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 1992ലെ നയരേഖ രൂപീകരണത്തില്‍ നവോദയ വിദ്യാലയങ്ങള്‍ ഇനി പുതിയതായി തുടങ്ങേണ്ടതില്ല എന്നു തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയരേഖ ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. മറിച്ച് 2000ത്തില്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ തുടര്‍ച്ചയാണ്. അന്ന് തന്നെ ഒട്ടനവധി വിമര്‍ശനങ്ങള്‍ ഈ നാഷനല്‍ കരിക്കുലം ഫ്രെയിം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പിന്നാലെ വന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ , വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ തള്ളി.

കസ്തൂരിരംഗന്റെ പരിഷ്‌കരണങ്ങള്‍
2014ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുമ്പോള്‍ വീണ്ടും ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും എന്നു തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ടിഎസ്ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വിദ്യഭ്യാസമേഖലയിലെ പരിഷ്‌കരണത്തിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി 2016ല്‍ ദേശീയ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കരടുരേഖ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ആ രേഖയെ ഒരു സമഗ്ര വിദ്യഭ്യാസനയമാക്കി മാറ്റുന്ന ദൗത്യം സര്‍ക്കാര്‍ ഏല്‍പ്പിച്ചത് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൂടിയായ കസ്തൂരിരംഗന്‍ ചെയര്‍മാനായ സമിതിയെയാണ്. ആ സമിതിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ ഇപ്പോള്‍ അംഗീകരിച്ചത്. ഇതോടെ ദേശീയതലത്തില്‍ സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷനു പകരമായി പ്രധാനമന്ത്രി തലവനായ രാഷ്ട്രീയ ശിക്ഷായോഗ് നിലവില്‍ വരും. ഇതുമൂലം സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിലുള്ള നയപരമായ ഇടപെടല്‍ സാധ്യതകുറയും. ഫലത്തില്‍ കേന്ദ്രത്തിന്റെ നയപരമായ തീരുമാനങ്ങള്‍ സംസ്ഥാനവിദ്യഭ്യാസത്തില്‍ കൂടി പ്രതിഫലിക്കും .

Tags
Show More

Related Articles

Back to top button
Close