മാറ്റങ്ങളും വികസനവും വാഗ്ദാനം ചെയ്ത് മൂന്നാം മൂന്നണിയായി ജനവിധി തേടി മക്കള്‍ നീതി മയ്യം

ചെന്നൈ: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുന്ന തമിഴ്നാട്ടില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ കമല്‍ ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കും.സംസ്ഥാനത്ത് മാറ്റങ്ങളും വികസനവും കൊണ്ടുവരും എന്നാണ് വാഗ്ദാനം. ഓള് ഇന്ത്യാ സമതുവ മക്കള്‍ കക്ഷി (എഐഎസ്എംകെ), ഇന്ത്യാ ജനനായക കക്ഷി (ഐജെകെ) എന്നിവര്‍ക്കൊപ്പം മൂന്നാം മൂന്നണിയായിട്ടാകും മക്കള്‍ നീതി മയ്യം മത്സരിക്കുക.
മൊത്തം 234 സീറ്റില്‍ 154 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമ്പോള്‍ 40 സീറ്റുകളില്‍ വീതം എഐഎസ്എംകെയും ഐജെകെയും മത്സരിക്കും. കമല്‍ഹാസനാകും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തേ എഐഎസ്എംകെ സ്ഥാപകന്‍ ശരത്കുമാര് പ്രഖ്യാപിച്ചിരുന്നു. അതിനിടയില്‍ അസാസുദ്ദീന്‍ ഒവൈസിയുടെ ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദ് ഉള് മുസല്‍മീന്‍(എഐഎംഐഎം) ടിടിവി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകവു(എഎംഎംകെ)മായി സഖ്യമുണ്ടാക്കി.
വനിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നിവിടങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കും.അതിനിടയില്‍ ഭരിക്കുന്ന ഓള്‍ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) പട്ടാളി മക്കള്‍ കക്ഷി (പിഎംകെ)യുമായി കഴിഞ്ഞയാഴ്ച കൈ കൊടുത്തു. എന്നാല്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മൂര്‍പോക്കു ദ്രാവിഡ് കഴക (ഡിഎംഡികെ)വുമായി ഉടമ്പടിയില്‍ എത്താനായിട്ടില്ല. അതേസമയം സര്‍വേകളെല്ലാം ഡിഎംകെയും കോണ്‍ഗ്രസും കൈകോര്‍ക്കുന്ന യുപിഎ അധികാരത്തില്‍ എത്താനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഡിഎംകെ 180 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് വെറും 25 സീറ്റിലാണ് മത്സരിക്കുന്നത്.