ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്സ് ഇന്ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തുണ്ട്. നടപടി വൈകിയാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി.
അതേസമയം ഡോ. രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദിവസവും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ജോലി രാജിവയ്ക്കുമെന്നു സൂചിപ്പിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയെങ്കിലും ഡോ. രാഹുൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് അവധിയിൽ പോയി.