INDIATrending

മാവോയിസ്റ്റ് നേതാവ് ഗണപതി പൊലീസിന് കീഴടങ്ങിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: സിപിഐ മാവോയിസ്റ്റ് നേതാവ് മുപ്പാള ലക്ഷ്മണ റാവു എന്ന ഗണപതി പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഛത്തീസ്ഗഢ്, തെലങ്കാന പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 28ന് ഗണപതി ഛത്തീസ്ഗഢിലെ അബുദ്ജമാദ് കാട്ടില്‍ നിന്നും തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് 1.50 കോടി രൂപയാണ് റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നിരുന്നത്. എഴുപത്തിനാലുകാരനായ ഗണപതിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആസ്ത്മ, പ്രമേഹം, സന്ധി വേദന തുടങ്ങിയ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടായിരിക്കാം ഇപ്പോള്‍ ഗണപതി കീഴടങ്ങാന്‍ കാരണം എന്നാണ് ഛത്തീസ്ഗഢ് പൊലീസ് പറയുന്നത്.

സിപിഐ മാവോയിസ്റ്റ് നേതൃസ്ഥാനത്ത് നിന്ന് ഗണപതി കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബസവ് രാജു ആ സ്ഥാനം ഏറ്റെടുത്തു.കീഴടങ്ങുന്ന കാര്യം ഒരു പ്രമുഖ ടിആര്‍എസ് നേതാവ് വഴിയാണ് ഗണപതി പൊലീസിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുമായി അടുത്ത് ബന്ധമുള്ളവരുടെ സൂചനകള്‍ പ്രകാരം ഇപ്പോഴുള്ള നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഗണപതിക്കുണ്ട്.

നേതൃസ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും ഗണിപതി ഇപ്പോഴും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമാണ്.1993ല്‍ അറസ്റ്റിലായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കൊണ്ടപ്പള്ളി സീതാരമയ്യയുടെ അടുത്ത അനുയായി ആയിരുന്നു ഗണപതി. 2004ല്‍ സിപിഐ എംഎല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ചുകൊണ്ട് സിപിഐ മാവോയിസ്റ്റ് ഉണ്ടാക്കുവാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണ് ഗണപതി.

Tags
Show More

Related Articles

Back to top button
Close