INDIANEWS

മാസ്ക് ഇല്ലാതെ യാത്ര ചെയ്തത് തടഞ്ഞ തമിഴ്‍നാട് പൊലീസിനെ കയ്യേറ്റം ചെയ്ത് ഡിഎംകെ പ്രവർത്തകരും അഭിഭാഷകയും; ഇരു കൂട്ടർക്കും നേരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്റ്റാലിൻ

ചെന്നൈ: മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് തമിഴ്നാട്ടില്‍ പൊലീസിന് നേരെ കയ്യേറ്റം. കോയമ്പത്തൂരിൽ മാസ്ക് ഇല്ലാതെ കൂട്ടം കൂടിയ ഡിഎംകെ പ്രവർത്തകരെ ശാസിച്ച പൊലീസിനും കോര്‍പ്പറേഷന്‍ ജീവനക്കാർക്കുംആക്രമണം നേരിടേണ്ടി വന്നപ്പോൾ ചെന്നൈയില്‍ അഭിഭാഷകയാണ് പൊലീസിന് നേരെ ഭീഷണിയും കയ്യേറ്റവും നടത്തിയത്.

കോയമ്പത്തൂരില്‍ ഡിഎംകെ ഓഫീസിന് മുന്നില്‍ മാസ്ക്ക് ഇല്ലാതെ കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ ശകാരിക്കാന്‍ ശ്രമിച്ച പൊലീസിനും കോര്‍പ്പറേഷന്‍ ജീവനക്കാർക്കുമാണ് പ്രവര്‍ത്തകരിൽ നിന്ന് മർദ്ദനമേറ്റത്. രണ്ട് പൊലീസുകാര്‍ക്ക് കോര്‍പ്പറേഷന്‍ ജീവനക്കാരനും അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.

ചെന്നൈ ചേട്ട്പേട്ട് സിഗ്നലില്‍ വച്ച് അഭിഭാഷകയും മകളും സഞ്ചരിച്ച വാഹനം തടഞ്ഞ പോലീസ് യാത്രോദ്ദേശ്യം ചോദിക്കുകയും മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അടിയന്തര ആവശ്യത്തിനാണോ യാത്ര എന്ന് ചോദിച്ചപ്പോൾ ഞയറാഴ്ചയായത് കൊണ്ട് മറീനയില്‍ മീന്‍ വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞ ഇവരോട് പോലീസ് യാത്രകൾ അടിയന്തര സാഹചര്യത്തിൽ മാത്രം മതിയെന്നും മാസ്ക് ധരിക്കണമെന്നും പറയുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. എന്നാൽ തുടർന്നുണ്ടായ ബഹളത്തിൽ ഇവർ പോലീസിനെ ഉന്നതസ്വാധീനമുണ്ടെന്ന് പറഞ്ഞ് ഭീഷണിപെടുത്തുകയും മൊബൈൽ നശിപ്പിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയും ചെയ്തു.

വാഹനം കസ്റ്റഡിയിലെടുത്ത് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ തുനിഞ്ഞെങ്കിലും മുകളിൽ നിന്ന് വിളി വന്നതോടെ വിട്ടയക്കേണ്ടി വരികയായിരുന്നു. ഇവർക്കെതിരെ ശക്തമായ വകുപ്പുകളില്‍ കേസ് എടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവങ്ങളിൽ തമിഴ്നാട് പൊലീസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നടപടിക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close