KERALANEWS

മാർത്തോമ സഭയുടെ പരമാധ്യക്ഷനായി തെയഡോഷ്യസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്‍ക്കും

തിരുവല്ല:മാർത്തോമ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് തെയഡോഷ്യസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതല ഏല്‍ക്കും. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീന്‍ സെന്‍ററില്‍ പിന്‍ഗാമിയായ അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ വിവിധ മത-സാമുദായിക നേതാക്കള്‍ പങ്കെടുക്കും.

മലങ്കര മാർത്തോമ സുറിയാനി സഭയുടെ 22ആമത് പരമാധ്യക്ഷനായാണ് ഡോ. ഗീവർഗീസ് തിയഡോഷ്യസ് മെത്രാപ്പൊലീത്ത ഇന്ന് സ്ഥാനമേല്‍ക്കുന്നത്. അഷ്ടമുടി കായലോരത്ത് ജനിച്ച് വളർന്ന അദ്ദേഹം അനുഭവങ്ങളുടെയും അറിവിന്‍റെയും ഉദാത്ത ജീവിത ദർശനങ്ങള്‍ പേറിയാണ് സഭയുടെ പരമാധ്യക്ഷ പദവിയിലേക്കുയരുന്നത്. ഇന്ത്യയെമ്പാടും സഭയുടെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം വൈദിക വൃത്തിയിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന്‍റെ അഭിമാനമായി മാറി.

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായും ബദിയടുക്കയില്‍ ബധിര വിദ്യാർത്ഥികള്‍ക്കായും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം പുരോഗമന ചിന്താഗതികള്‍ കൊണ്ടും ഏറെ ശ്രദ്ധനേടി. അന്തരിച്ച ജോസഫ് മെത്രാപ്പൊലീത്ത പിന്‍ഗാമിയായി പ്രവർത്തിച്ച അദ്ദേഹം സഫ്രഗണ്‍ മെത്രാപ്പൊലീത്തയായി സഭാ പ്രവർത്തനങ്ങള്‍ മുന്നില്‍ നിന്നു നയിച്ചു.

13 വർഷങ്ങള്‍ക്ക് ശേഷം നടക്കുന്ന സഭയുടെ പുതിയ പരമാധ്യക്ഷന്‍റെ സ്ഥാനാരോഹണം തിരുവല്ലിലെ സഭാ ആസ്ഥാനമായ പുലാത്തിന് സെന്‍ററിലാണ് നടക്കുക. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന പ്രത്യേക പ്രാർത്ഥനകള്‍ക്ക് ശേഷം രാവിലെ 11 മണിയോടെയാവും സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ സമൂഹത്തിന്‍റെ നാനതുറകളില്‍ നിന്നുള്ളവർ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close