INSIGHTNEWS

‘മികച്ച ഡാറ്റ,മികവുറ്റ ജീവിതം ‘മുദ്രാവാക്യവുമായി ലോക സ്റ്റാറ്റിസ്റ്റിക്‌സ് ദിനം

പ്രകൃതിവിഭവങ്ങളൂം സമ്പത്തും എല്ലാ ജനങ്ങളിലേക്കും വിതരണം ചെയ്യപ്പെടാനുള്ള അവസരങ്ങളുണ്ടാവുകയെന്നതും ജീവിതസാഹചര്യങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ കുറച്ചുകൊണ്ടുവരിക എന്നതും സാമൂഹിക വികസനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.പക്ഷെ ചൂഷണബന്ധിതമായ ഇക്കാലത്തു അതെത്രമാത്രം സാധ്യമാണെന്നതാണ് കാതലായ പ്രശ്നം.സാമൂഹിക വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭപോലുള്ള വേദികളും മറ്റു സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിതര ഏജന്‍സികളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.ദാരിദ്ര്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ യു.എന്‍.ഡി.പി പദ്ധതി,മില്ലേനിയം ഡെവലപ്മെന്റ് ഗോള്‍ തുടങ്ങിയവ നടപ്പാക്കുമ്പോള്‍ അവസരസമത്വം മുഖ്യചര്‍ച്ചാ വിഷയമാണ്.ഇത്തരം പരിപാടികളുടെ രൂപ കല്‍പ്പനയില്‍ ഏറ്റവും പ്രയാസം നേരിടുന്ന കാര്യം കാര്യക്ഷമമായ വിവരശേഖരണത്തിന്റെ അപര്യാപ്തതയും ഈ രംഗത്ത് വിവിധ രാജ്യങ്ങള്‍ ഏകമാന സ്വഭാവത്തിലല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതുമാണ്.ഇത് വിവിധ രാജ്യങ്ങളെ, വികസനത്തിന്റെ വിഷയത്തില്‍ പരസ്പരം താരതമ്യം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.വിവിധ രാജ്യങ്ങളിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ ‘സ്റ്റാറ്റിസ്റ്റിക്സ് ‘ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 20ന്് ലോക സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആചരിക്കുന്നത്.ഇങ്ങനെ ആചരിക്കുന്നതിന്റെ ഭാഗമായി ലോകത്തുള്ള വിവിധ രാജ്യങ്ങള്‍ വേള്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡേ ആയി കൊണ്ടാടുകയാണ്.

ലോകം മുഴുവന്‍ തന്നെ ഡെമോക്രസിയില്‍ നിന്ന് ഡാറ്റക്രസിയിലോട്ടു മാറികൊണ്ടിരിക്കുമ്പോള്‍ ഈ ദിനാചരണത്തിന് പ്രസക്തി വര്‍ധിക്കുന്നു.മികച്ച ഡാറ്റ,മികവുറ്റ ജീവിതം എന്ന മുദ്രാവാക്യമാണ് ഈ ദിനം മുന്നോട്ടു വെയ്ക്കുന്നത്.സ്ഥിതിവിവരണങ്ങള്‍ക്കു എന്നത്തേക്കാളേറെ പ്രാധാന്യമുള്ള ഇക്കാലത്തു ഏറ്റവും മികച്ച വസ്തുക്കള്‍ ലഭ്യമാക്കുവാന്‍ നമ്മുടെ രാഷ്ട്രത്തെ പ്രാപ്തമാക്കേണ്ടത് അനിവാര്യമാണ്.കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ പദ്ധതികള്‍ രൂപവത്ക്കരണ പ്രക്രിയയില്‍ സ്ഥിതിവിവര ശാസ്ത്രത്തിന്റെ ഗുണവശങ്ങളെ ഉപയോഗപ്പെടുത്തുവാനും അതുമുഖേന എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുവാനും സാധ്യമാവേണ്ടതുണ്ട്.സമ്പത്തു ചുരുക്കം ചിലരില്‍ കുമിഞ്ഞുകൂടാതെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കുവേണ്ടി ഗുണപ്രദമാവുംവിധം ഉപയോഗപ്പെടുത്തുവാനുള്ള ആസൂത്രണമാണ് ശരിയായ വികസന സങ്കല്പം.ഇതിലേക്ക് സര്‍ക്കാര്‍ ഏജന്‍സികളെ ആകര്‍ഷിക്കുക എന്നത് ഈ ദിനാചരണത്തിന്റെ മുഖ്യലക്ഷ്യമാണ്.

ലോകത്തോട് മറ്റേതു വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം പ്രൊഫ്.പി സി മഹാലനോബിസ്ഇന്റെ ശ്രമഫലമായി നമ്മുടെ രാജ്യത്തു ഉണ്ടായിവന്നട്ടുണ്ടെങ്കിലും അതുപയോഗിച്ചു രാജ്യത്തെ ദുര്‍ബലവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല.സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, നാഷനല്‍ സാമ്പ്ള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ ,ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.
ജനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ തിങ്കിങ് വളര്‍ത്തിയെടുക്കുക എന്നതാണ് ഇത്തരം ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം.കേവലമൊരു അക്കാഡമിക് പഠനവിഷയം എന്നതില്‍ സ്റ്റാറ്റിസ്റ്റിക്സില്‍ എല്ലാവര്‍ക്കും ഒരു മിനിമം സാക്ഷരതാ ഉണ്ടാക്കിയെടുക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.പത്ര-ദൃശ്യ-മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ മാത്രമേ ഈ ലക്ഷ്യം നേടുവാന്‍ സാധ്യമാവുകയുള്ളൂ.ഇന്ത്യ പോലുള്ള വൈവിധ്യങ്ങളുടെ രാജ്യത്തു വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ ശരിയായ വസ്തുതകളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുവാനും ശെരിയായ നിലപാട് സ്വീകരിക്കുവാനും വേണ്ടുന്ന സാമാന്യ ശാസ്ത്ര ബോധം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇതിലൂടെ സാധ്യമാവും.ഭാരതത്തിന്റെ സന്തതിയായ ഗണിത ശാസ്ത്രജ്ഞനായിരുന്നു പി സി മഹാല നോബിസ് എന്നറിയപ്പെട്ട പ്രഫുല്ല ചന്ദ്ര മഹാലനോ ബിസ്. ഇന്ത്യുടെ ഘനവ്യവസായ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ട് രണ്ടാം പഞ്ചവത്സര പദ്ധതി (1956-61). ഉണ്ടാക്കിയ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യ ക്ഷന്‍ , സ്ടാറ്റിസ്റ്റിക്സില്‍ മഹാലനബിസ് ദൂരം എന്ന റിയപ്പെടുന്ന മാപകത്തിന്റെ ഉപജ്ഞാതാവ് എന്നിങ്ങനെ അറിയപ്പെടുന്നു.. കല്ക്ക ത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്റ്റിട്ട്യുറ്റ് സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.

മഹലനോബിസിന്റെ സഹപ്രവര്‍ത്തകരില്‍ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡന്‍സി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ലബോറട്ടറിയില്‍ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബര്‍ 17-ന് പ്രമഥനാഥ് ബാനര്‍ജി (പ്രഫ.ധനതത്വശാസ്ത്രം), നിഖില്‍ നജ്ജന്‍ സെന് (പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സര്‍. ആര്‍. എന്‍. മുഖര്‍ജി എന്നിവരുമായിച്ചേര്‍ന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രില്‍ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം പ്രകാരം രജിസ്റ്റര്‍ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡന്‍സി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വര്‍ഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവര്‍ത്തകരായ എസ്.എസ്. ബോസ്, ജെ.എം. സെന്‍ഗുപ്ത, ആര്‍.സി. ബോസ്, എസ്.എന്‍. റോയ്, കെ.ആര്‍. നായര്‍, ആര്‍.ആര്‍. ബഹാദുര്‍, ജി. കല്യാണ്‍പുര്‍, ഡി.ബി. ലാഹിരി തുടങ്ങിയവര്‍ ഇതിന്റെ വളര്‍ച്ചയ്ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്തിരുന്നു . പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബര്‍ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.പിന്നീട് 1938-ല്‍ ഇന്‍സ്റ്റിറ്റിയുട്ട് പരിശീലനം നല്‍കാന്‍ ആരംഭിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന പലരും ഇന്‍സ്റ്റിറ്റിയുട്ട് വിടുകയും അവരില്‍ ചിലര്‍ അമേരിക്കയിലേക്കും, ചിലര്‍ ഭാരതസര്‍ക്കാരിന്റെ മറ്റ് ജോലികള്‍ക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാല്‍ഡേനെ ഇന്‍സ്റ്റിറ്റിയുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതല്‍ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. എന്നിരുന്നാലും ബയോമെട്രിക്സില്‍ ഹാല്‍ഡേന്‍ നല്‍കിയ സംഭാവകള്‍ ഇന്‍സ്റ്റിറ്റിയുട്ടിന്റെ വളര്‍ച്ചയെ സഹായിച്ചു..പിന്നീട് 1959-ല്‍ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സര്‍വ്വകലാശാലയായും ഉയര്‍ത്തപ്പെട്ടു.
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിര്‍ണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിര്‍ണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിര്‍ണ്ണയങ്ങള്‍ 1937 മുതല്‍ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു.രണ്ടുതരം ടാറ്റ തമ്മില്‍ താരതമ്യം ചെയ്യുന്നതിന് അദ്ദേഹം ഒരു മാപന ഘടകം (distance measure )പുതിയതായി കണ്ടെത്തി.ഇത് പിന്നീട് മഹലനോബിസ് മാപകം എന്ന് അറിയപ്പെട്ടു.വന്‍തോതില്‍ സ്ഥിതിവിവരണകണക്കുകള്‍ ശേഖരിക്കുന്നതിന് സാമ്പിള്‍ സര്‍വ്വേ നടത്തുന്ന രീതികള്‍ അദ്ദേഹം ക്രോഡീകരിച്ചു.ഇങ്ങനെ കിട്ടുന്ന കണക്കുകള്‍ രാഷ്ട്ര പുനര്നിര്മ്മിതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്നും അദ്ദേഹം കണ്ടെത്തി.സാധാരണ ലക്ഷക്കണക്കിനുള്ള ജനസംഖ്യയില്‍ നിന്ന് കുറച്ചു മാതൃകകള്‍ മാത്രം എടുത്തു സര്‍വ്വേ നടത്തുന്ന രീതി അദ്ദേഹം പ്രാവര്‍ത്തികമാക്കി.
ഇതില്‍ ഉപഭോക്തൃചെലവുകള്‍, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഉള്‍പെട്ടിരുന്നത്. ഹരോള്‍ഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:’പ്രൊഫസ്സര്‍ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കന്‍ ഐക്യനാടുകള്‍ പോലുള്ള വികസിത രാഷ്ട്രങ്ങളില്‍ പോലും എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല’.അതുപോലെ തന്നെ സര്‍. റൊണാള്‍ഡ് എയ്മര്‍ ഫിഷര്‍ അഭിപ്രായപ്പെടുന്നതിങ്ങനെ:’ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിര്‍ണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിര്‍ണ്ണയത്തിന്റെ യഥാര്‍ത്ഥ വികസനത്തിന് മുന്‍കൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്’. വിളവുത്പാദനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളില്‍ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാന്‍സെ എന്നിവര്‍ ഭാരതീയ കാര്‍ഷിക ഗവേഷണ ഉപദേശകസമിതി, ഭാരതീയ കാര്‍ഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിര്‍ണ്ണയ സമ്പ്രദായം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാര്‍ഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു. പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികള്‍ക്ക് വളരെയേറെ സംഭാവനകള്‍ നല്‍കി.

രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ ‘ഇന്‍പുട്ട്-ഔട്ട്പുട്ട് മാതൃക’യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ ‘മഹലനോബിസ് മാതൃക’യും രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവര്‍ത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവില്‍ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിര്‍വ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുന്‍പുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകള്‍ തിരുത്തി അത് ഡാനിയല്‍ തോര്‍ണറെ ഏല്പ്പിക്കുകയും ചെയ്തു.മഹലനോബിസിന് കൃഷിയോടുണ്‍ടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി എന്ന നിലയില്‍ ടാഗോര്‍ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഒരു അദ്ധ്യാപകന്‍ എന്ന നിലയിലും കുറച്ചു കാലം പ്രവര്‍ത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷണ്‍ അദ്ദേഹത്തിനു ലഭിച്ചു.രാഷ്ട്രത്തിന്റെ വികസന മേഖലയില്‍ ആസൂത്രണങ്ങളും പദ്ധതി രൂപീകരണത്തിനും സ്ഥിതിഗണിതത്തിന്റെ വ്യക്തത അത്യാവശ്യമാണ്.ഒരു രാഷ്ട്രത്തിലെ മനുഷ്യ വിഭവം,ഉല്‍പ്പാദന മേഖലകള്‍,വിപണി സാദ്ധ്യതകള്‍,പ്രകൃതി,കാലാവസ്ഥ എന്നിവയൊക്കെ അടിസ്ഥാന ആശയങ്ങളായി മാറും.രാഷ്ട്ര വികസന പ്രക്രിയയിലേക്കു കടന്നുപോകുവാന്‍ കണക്കെടുപ്പുകള്‍ സഹായകമാവുന്നു.വിഭവങ്ങളെയും സാമൂഹിക സാമ്പത്തിക ഘടകങ്ങളെയും പരിശോധിക്കുമ്പോള്‍ സങ്കേതങ്ങള്‍ ഭൂതകാല വിവരങ്ങള്‍ എന്നിവ വ്യക്തമായി ക്രോഡീകരിക്കേണ്ടിവരും.അത്തരം ആശയങ്ങളും ധാരണകളും ഭാവിയിലേക്കുള്ള ദിശാസൂചകങ്ങളായി മാറുകയും ചെയ്യാം.ഓരോ രാജ്യത്തേയും അഭിവൃദ്ധയിയെയും ഐശ്വര്യത്തേയും കണക്കിലെടുത്തുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനകരവും ഗുണമേന്മയുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ കടമയാണ്.ഫലവിഭവ ശേഷിയും സാമ്പത്തിക ഘടനയും രാഷ്ട്രങ്ങളില്‍ വ്യത്യസ്തമാണ്.വികസിത രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും ഒരുപോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് തെറ്റാണ്.ആഗോളവിപണിയുടെ സ്വപ്നങ്ങളല്ല ദരിദ്ര രാഷ്ട്രങ്ങളുടെ സങ്കല്പങ്ങള്‍ സ്വന്തം രഷ്ട്രത്തിലെ വിഭവ ശേഷികള്‍ വളര്‍ത്തുകയും ഉല്‍പ്പാദന മേഖലകളില്‍ വര്‍ദ്ധനവ് സൃഷ്ടിക്കുകയും ചെയ്യുകയാണ് പുരോഗതിയിലേക്കു നയിക്കേണ്ട രാജ്യങ്ങളുടെ കടമ.അല്ലാത്തവയൊക്കെ വികലമായ വികസന കാഴ്ചപ്പാടുകള്‍ ആസൂത്രണ പദ്ധതികളില്‍ കടന്നുവരും.പൊതുവിവര ശേഖരണം സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാന ശിലയാണ്.ഇന്ത്യയിലെ സെന്‍സസ് പത്തുവര്ഷത്തിലൊരിക്കല്‍ ആണ് കണക്കെടുപ്പ് നടത്തുന്നത് രാഷ്ട്രത്തിന്റെ പൊതു വിഭവങ്ങള്‍,ജനസംഖ്യ വിദ്യാഭ്യാസ നിലവാരം,സാമ്പത്തിക അവസ്ഥ,തൊഴില്‍ വിവരണങ്ങള്,രോഗികള്‍,ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍,എല്ലാം സെന്‍സസില്‍ തയ്യാറാക്കപ്പെടുന്നു.അവ ക്രോഡീകരിച്ചാണ് രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥയും പോരായ്മകളും കണ്ടെത്തുന്നതു.രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിയിലേക്കു ദിശാബോധം നല്‍കുന്നവയാണ് ഇത്തരം കണക്കുകള്‍.ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരിക്കണം ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വം.ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന വിഭവ ശേഷിയുടെ കൃത്യമായ ആസൂത്രണത്തിലൂടെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ലോകവിപണി പിടിച്ചെടുക്കുകയും ചെയ്തിരിക്കുയാണ്.വിദ്യാഭ്യാസം,ശാസ്ത്ര സാങ്കേതിക രംഗം,കാര്ഷികപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ രാഷ്ട്രത്തിന്റെ ജനശക്തിയെ ഉണര്‍ത്തുവാനുള്ള ഇച്ഛശക്തി സര്‍ക്കാരിനുണ്ടാവും.അങ്ങനെയായാല്‍ വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുന്നതിനു നമ്മുടെ രാഷ്ട്രം അതിവിദൂരമായ കാലം കാത്തിരിക്കേണ്ടി വരില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close