WORLD

മിക്കി മൗസിന് ഇന്ന് 92-ാം പിറന്നാള്‍

മിക്കി മൗസിന് ഇന്ന് 92-ാം പിറന്നാള്‍. 1928-ല്‍ വാള്‍ട്ട് ഡിസ്‌നിയും യൂബി ലോര്‍ക്ക്‌സും ചേര്‍ന്നാണ് ഈ ചുണ്ടെലിക്കുഞ്ഞനെ സൃഷ്ടിച്ചത്. സ്റ്റീംബോട്ട് വില്ലി എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു മിക്കി മൗസിന്റെ രംഗപ്രവേശം. കൃത്യമായി പറഞ്ഞാല്‍ 1928 നവംബര്‍ 18ന്. കേവലം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം എന്നതിനപ്പുറത്തേക്ക് മനുഷ്യന്റെ ചില സ്വഭാവങ്ങള്‍ പ്രകടമാക്കുക കൂടി ചെയ്തപ്പോഴാണ് മിക്കിക്ക് ഇത്രയേറെ ലോകശ്രദ്ധ നേടാനായത്. ഒരു പകരക്കാരന്‍ കഥാപാത്രം എന്ന നിലയിലാണ് ഡിസ്‌നി മിക്കിയെ ആദ്യം സൃഷ്ടിക്കുന്നത്. ഡിസ്‌നി ആദ്യം നിര്‍മിച്ചത് ഒരു മുയലിനെയാണ്. ഒസ്വാള്‍ഡ് ദി ലക്കി റാബിറ്റ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഡിസ്‌നിയുടെ ആ മുയല്‍രൂപം വളരെ പെട്ടെന്ന് വിജയമായി.എന്നാല്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കമ്പനിയുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുയല്‍ കഥാപാത്രത്തിനുമേല്‍ ഉണ്ടായിരുന്ന അവകാശം നഷ്ടമായി. ഓസ്വാള്‍ഡിനെ ഉപേക്ഷിച്ച് ഡിസ്‌നി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ തയ്യാറെടുത്തു. അങ്ങനെ മുയലിന് പകരം ഒരു എലിയെ സൃഷ്ടിച്ചു. ഓസ്വേള്‍ഡില്‍ നിന്ന് വ്യത്യസ്തമായ രൂപസാദൃശ്യങ്ങള്‍ കൊടുത്തു. മോര്‍ട്ടിമോര്‍ എന്ന് അതിന് പേരിട്ടു. എന്നാല്‍ ഡിസ്‌നിയുടെ ഭാര്യയ്ക്ക് ആ പേര് ഇഷ്ടമായില്ല. അവര്‍ ആ എലിക്ക് മറ്റൊരു പേര് നിര്‍ദേശിച്ചു – മിക്കി. അത് പിന്നീട് ജനപ്രിയമായിത്തീരുകയും ചെയ്തു.അങ്ങനെ മിക്കിയെ പ്രദര്‍ശിപ്പിക്കാന്‍ ഡിസ്‌നി തീരുമാനിച്ചു. ആദ്യമൊന്നും അത് ശ്രദ്ധ ആകര്‍ഷിച്ചില്ലെങ്കിലും സ്റ്റീംബോട്ട് വില്ലി സ്‌ക്രീനിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വലിയ വിജയമായിരുന്നു. തുടര്‍ന്നങ്ങോട്ട് വലിയ വിജയങ്ങളാണ് ഡിസ്‌നിയെ കാത്തിരുന്നത്. അവസാനം ഡിസ്‌നി കമ്പനിയുടെ വ്യാപാരചിഹ്നമായി മാറി മിക്കി. തുടര്‍ന്ന് മിക്കിക്ക് വേണ്ടി തീം പാര്‍ക്കും മിക്കി മൗസ് ക്ലബും ഒരു കോമിക് സ്ട്രിപ്പ് പത്രവുമൊക്കെ സൃഷ്ടിക്കപ്പെട്ടു. ഇന്നും മിക്കി മൗസിന് ലഭിക്കുന്ന സ്വീകാര്യത അളവറ്റതാണ്. കുട്ടികളുടെ വസ്ത്രങ്ങളിലും കളിപ്പാട്ടങ്ങളിലുമെല്ലാം മിക്കി ഇടംപിടിച്ചു. പിറന്നാള്‍ പ്രമാണിച്ച് മിക്കി കാഴ്ചക്കാരിലേക്ക് വീണ്ടുമെത്തുന്നുണ്ട്. ദി വണ്ടര്‍ഫുള്‍ വേള്‍ഡ് ഓഫ് മിക്കി മൗസ് എന്ന ആനിമേറ്റഡ് സീരീസ് പിറന്നാള്‍ദിനത്തില്‍ ഡിസ്‌നി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close