
മുംബൈ: മുംബൈ നഗരത്തില്‍ 42 ദിവസം കൂടി വിതരണം ചെയ്യാനുള്ള കുടിവെള്ളമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്(ബിഎംസി) അറിയിച്ചു. മുംബൈയിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത് ഏഴ് തടാകങ്ങളില്‍ നിന്നും ഡാമില്‍ നിന്നുമാണ്. അവിടെ 42 ദിവസമേ ജലം സംഭരിക്കാന്‍ കഴിയൂ. വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തതിനാല്‍ ജലനിരപ്പുയര്‍ന്നിട്ടില്ല. എന്നാല്‍ ശരാശരി കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങള്‍ അറിച്ചിട്ടുള്ളതുകൊണ്ട് ആരും ഭയപ്പെടേണ്ട എന്നാണ് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചത്.
ഞായറാഴച വരെയുള്ള കണക്കനുസരിച്ച് 1.54 ലക്ഷം ലിറ്റര്‍ ജലമാണ് എഴു തടാകങ്ങളിലും കൂടിയുള്ളത്. ആകെയുള്ള ജലത്തിന്റെ 10.68% ആണിത്. 2018ല്‍ 13.09% ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 10.68 ആയി കുറഞ്ഞിരിക്കുന്നത്. അന്ന് മുംബൈയിലുടനീളമുള്ള ജല വിതരണത്തിന്റെ അളവ് 10% വെട്ടിക്കുറച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും അളവു കുറക്കാനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സിവിക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ബിഎംസിയുടെ ഞായറാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് അപ്പര്‍ വൈറ്റര്നയിലൊഴിച്ച് ബാക്കിയെല്ലായിടത്തും ആവശ്യത്തിന് ജലം സംഭരിച്ചിട്ടുണ്ട്. തടാകങ്ങള്‍ താനെയിലും പല്ഘറിലുമാണ് സ്ഥിതി ചെയ്യുന്നത് എന്നാല്‍ നാസികില്‍ നിന്നുകൂടിയുള്ള ജലമിതില്‍ ഒഴുകിയെത്തുന്നുണ്ട്.