മുംബൈയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൂട്ടത്തോടെ കൊവിഡ്

മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തോടെ ഡോക്ടര്‍മാര്‍ ക്കും നഴ്സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയേറ്റി.സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.26 നഴ്സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം. 26-ല്‍ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്.ഇവരെ തല്ക്കാലം ആശുപത്രിയില്ത്ത ന്നെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ന്മെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും,വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെയുള്ള 200 പേരുടെ സാമ്പിളുകള്‍ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇവരുടെയും ഫലം കാത്തിരിക്കുകയാണ്.ഇനിയും രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാം എന്നതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്.
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു.ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്.മുംബൈയില്‍ രോഗികളുടെ എണ്ണം 500-ലേക്ക് അടുക്കുകയാണ്.