Breaking NewsINDIA

മുംബൈ ചേരിനിവാസികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ് വന്നുപോയെന്ന് റിപ്പോര്‍ട്ട്

മുംബൈ: മുംബൈയിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന 57 ശതമാനം പേര്‍ക്കും കോവിഡ് രോഗബാധ വന്നുപോയിട്ടുണ്ടെന്ന് സര്‍വേ. സാമ്പിള്‍ സര്‍വ്വേയുടെ ഭാഗമായി 7000 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വൈലന്‍സ് പരിശോധനയിലൂടെയാണ് ഈ നിഗമനം. റെസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ ഇത് 16 ശതമാനമാകാമെന്നും സര്‍വേ പറയുന്നു. ബ്ലഡ് ടെസ്റ്റുകളാണ് സെറോളജിക്കല്‍ സര്‍വൈലന്‍സ് പരിശോധന. ഇതില്‍ രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുന്നത്. കോവിഡ് രോഗം വന്ന് മാറിയവരില്‍ ഉണ്ടായിരിക്കേണ്ട ആന്റിബോഡി തിരിച്ചറിഞ്ഞാണ് രോഗം വന്നുപോയോ എന്നത് പരിശോധിക്കുന്നത്.
സമൂഹത്തില്‍ കോവിഡിനെതിരായ രോഗപ്രതിരോധം വളരുന്നുണ്ടോയെന്നതാണ് ഈ സര്‍വേയുടെ പ്രധാന ഉദ്ദേശ്യം. മുംബൈയിലെ പഠനത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കൊറോണ വൈറസ് ആന്റിബോഡിയുടെ സാന്നിധ്യം താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ വലിയ വിഭാഗമാള്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇത് പൊതുജനങ്ങള്‍ക്കിടയിലുളള വൈറസ് വ്യാപനം എന്നതിലുപരി, സമൂഹ രോഗപ്രതിരോധശേഷിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ എന്ന സംശയത്തിനും ബലം നല്‍കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആ രോഗത്തിന്റെ ആന്റിബോഡി ശരീരത്തിലുണ്ടാകൂ. പൊതുജനത്തിനിടയില്‍ എത്രത്തോളം ഒരു രോഗം പരന്നിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ പ്രസ്തുത രോഗത്തിന്റെ ആന്റിബോഡി ശരീരത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചാല്‍ മതിയാകും. ഇതില്‍ നിന്ന് സമൂഹത്തില്‍ ആ രോഗത്തിനെതിരായി പ്രതിരോധശേഷി കൈവരിക്കപ്പെട്ടിട്ടുണ്ടോയെന്നും തിരിച്ചറിയാനാകും. നീതി ആയോഗും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഈ സര്‍വേ നടത്തിയത്. മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലെ വളന്റിയര്‍മാരില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. നിലവില്‍ മുംബൈയില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 6000ത്തില്‍പ്പരം മരണങ്ങളാണ് സംഭവിച്ചത്. നഗരത്തില്‍ മാത്രം 1.2 കോടി ജനങ്ങളാണ് താമസിക്കുന്നത്. ചേരികളില്‍ മാത്രം 65 ലക്ഷം പേരാണ് ജീവിക്കുന്നത്. നഗരത്തിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം. ഏതാണ്ട് 65 ശതമാനം എന്നാണ് കണക്ക്.

Tags
Show More

Related Articles

Back to top button
Close