KERALANEWS

മുഖ്യമന്ത്രിക്ക് രവീന്ദ്രനെയും തള്ളിപ്പറയേണ്ടിവരും: മുല്ലപ്പള്ളി

തിരുവനന്തപുരം:മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആദ്യം ന്യായീകരിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്തതിന് സമാനമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും കോഴി കൂവുന്നതിന് മുന്‍പായി മൂന്ന് വട്ടം മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അന്വേഷണം തന്നിലേക്ക് അടുക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. ലാവ്‌ലിന്‍ കേസിലും അതു കേരളം കണ്ടതാണ്.കഴിഞ്ഞ ദിവസം സിഎം രവീന്ദ്രന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രി രവീന്ദ്രന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനുള്ള ഇ ഡിയുടെ നടപടിയെ എന്തുകൊണ്ട് സ്വാഗതം ചെയ്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ വിനീതവിധേയന്‍ മാത്രമല്ല മന:സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളിലും രവീന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു.അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകാത്തത് വിചിത്രമാണ്. സിഎം രവീന്ദ്രന് ഇ ഡിയുടെ ചോദ്യങ്ങളെ ഫലപ്രദമായി നേരിടാനും തന്ത്രം മെനയാനും ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സിഎം രവീന്ദ്രന്റെ സാമ്പത്തിക വളര്‍ച്ചയും ബിനാമി ഇടപാടുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെയും സാമ്പത്തിക സ്രോതസ്‌കൂടി അന്വേഷിക്കണം.എന്‍ഫോഴ്‌സ്‌മെന്റിനെ വീട്ടിലേക്ക് സ്വാഗതം ചെയ്ത മന്ത്രി ജലീലിന്റെ ക്ഷണം അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കണം.കെ.ടി.ജലീല്‍ ആദര്‍ശധീരനാണെങ്കില്‍ വിദേശ എംമ്പസികളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍കൂടി അന്വേഷിക്കാന്‍ എന്‍.ഐ.എയെയും ക്ഷണിക്കാന്‍ തയ്യാറാകണം. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തടയാന്‍ കേരള പോലീസിന് ഉത്തരവ് നല്‍കിയത് ആരാണെന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയ സ്പീക്കറുടെ ഉത്തരവ് അസാധാരണമാണ്. ലൈഫ് പദ്ധതിയിലെ വിദേശഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ട്.ബിജെപിയുടെ ഇടപെടലുകളില്ലാതെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ സ്വര്‍ണ്ണക്കടത്തിലേയും കള്ളപ്പണ,മയക്കുമരുന്നു കേസുകളിലെയും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ വരുമെന്നതില്‍ സംശയമില്ല.കേരളത്തില്‍ വിജിലന്‍സിനെ കൂച്ചുവിലങ്ങിട്ട് തളച്ചിരിക്കുന്നു.യജമാനന്‍മാരുടെ ഉത്തരവിനായി കാത്തിരിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്.വിജിലന്‍സിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും നല്ല ഉദ്യോഗസ്ഥരെ നിശബ്ദരാക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close