
തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടേത് കുറച്ചുംകൊണ്ടുള്ള വിവാദ ഭേദഗതികളുമായി മുന്നോട്ടുപോകേണ്ടെന്ന് ഭരണപക്ഷത്ത് ധാരണ. എന്നാല്‍, റൂള്‍സ് ഓഫ് ബിസിനസിലെ ചുവപ്പുനാടയ്ക്ക് കാരണമാകുന്ന ചില വ്യവസ്ഥകളില്‍ ഭേദഗതിയുണ്ടാകും. മന്ത്രിമാരില്‍നിന്നും ഘടകകക്ഷികളില്‍ നിന്നുമുള്ള എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണിത്. കൂട്ടുകക്ഷി ഭരണക്രമം നിലനില്‍ക്കുന്ന കേരളത്തില്‍ മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതും ഭരണസംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കേ നയിക്കൂവെന്ന ചിന്ത ഭരണപക്ഷത്തുണ്ട്.
മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ വലുപ്പ-ചെറുപ്പമുണ്ടെങ്കിലും സമപദവിയെന്ന തത്ത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഏകാംഗ കക്ഷിക്കുപോലും മന്ത്രിസ്ഥാനം ലഭിക്കുന്നത് ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്.മന്ത്രിമാരുടെ അധികാരം കുറച്ചും വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം കൊണ്ടുവന്നതുമാണ് ഘടകകക്ഷികളെ ചൊടിപ്പിച്ചത്. മന്ത്രിയിലൂടെയല്ലാതെ മുഖ്യമന്ത്രിക്ക് ഓരോ വകുപ്പിലും ഇടപെടുന്നതിനും കരട് നിര്‍ദേശത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. സെക്രട്ടറിമാരില്കൂടി ചീഫ് സെക്രട്ടറിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള വ്യവസ്ഥ മന്ത്രിമാരെ നോക്കുകുത്തികളാക്കുമെന്ന് വിമര്‍ശനം വന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സെക്രട്ടറിമാരുടെ സമിതിയാണ് കരട് നിര്‍ദേശങ്ങള്‍ക്ക് രൂപംനല്കിയത്. ഇത് പരിഗണിച്ച മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും ശക്തമായി എതിര്‍ത്തിരുന്നു.