
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ വീണ്ടും സിപിഎം പ്രതിനിധികളെ നിയമിക്കാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിയുടെ പിടിയില്‍ നിന്നും അകന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതി ആരംഭിച്ചിരുന്നതെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായങ്ങളുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന് കുറച്ചുകാലം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ ഇദ്ദേഹത്തിന് തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ കുറിച്ച് മീഡിയാ മംഗംളം വാര്‍ത്ത നല്‍കിയിരുന്നു.
ഭരണം ഇഴയുന്നു,ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആരോപണങ്ങളേത്തുടര്ന്നാണ് മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. അതുവരെ ചില ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലായിരുന്നു സര്‍ക്കാര്‍ അക്കാലത്തു ,പ്രധാനമായും പഴി കേട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്നങ്ങള്‍ വന്നതോടെ പി. ജയരാജനു പകരം എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.
ജയരാജനു മുമ്പ് എം. ശിവശങ്കര്‍ ആയിരുന്നു ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന് മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയാകുകകയാരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന് നായര്‍ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്നു. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന് കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. പാര്‍ട്ടിയുടെ പ്രതിനിധിയുണ്ടെങ്കില്‍ നിലവിലുള്ളതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനം.