KERALA

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി, കൈത്തറി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും നെയ്ത്ത് തൊഴിലാളികള്‍ക്കും ശമ്പളം ലഭിച്ചില്ല


തിരുവനന്തപുരം: കൈത്തറി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും നെയ്ത്ത് തൊഴിലാളികള്‍ക്കും ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടില്ല. തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലാണ് . സി.ഐ.ടി.യു സംസ്ഥാന നേതാവും ഹാന്‍വീവ് ചെയര്‍മാനുമായ കെ.പി സഹദേവന്‍ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈത്തറി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തത് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഹാന്‍വീവിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ഹാന്‍വീവ് ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ നാല് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.

സംസ്ഥാനത്ത് കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 റീജിയണല്‍ ഓഫീസുകളും അമ്പതോളം ഷോറൂമുകളും മുപ്പതിലധികം ഉത്പാദന കേന്ദ്രങ്ങളുമുള്ള ഹാന്‍ഡ് വീവില്‍ 200 സ്ഥിരം ജീവനക്കാരും 3000 ത്തോളം സ്ഥിരം നെയ്ത്ത് തൊഴിലാളികളുമുണ്ട്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കൂടിയായ ഹാന്‍ഡ് വീവ് ചെയര്‍മാന്‍ കെ.പി സഹദേവന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഏപ്രില്‍ മാസം പകുതി വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്.


Tags
Show More

Related Articles

Back to top button
Close