KERALATrending

മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല, സീനിയര്‍ മാന്‍ഡ്രേക്ക് : കെ എം ഷാജി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ വി ഡി സതീശന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം മല എലിയെ പ്രസവിച്ചതുപോലെയെന്ന് എസ് ശര്‍മ എംഎല്‍എ. അമിത് ഷായെ കൂട്ടുപിടിച്ചിട്ടുവേണം പ്രതിപക്ഷത്തിന് അവിശ്വാസം അവതരിപ്പിക്കേണ്ടതെന്ന ഗതികേടിലാണ്. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഒരു അന്വേഷണ ഏജന്‍സിയും പറഞ്ഞിട്ടില്ല. രാജ്യദ്രോഹക്കുറ്റം നടന്നിട്ടുണ്ടെന്ന് അറിയാമെങ്കില്‍ അന്വേഷണ സംഘങ്ങള്‍ക്ക് തെളിവുകൊടുക്കണം. അറിഞ്ഞിട്ടും തെളിവുകൊടുക്കാതിരിക്കുന്നത് രാജ്യദ്രോഹ കുറ്റമാണ്. പ്രകൃതി ദുരന്തങ്ങളെ ലോകപ്രശസ്തമായ വിധത്തില്‍ കൈകാര്യം ചെയ്ത സര്‍ക്കാരാണ് ഇതെന്നും, അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് എസ് ശര്‍മ്മ പറഞ്ഞു.പിണറായി സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വപ്ന ഒരു അവതാരമാണ്. റെജി പിള്ള, പ്രതാപ് മോഹന്‍ നായര്‍ അങ്ങനെ പിഡബ്ല്യുസിയില്‍ രണ്ട് അവതാരങ്ങള്‍ ഉണ്ട്. ഇടത് നിരീക്ഷകന്‍ എന്ന പേരില്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റെജി ലൂക്കോസ് എന്നൊരു അവതാരം കൂടിയുണ്ട്. സൂസന്‍ സൂറി എന്ന് പറയുന്ന സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് ഒരാളും ഇ ബസ്സ് പദ്ധതിയുമായി വന്ന് പെട്ടിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല, മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി ആരോപിച്ചു. മുഖ്യമന്ത്രിയില്ലാതെ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസ് ഉണ്ടാകും. ശിവശങ്കറിനെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ രക്തവുമാണ്. ഇടയ്ക്കിടയ്ക്ക് പറയും മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിയില്ലെന്ന്. ഇപ്പഴത്തെ ഒരു കള്ളനും മടിയില്‍ കനം വയ്ക്കില്ല. പല കള്ളന്മാരെയും പിടിക്കുന്നത് അവരുടെ ബന്ധുക്കള്‍ സാധനം വില്‍ക്കാന്‍ വരുമ്പോഴാണ്. ഇവിടെയും പിടിച്ചത് അങ്ങനെയാണ്.സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക് ആണെന്നാണ്. എന്നാല്‍ ഈ നാലു വര്‍ഷത്തെ ഭരണത്തില്‍ നിന്നു പറയട്ടെ പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല, സീനിയര്‍ മാന്‍ഡ്രേക് ആണ്. കെ എം ഷാജി പറഞ്ഞു. മന്ത്രി സുധാകരന്‍ പറയുന്നത് ഇപ്പോള്‍ ദുര്‍ഗന്ധമെല്ലാം പോയി, സുഗന്ധമാണ് ഉള്ളതെന്നാണ്. നാലു കൊല്ലം ഈ അഴിമതിയുടെ നാറ്റം സഹിച്ചിട്ട് ഇപ്പോള്‍ സുഗന്ധമായി അനുഭവപ്പെടുകയാണെന്നാണ് സുധാകരന്‍ പറയുന്നത്.മന്ത്രിമാരായ ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും വൈകുന്നേരം വന്ന് മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും, എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസമുട്ടാണത്രേ കോവിഡിന്റെ ഒരു പ്രശ്നമെന്ന് പറയുന്നത്, അതുകൊണ്ട് ശ്വാസം വിട്ട് പരിശീലിക്കുകയാണ്. കള്ളക്കടത്ത് വഴി വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യമന്ത്രിയാണ് ജലീല്‍. കക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പണ്ട് പാര്‍ട്ടി ഓഫിസുകളില്‍ പഠിപ്പിച്ചിരുന്നത് ദസ് ക്യാപ്പിറ്റലും, കമ്മ്യൂണിസവുമൊക്കെയാണ്. എന്നാല്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണമാണ്. കെ എം ഷാജി പറഞ്ഞു.
ബിജെപി സര്‍ക്കാരിനെതിരെ നെഞ്ചൂക്കോടെ നിലപാടെടുക്കുന്നത് ഈ കേരള സര്‍ക്കാരല്ലാതെ വേറെ ഏതാണെന്ന് എ പ്രദീപ് കുമാര്‍ ചോദിച്ചു. തത്വാധിഷ്ടിത നിലപാടിന്റെ ഭാഗമായാണ് വിമാനത്താവളം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലേലത്തില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടാമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞത് പണ്ട് കെ.വി. തോമസിന്റെ വീട്ടില്‍ വിളിച്ച് സത്കരിച്ചതും വിഴിഞ്ഞം തുറമുഖ കരാര്‍ പോയതും ഓര്‍മ്മ വേണം.ശശി തരൂര്‍ ബിജെപി സര്‍ക്കാരിന് അനുകൂലമായ നിലപാടല്ലേ സ്വീകരിച്ചത് എന്നും പ്രദീപ് കുമാര്‍ ചോദിച്ചു. ചാപല്യമേ നിന്റെ പേരോ സ്ത്രീ എന്ന് ഷേക്സ്പിയര്‍ ചോദിച്ചത് ഇപ്പോഴാണെങ്കില്‍, കാപട്യമേ നിന്റെ പേരോ ചെന്നിത്തല എന്ന് ചോദിച്ചേനെ. സ്വപ്നയ്ക്കെതിരെ ആരോപണം വന്നപ്പോള്‍ കൈയോടെ പുറത്താക്കി. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ല എന്നും പ്രദീപ് കുമാര്‍ ചോദിച്ചു.തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ ആദ്യമായി അധികാരത്തിലേറിയ സര്‍ക്കാരിനെ പിരിച്ചുവിട്ടതിലുള്ള ശാപമാണ് കോണ്‍ഗ്രസിനെ ഇപ്പോഴും വേട്ടയാടുന്നതെന്ന് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍. പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്.കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷം സംഭവിച്ച വികസനകാര്യങ്ങളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും മുല്ലക്കര പറഞ്ഞു.കേരളത്തില്‍ ഒറ്റയ്ക്ക് ഭരിച്ച ഒറ്റ പാര്‍ട്ടിയേയുളളൂ. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1957 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ പുറത്താക്കി. സര്‍ക്കാരിനെ പുറത്താക്കാനുള്ള തീരുമാനം നെഹ്‌റു അന്ന് ഇഷ്ടം കൊണ്ട് ചെയ്തതല്ല. നെഹ്‌റുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏക കറുത്തപാടും ഈ സംഭവമാണ്. സംവാദമാണ് വേണ്ടത് വിവാദങ്ങളല്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത് പൂര്‍ത്തിയാക്കാനുള്ള സമയമെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണമെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close