കോവിഡ്19 രോഗത്തില്‍നിന്നു രക്ഷയ്ക്കായി ഇറ്റലിയില്‍ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു.
കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുന്‍പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.
എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ശ്വേത രക്താണുക്കള്‍) ഉത്തേജിപ്പിക്കാന്‍ ഇന്റര്‍ഫെറോണിന് സാധിക്കുമെന്ന് ഇയോണ്‍ ഗ്രെസര്‍ എന്ന യുഎസ് ഗവേഷകന്‍ 1960ല്‍ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ല്‍ ഇയോണിന്റെ ഗവേഷണത്തുടര്‍ച്ച യുഎസ് കാന്‍സര്‍ വിദഗ്ധനായ റാന്‍ഡോള്‍ഫ് ക്ലാര്‍ക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ശക്തമാക്കിയത്. അതൊരു മികച്ച അവസരമായി കണ്ട് റാന്‍ഡോള്‍ഫ് നേരെ ക്യൂബയിലെത്തി, ഫിഡല്‍ കാസ്‌ട്രോയെ കണ്ടു. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണെന്ന കാര്യം കാസ്‌ട്രോയെ വിശദമായി ധരിപ്പിച്ചത് റാന്‍ഡോള്‍ഫായിരുന്നു.
കാസ്‌ട്രോ നിയോഗിച്ച ഗവേഷകര്‍ റാന്‍ഡോള്‍ഫിന്റെ ലബോറട്ടറിയില്‍ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാര്‍ച്ചില്‍ ആറ് ക്യൂബന്‍ ഗവേഷകര്‍ 12 ദിവസം ഫിന്‍ലന്‍ഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ല്‍ ആദ്യമായി മനുഷ്യ കോശങ്ങളില്‍ നിന്ന് ഇന്റര്‍ഫെറോണ്‍ വേര്‍തിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവന്‍ ഇന്റര്‍ഫെറോണിന്റെ ഉല്‍പാദനത്തിനു പലതരം ഗവേഷണങ്ങള്‍ ശക്തമായതും അതിനാലാണ്. വന്‍തോതില്‍ ഇന്റര്‍ഫെറോണ്‍ ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതികത പഠിച്ചാണ് 12 ക്യൂബന്‍ ഗവേഷകരും ഫിന്‍ലന്‍ഡ് വിട്ടത്.ക്യൂബയിലെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയില്‍ വേര്‍തിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റര്‍ഫെറോണ്‍ ഗവേഷകര്‍ പുറത്തെത്തിച്ചു. ഫിന്‍ലന്‍ഡില്‍ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. ആ സമയത്താണ് ക്യൂബയെ വിറപ്പിച്ച ഡെങ്കുപ്പനിയുടെ വരവ്.
ചരിത്രത്തിലാദ്യമായിട്ടായിരുന്നു കൊതുകുകള്‍ വഴി പരക്കുന്ന ഈ രോഗം ക്യൂബയില്‍ പ്രത്യക്ഷപ്പെടുന്നത്. 3.4 ലക്ഷത്തോളം ക്യൂബക്കാരെ വൈറസ് ബാധിച്ചു. ദിവസവും 11,000ത്തിലേറെ പുതിയ കേസുകള്‍. 108 പേര്‍ മരിച്ചു, അതില്‍ 101 പേരും കുട്ടികള്‍. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയാണ് വൈറസിനെ ക്യൂബയിലെത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു തെളിവ് ലഭിച്ചതായി അടുത്തിടെ ക്യൂബ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഎസ് ഇത് നിഷേധിച്ചു. അവിടെയും പക്ഷേ ക്യൂബയ്ക്ക് ഗുണമായത് മാസങ്ങള്‍ക്കു മുന്‍പ് അമേരിക്കന്‍ ഗവേഷകന്‍ റാന്‍ഡോള്‍ഫ് നടത്തിയ ഇടപെടലായിരുന്നു. അതുവഴി തയാറാക്കിയ ഇന്റര്‍ഫെറോണുകള്‍ പരീക്ഷണത്തിന് അത്രയേറെ സജ്ജമായിരുന്നു. ക്യൂബന്‍ ആരോഗ്യ വകുപ്പ് ഈ മരുന്ന് അംഗീകരിച്ചു, ജനങ്ങളില്‍ പ്രയോഗിച്ചു, ദിവസങ്ങള്‍ക്കകം മരണനിരക്ക് കുത്തനെ കുറഞ്ഞു. ലോകത്ത് ഇന്റര്‍ഫെറോണ്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ ‘ബയോളജിക്കല്‍ ഫ്രണ്ട്’ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമെത്തി. ക്യൂബന്‍ ഗവേഷകരെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് അയച്ചു പഠിപ്പിച്ചു, പലരും പാശ്ചാത്യ സാങ്കേതികതയില്‍ അറിവു നേടുന്നത് അങ്ങനെയാണ്. ഉയര്‍ന്ന അളവില്‍ ഇന്റര്‍ഫെറോണ്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ 1986ല്‍ കേരി കാന്റെല്‍ വീണ്ടും ക്യൂബയിലെത്തുമ്പോള്‍ ഇന്റര്‍ഫെറോണിന്റെ കൂടുതല്‍ ശക്തിയുള്ള വകഭേദമായ ആല്‍ഫ 2 ബി തയാറായിക്കഴിഞ്ഞിരുന്നു.
ആ വര്‍ഷംതന്നെയാണ് ക്യൂബയുടെ സെന്റര്‍ ഫോര്‍ ജനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്‌നോളജി ആരംഭിക്കുന്നത്. വൈകാതെ ക്യൂബയില്‍ പടര്‍ന്ന മസ്തിഷ്‌ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ ബയോടെക് ‘യുദ്ധമുഖം’ ഒരുക്കിയായിരുന്നു. വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്‌സ്, ഡെങ്കു, ചിലയിനം ത്വക്രോഗങ്ങള്‍ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റര്‍ഫെറോണ്‍ ഉപയോഗിച്ചായിരുന്നു. പുതുതായി കണ്ടെത്തിയ കൊറോണ വൈറസായ സാര്‍സ് കോവ്-2 ഒരു ആര്‍എന്‍എ വൈറസാണ്. ചില വൈറസുകളുടെ ആര്‍എന്‍എ നശിപ്പിക്കാന്‍ കഴിയുന്ന ആര്‍എന്‍എ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുന്ന ജീനുകളെ ഉത്തേജിപ്പിക്കാന്‍ ഇന്റര്‍ഫെറോണിനു കഴിയും. അതുകൊണ്ടാണ് കോവിഡ് 19 ബാധയ്ക്ക് ഈ മരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വൈറസുകള്‍ ആതിഥേയ കോശത്തില്‍ നിലനില്‍ക്കുന്നതിനാല്‍ കോശങ്ങള്‍ക്കു കേടുപാടു വരാതെ അവയെ മാത്രം നശിപ്പിക്കുക എന്നതാണ് മരുന്നു നിര്‍മാണത്തിലെ പ്രധാന വെല്ലുവിളി. ഇപ്പോള്‍ വൈറസുകളുടെ ജനിതകമാപ്പിങ് സാധ്യമായതിനാല്‍ മരുന്നു വികസിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. വൈറസുകള്‍ പുറപ്പെടുവിക്കുന്ന എന്‍സൈമുകളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാനാണു മരുന്നുകള്‍ ശ്രമിക്കുന്നത്. ചൈനയിലെ രോഗികളില്‍ ഏറെക്കുറേ ഫലപ്രദമായി ഇന്റര്‍ഫെറോണ്‍ 2ബി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. അതിനാലാണിപ്പോള്‍ ഇതിനെ ‘അദ്ഭുതമരുന്ന്’ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നതും
മുഖ്യമന്ത്രി പറഞ്ഞ ക്യൂബന്‍ മരുന്ന് എന്താണ്
