INSIGHTTop NewsTrending

മുടിയഴിച്ചിട്ട് മഹാഭാരതത്തിന് കളമൊരുക്കി ദ്രൗപദി ശപഥം; മുടി വടിച്ചിറക്കി പുരുഷ മേധാവിത്വത്തെ വെല്ലുവിളിച്ച് ലതികാ സുഭാഷും; കേരള രാഷ്ട്രീയത്തിൽ പെണ്ണുങ്ങൾ കലഹിക്കുമ്പോൾ

വി മായാദേവി

തിരുവനന്തപുരം: പെൺ പകകളെ നന്നായി പറഞ്ഞിട്ടുള്ളത് ഭാരതീയ ഇതിഹാസങ്ങളിൽ തന്നെയാണ്. ഭാരത സ്ത്രീകളുടെ ഭാവശുദ്ധി മാത്രമല്ല, പകയും ഇതിഹാസങ്ങൾക്ക് കാരണമായി. മുടി അഴിച്ചിട്ട് ശപഥം ചെയ്ത ദ്രൗപദിയുടെ പകയ്ക്ക് സമാനമായ രം​ഗങ്ങൾക്കാണ് ഇന്ന് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. ലതികാ സുഭാഷ് എന്ന കോൺ​ഗ്രസ് വനിതാ നേതാവ് പാർട്ടി ആസ്ഥാനത്ത് വടിച്ചിറക്കിയ കേശഭാരത്തിൽ നിന്നും കത്തുന്ന പ്രതിഷേധാ​ഗ്നിയെ മറികടക്കാൻ ആ പാർട്ടിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധരീതികള്‍ക്കാണ് രാഷ്ട്രീയ കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. കേരളത്തിലെ രണ്ട് പ്രമുഖ മുന്നണികളിലെ പ്രഗത്ഭരായ രണ്ട് സ്ത്രീകള്‍ വ്യത്യസ്തമായ സമരമുറകളിലൂടെ പുരുഷാധിപത്യ രാഷ്ട്രീയമേല്‍ക്കോയ്മയ്ക്ക്‌നേരെ കാറിത്തുപ്പിയിരിക്കുന്നു.
ലതികാ സുഭാഷ് എന്ന കോണ്‍ഗ്രസ് നേതാവ് പൊട്ടിത്തെറിച്ചത് പതിറ്റാണ്ടുകളായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയ്ക്ക് എതിരെയാണെങ്കില്‍ ശോഭാസുരേന്ദ്രന്‍ എന്ന ബിജെപിയുടെ തീപ്പൊരി നേതാവ് പാര്‍ട്ടിയില്‍ താന്‍ അനുഭവിക്കുന്ന ഒതുക്കലുകള്‍ക്കും പാര്‍ട്ടിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കും നേരെ പരിഹാസശരങ്ങള്‍ എയ്ത്‌കൊണ്ടാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയിട്ടുള്ളത്.

വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ലതികാസുഭാഷ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം കണ്ട ഏറ്റവും മികച്ച സംഘാടകയും നേതാവും ആണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. ശോഭയുടെ കാര്യത്തിലും അതേ. താനടക്കമുള്ള സ്ത്രീകള്‍ പ്രസ്ഥാനത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ച് ഗ്രൂപ്പ്, ജാതി സമവാക്യങ്ങള്‍ക്ക് വേണ്ടിയും മറ്റ് എന്തിനൊക്കെയേ വേണ്ടിയും നിലകൊള്ളുന്ന രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് നേരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമ്പോഴും അവസാന ശ്വാസം വരെ കോണ്‍ഗ്രസിന് വേണ്ടി നിലകൊള്ളുമെന്ന അച്ചടക്കമുള്ള സംഘടനാ പ്രവര്‍ത്തകയും ആകുന്നു ലതിക.

ലതികാ സുഭാഷ്, രമണി പി നായര്‍ തുടങ്ങി എണ്ണം പറഞ്ഞ വനിതാ നേതാക്കള്‍ അഹോരാത്രം പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഇന്നലെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവരെ കയറ്റി വിടുന്നതിനെ ലതിക ശക്തമായി ചോദ്യം ചെയ്യുന്നു. ചെറുമക്കളുടെ പ്രായമില്ലാത്തവര്‍ പോലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. എന്നിട്ടും സ്ത്രീയെന്ന പേരില്‍ താനടക്കമുള്ള പല മുതിര്‍ന്ന നേതാക്കളെയും ഒതുക്കി. കൊല്ലം മണ്ഡലം ബിന്ദുകൃഷ്ണയില്‍ നിന്ന് തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവരെടുത്ത ശക്തമായ നിലപാടുകള്‍ ആ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ നേതൃത്വത്തെ നിര്‍ബന്ധിതരാക്കി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയതിലും വനിതാ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.

കൊല്ലം പോലെ എളുപ്പം ജയിച്ച് കയറാവുന്ന മണ്ഡലങ്ങളില്‍ പോലും ഇടതുമുന്നണിക്ക് അനുകൂലമാക്കാന്‍ ഈ ചക്കളത്തി പോരാട്ടങ്ങള്‍ വഴിവയ്ക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. തലമുതിര്‍ന്ന നേതാക്കള്‍ക്ക് പോലും കിട്ടാത്ത ഭാഗ്യമായാണ് കെ സുരേന്ദ്രന്റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വത്തെ ശോഭ പരിഹസിച്ചത്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അമിത്ഷാ അടക്കമുള്ള നേതാക്കള്‍ നിലകൊണ്ടിട്ടും പേര് വെട്ടിമാറ്റിയത് സംസ്ഥാന നേതൃത്വമാണെന്ന കാര്യവും ശോഭ മറച്ച് വയ്ക്കുന്നില്ല. തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന കാര്യം അവരും ചൂണ്ടിക്കാട്ടുന്നു. സെക്രട്ടറിയേറ്റ് ഗേറ്റ് ചാടിക്കടക്കാനും പൊലീസിന്റെ അടികൊള്ളാനും അത് വാര്‍ത്തയാക്കാനും മാത്രമേ വനിതകളെ തന്റെ പാര്‍ട്ടിയിലും ആവശ്യമുള്ളൂവെന്ന് മുമ്പും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപിയുടെ ഉന്നതാധികാര സമിതിയില്‍ ഒറ്റ സ്ത്രീകള്‍ പോലും ഇല്ലാത്തതിനെയും അവര്‍ നേരത്തെ മറ്റൊരു അവസരത്തില്‍ ചോദ്യം ചെയ്തിരുന്നു.

ഇടതുമുന്നണിയിലും സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറഞ്ഞതിനെ ചോദ്യം ചെയ്ത് മുന്നണിയിലെ ചില ഘടകക്ഷികളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധ സ്വരം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും പോലെ അത് തെരുവിലേക്ക് എത്താതിരിക്കാന്‍ ചില ശ്രമങ്ങള്‍ ഇടതുപാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നത് എടുത്ത് പറയേണ്ടതുണ്ട്.


ഇന്ന് ലതികാസുഭാഷും ശോഭാസുരേന്ദ്രനും തന്നത് ചില മുന്നറിയിപ്പുകള്‍ മാത്രമാണ്. അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഏത് മുന്നണിക്കായാലും ഏത് പാര്‍ട്ടിക്കായാലും തെല്ലും ഗുണകരമാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് അവര്‍ തരുന്നത്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കാനാകില്ലെന്ന ചൊല്ല് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും.

https://mediamangalam.com/archives/45531
https://mediamangalam.com/archives/45522
https://mediamangalam.com/archives/45443
https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close