KERALANEWS

മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ സജീവമാക്കണമെന്ന് ഘടക കക്ഷികള്‍

തിരുവനന്തപുരം:മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ സജീവമാക്കണമെന്ന് യുഡിഎഫ് ഘടക കക്ഷികള്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം വേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ. നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മധ്യ കേരളത്തിലെ നഷ്ടം നികത്താന്‍ ഇതാണ് മാര്‍ഗമെന്നാണ് ഘടക കക്ഷികളുടെ നിലപാട്.

തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് ആഴത്തില്‍ പഠിച്ച് സംഘടനയെ താഴേതട്ടില്‍ ശക്തിപ്പെടുത്തുക, അതുവഴി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുറപ്പാക്കുക എന്നതിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. അതിനിടയില്‍ നേതൃ മാറ്റ ചര്‍ച്ച ദോഷം ചെയ്യും. അതിനാല്‍ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് നേതൃ തലത്തിലെ പൊതു തീരുമാനം. ഇതിന് എഐസിസിയുടെ പിന്തുണയും സംസ്ഥാന കോണ്‍ഗ്രസിനുണ്ട്. നേതാക്കള്‍ സംയമനം പാലിക്കണമെന്ന് കാട്ടി പരസ്യ കുറ്റപ്പെടുത്തലിനെ വിലക്കിയത് ഇതിന്റെ ഭാഗമാണ്.

മധ്യ കേരളത്തിലെ യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് തിരികെ പിടിക്കാന്‍ വേഗത്തില്‍ ശ്രമം ഉണ്ടാകണമെന്ന് യുഡിഎഫില്‍ ആവശ്യമുയര്‍ന്നു. അതിന് മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ സജീവ ഇടപെടല്‍ അനിവാര്യമാണെന്നാണ് പൊതു വികാരം. ക്രിസ്ത്യന്‍, നായര്‍ സമുദായങ്ങളെ കൂടുതല്‍ വിശ്വാസത്തിലെടുത്തുവേണം മുന്നോട്ട് പോകാന്‍. ക്രിസ്ത്യന്‍ സഭകളുടെ ആവശ്യങ്ങള്‍ പഠിച്ച് സഭാ അധ്യക്ഷന്‍മാരെ ഉടന്‍ കാണണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.

ഘടക കക്ഷികള്‍ക്കുള്ള സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കി നിയമസഭാ തെരഞ്ഞെടുപ്പിന് വേഗത്തില്‍ സജ്ജമാകണമെന്നും ആവശ്യമുയര്‍ന്നു. ഇത്തരം കാര്യങ്ങളില്‍ ജനുവരിയോടെ ഏകദേശ ധാരണയിലെങ്കിലും എത്താന്‍ സാധിക്കണമെന്നും യുഡിഎഫ് യോഗത്തില്‍ കക്ഷികള്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close