KERALANEWSTop News

മുന്നണി വിപുലീകരണം ചര്‍ച്ചയായില്ല, രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ഒന്നു മുതല്‍,

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനടപടികള്‍ തുറന്നുകാട്ടുമെന്ന് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. കാസര്‍കോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റേത് കൂട്ടായ നേതൃത്വമാണ്. ഒരാള്‍ പറഞ്ഞ് മറ്റെല്ലാവരും മിണ്ടാതിരുന്ന് കേള്‍ക്കുന്ന രീതി അല്ല. റേഡിയോ അല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടില്ല. കോവിഡാനന്തരം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സൗകര്യമൊരുക്കി നല്‍കുന്നില്ല. യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കാന്‍ ബെന്നി ബെഹനാന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. മുന്നണി വിപുലീകരണം യു.ഡി.എഫ് ചര്‍ച്ച ചെയ്തില്ലെന്ന് ചെന്നിത്തല പറഞ്ഞു. പി.സി ജോര്‍ജ് മാധ്യമങ്ങളില്‍ പറഞ്ഞതേ അറിയൂവെന്നും ചെന്നിത്തല വ്യക്തമാക്കി.


കഴിഞ്ഞ നാലര വര്‍ഷക്കാലമായി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും സര്‍ക്കാരിനെതിരായ തങ്ങളുടെ നിലപാടുകള്‍ പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഡിഎഫ് നേതാക്കള്‍ മത നേതാക്കളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ ആശങ്കകള്‍ പങ്കുവച്ചെന്നും ചെന്നിത്തല പറഞ്ഞു.

‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ എന്തൊരുപ്രചരണ കോലാഹലങ്ങളാണ് നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം പേര്‍ക്ക് വീടുകള്‍ വച്ചുകൊടുത്തു. ഇപ്പോള്‍ ഒന്നര ലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കിയെന്ന് പറഞ്ഞ് മേനി നടിക്കുകയാണ്. ഭരണരംഗത്ത് കേരളത്തിന് കൂടുതലായി ഒന്നും സംഭാവന ചെയ്യാത്ത സര്‍ക്കാരാണിത്’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രകടന പത്രിക തയ്യാറാക്കാന്‍ ബെന്നി ബെഹനാന്‍ അധ്യക്ഷനായ സമിതിയെ യുഡിഎഫ് യോഗം നിയോഗിച്ചു. വിഡി സതീശനാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരള യാത്രയുടെ കോര്‍ഡിനേറ്റര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close