മുപ്പതു വര്‍ഷത്തെ കാത്തിരിപ്പിന് സാഫല്യം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാംപ്യന്‍പട്ടം നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പച്ചിരുന്നെങ്കിലും, ചെല്‍സിക്കെതിരേ രാജകീയ വിജയം നേടിക്കൊണ്ടു തന്നെ ലിവര്‍പൂള്‍ കിരീടമുയര്‍ത്തി. മുപ്പതു വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാണ് ഗോള്‍മഴ കൊണ്ട് അവര്‍ അന്ത്യം കുറിച്ചത്. മൂന്നു ഗോളടിച്ച ചെല്‍സിക്കെതിരേ അഞ്ചെണ്ണം തിരിച്ചടിച്ച് വിജയം. 37 മത്സരങ്ങളില്‍ നിന്ന് 96 പോയിന്റായി ലിവര്‍പൂളിന്. അവസാന മത്സരത്തില്‍ ന്യൂകിസിനെ തോല്‍പ്പിച്ചാല്‍ 99 പോയിന്റാകും. അതേസമയം, 37 മത്സരങ്ങളില്‍ 63 പോയിന്റുള്ള ചെല്‍സി ഇപ്പോള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ വൂള്‍വ്സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ അവര്‍ക്കും ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത കിട്ടൂ. വെസ്റ്റ്ഹാമിനെ നേരിട്ടപ്പോള്‍ ഓരോ ഗോളടിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് ബെര്‍ത്തും ഭീഷണിയിലാണ്. അവസാന മത്സരം നിര്‍ണായക്. അതേസമയം, ഈ സമനിലയോടെ വെസ്റ്റ്ഹാമിനു തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കാനായി. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാത്രമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ഇതിനകം ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങളിലേക്ക് ചെല്‍സിയും യുനൈറ്റഡും ലെസ്റ്റര്‍ സിറ്റിയും തമ്മിലാണ് പോരാട്ടം. യുനൈറ്റഡിന്റെ അവസാന മത്സരം ലെസ്റ്ററുമായാണ്. ലോക്ക്ഡൗണിനു ശേഷം പുനരാരംഭിച്ച ഇപിഎല്‍ മത്സരങ്ങള്‍ ഞായറാഴ്ച പൂര്‍ത്തിയാകും. ഫുട്ബോള്‍ പ്രേമകള്‍ക്ക് അക്ഷരാര്‍ഥത്തില്‍ സൂപ്പര്‍ സണ്‍ഡേ തന്നെയായിരിക്കും ഈ ഞായറാഴ്ച എന്നര്‍ഥം. യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ലാസിയോയെ തോല്‍പ്പിച്ചതോടെ ക്രിസ്റ്റിയാനോയുടെ യുവന്റസ് സീരി എ കിരീടത്തോട് ഒരു പടി കൂടി അടുത്തു. മത്സരത്തില്‍ ടീമിനായി രണ്ടു ഗോളും നേടിയത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം തന്നെ. ഇതോടെ ഈ സീസണിലെ ഗോള്‍വേട്ടക്കാരില്‍ ക്രിസ്റ്റിയാനോ ഒന്നാം സ്ഥാനത്തെത്തി. 30 ഗോളാണ് ഇതുവരെയുള്ള സമ്പാദ്യം. ലാസിയോയ്ക്കെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റ് ലീഡായി യുവന്റസിന്. നാലു മത്സരം ശേഷിക്കെ കിരീടം ഉറപ്പിക്കാന്‍ ഇനി നാലു പോയിന്റ് മാത്രം മതി. ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിലേക്കാണ് യുവന്റസ് അടുത്തുകൊണ്ടിരിക്കുന്നത്. അതേസമയം, ലയണല്‍ മെസിയുടെ ആരാധകര്‍ക്കും സന്തോഷിക്കാന്‍ കുറച്ചു വകയൊക്കെയുണ്ട്. സ്പാനിഷ് ലീഗില്‍ ബാഴ്സലോണ കിരീടം കൈവിട്ടെങ്കിലും മെസി രണ്ടു നേട്ടങ്ങള്‍ കൂടി സ്വന്തമാക്കി. സീസണിലെ അവസാന മത്സരത്തില്‍ അലാവസിനെതിരേ ഏകപക്ഷീയമായ അഞ്ച് ഗോള്‍ ജയമാണ് ബാഴ്സ കുറിച്ചത്. ഈ മത്സരത്തില്‍ നേടിയ രണ്ടു ഗോള്‍ അടക്കം ലാ ലിഗ ഗോള്‍വേട്ടക്കാരില്‍ മെസി ഒന്നാം സ്ഥാനം ഉറപ്പിച്ചു – 33 കളിയില്‍ 25 ഗോള്‍.

റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സേമ 21 ഗോളുമായി രണ്ടാം സ്ഥാനത്ത്. ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റുകള്‍ എന്ന സ്വന്തം റെക്കോഡും മെസി തിരുത്തിയെഴുതി- 21 അസിസ്റ്റുകളുമായി. ഏഴു സീസണുകളിലാണ് മെസി ലാ ലിഗയില്‍ ടോപ് സ്കോററായത്. അത്ലറ്റിക് ബില്‍ബാവോയുടെ താരമായിരുന്ന ടെല്‍മോ സാറയുടെ റെക്കോഡും ഇതോടെ പഴങ്കഥയായി.
ഇന്ത്യന്‍ ഫുട്ബോളിനു തത്കാലം മത്സരത്തിന്റെ വാര്‍ത്തകളൊന്നും പറയാനില്ല. എന്നാല്‍, കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം കൂടിയായ മുന്‍ ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചു, ഫുട്ബോളിലൂടെയല്ല, രാഷ്ട്രീയത്തിലൂടെയാണെന്നു മാത്രം. പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് ആഘോഷപൂര്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ച് തൊട്ടടുത്ത ദിവസം പാര്‍ട്ടി വിടുകയായിരുന്നു മെഹ്താബ്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണി കാരണമാണ് മെഹ്ദാബിന്റെ മനംമാറ്റമെന്നാണ് ബിജെപിയുടെ ആരോപണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശം സ്വീകരിച്ചാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പറയുന്നു. കേരളത്തിലെ കായിക വിശേഷങ്ങളിലേക്കു വരുമ്പോള്‍ എടുത്തു പറയാനുള്ളത് ഒരു സുവര്‍ണ നേട്ടത്തെക്കുറിച്ചാണ്. രണ്ടു വര്‍ഷം മുന്‍പ് ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ ഒരു വെള്ളി മെഡല്‍ ഇപ്പോള്‍ സ്വര്‍ണമായിരിക്കും. മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീമാണിത്. 400 മീറ്ററില്‍ നാലാം സ്ഥാനത്തായ മറ്റൊരു മലയാളി താരം അനു രാഘവന് വെങ്കലവും ലഭിക്കും. രണ്ടിനങ്ങളിലും പങ്കെടുത്ത ബഹ്റൈന്റെ കെമി അഡെക്കോയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് മെഡല്‍ പട്ടികയില്‍ മാറ്റം വന്നത്. സംസ്ഥാനത്തിന്റെ അത്ലിറ്റിക് മേഖലയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ സംബന്ധിച്ചുള്ളതാണ്. പ്രകടനം മോശമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റലുകളില്‍ നിന്ന് 231 കായികതാരങ്ങളെ ഒഴിവാക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. അധ്യയന വര്‍ഷം ആരംഭിച്ച് രണ്ടു മാസം പിന്നിടുന്ന സമയത്ത് പുറത്താക്കുന്നത് കുട്ടികളുടെ തുടര്‍പഠനത്തെയും ഭാവിയെയും ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചുവരവ് നടത്തിയത് വെസ്റ്റിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നല്ലോ. ഒരു തിരിച്ചുവരവിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ടു തന്നെ പരമ്പര പുരോഗമിക്കുകയും ചെയ്യുന്നു. വെസ്റ്റിന്‍ഡീസിന്റെ പോരാട്ടവീര്യം ആദ്യ മത്സരത്തില്‍ അവര്‍ക്കു ജയം നേടിക്കൊടുത്തെങ്കില്‍, പോസിറ്റീവ് ക്രിക്കറ്റ് കളിച്ചാണ് രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ഓപ്പണര്‍മാരായിറങ്ങിയ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സ് ഒരു ഏകദിന മത്സരത്തിലേതിനു തുല്യമായ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു. മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര കിട്ടും എന്നതിനാല്‍ ഫൈനലിന്റെ ആവേശത്തോടെ മത്സരം പുരോഗമിക്കുന്നു. രണ്ടാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ജയത്തോടെ ബെന്‍ സ്റ്റോക്സ് എന്ന പേര് ലോക ക്രിക്കറ്റിലെ മഹാരഥന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ പ്രകടനത്തില്‍ തൃപ്തരല്ലാത്ത ക്ലാസിക് ക്രിക്കറ്റിന്റെ ആരാധകര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥരിതയാര്‍ന്ന പ്രകടനങ്ങളിലൂടെ മറുപടി നല്കിക്കൊണ്ടിരിക്കുകയാണ് സ്റ്റോക്സ്. 2019 ഫെബ്രുവരിക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റോക്സിന്റെ ബാറ്റിങ് ശരാശരി 62.45 റണ്‍സാണ്. നാലു സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബൗളിങ്ങില്‍ 29.90 എന്ന ശരാശരിയില്‍ 31 വിക്കറ്റും നേടി. വര്‍ത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തില്‍ സ്റ്റോക്സിനെ വെല്ലാന്‍ തത്കാലം മറ്റാരുമില്ല. ക്രിക്കറ്റ് ലോകത്തു നിന്നുള്ള മറ്റൊരു പ്രധാന തീരുമാനം ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടത്താനിരുന്ന ട്വന്റി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റിയതാണ്. ഇങ്ങനെ കിട്ടുന്ന ഇടവേളയില്‍ ഐപിഎല്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്. യുഎഇ ആയിരിക്കും ഈ വര്‍ഷത്തെ ഐപിഎല്‍ വേദിയെന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതേസമയം, ഐപിഎല്ലിനു വേണ്ടി ട്വന്റി20 ലോകകപ്പ് ബലി കഴിച്ചെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. പാക് ക്രിക്കറ്റിലെ ഉന്നതരാണ് പ്രധാനമായു ഈ ആരോപണത്തിനു പിന്നില്‍.

കൊറോണവൈറസ് കാരണം മാറ്റിവയ്ക്കപ്പെട്ട മറ്റൊരു കായികമേള ഒളിമ്പിക്സാണ്. മാറ്റിവച്ചിരുന്നില്ലെങ്കില് ജൂലൈ 24ന്, അതായത് ഇന്നാണ് ഒളിംപിക്സിനു ജപ്പാനിലെ ടോക്യോയില്‍ തിരിതെളിയേണ്ടിയിരുന്നത്. ഓഗസ്റ്റ് ഒമ്പത് വരെ അതു നീളുമായിരുന്നു. അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ നടത്തുന്ന രീതിയിലാണ് മത്സരക്രമം പുനക്രമീകരിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന 42 വേദികളില്‍ തന്നെയായിരിക്കും മത്സരങ്ങള്‍. ഒളിമ്പിക്സിനുള്ള തയാറെടുപ്പുകള്‍ക്കായി ജപ്പാന് ഇതിനകം 95,000 കോടി രൂപയിലധികം ചെലവാക്കിക്കഴിഞ്ഞു. മാറ്റിവയ്ക്കുമ്പോള്‍ വീണ്ടും ചെലവുകള്‍ ബാക്കിയാണ്. ഇതിലേക്ക് അയ്യായിരം കോടി രൂപ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ ലോകക്രമത്തില്‍ ആവശ്യത്തിന് കാണികളെയും സ്പോണ്സര്മാരെയും കിട്ടുമോ എന്ന ആശങ്ക ബാക്കിയാണ്.