
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ യുഎഇ ഇന്ത്യന്‍ എംബസിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. വിദേശകാര്യ ജോയന്റ് സെക്രട്ടറി ആദര്‍ശ് സ്വയ്കയാണ് വിശദീകരണം ആവശ്യപ്പെട്ട് അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ അബൂദബിയിലെ പരിപാടിയില്‍ പങ്കെടുക്കവെ മുരളീധരന് പ്രോട്ടോകോള്‍ ലംഘനം നടത്തി എന്നാണ് ആരോപണം.
ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ പി.ആര് സ്ഥാപന മാനേജറായ സ്മിത മേനോന് പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് ആരോപണമുന്നയിക്കുന്നത്. അതേസമയം ഈ വിവരം എംബസിക്ക് അറിയില്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എംബസിയുടെ പ്രതിനിധി സംഘത്തില്‍ സ്മിതയുടെ പേരുണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നു.സ്മിത മേനോന് സമ്മേളനത്തില്‍ പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്. അതേസമയം, മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ അവസാന ദിനം മാത്രമാണ് സ്മിത മേനോന് പങ്കെടുത്തതെന്ന് സൂചനയുണ്ട്. ഈ ദിവസമായിരുന്നു മുരളീധരനും പങ്കെടുത്തത്.