Breaking NewsNEWSWORLD

മുഴുവൻ അമേരിക്കക്കാരുടെയും പ്രസിഡന്റായി പ്രവർത്തിക്കും: ബൈഡൻ

വാഷിങ്‌ടൺ:തനിക്ക്‌ വോട്ട്‌ ചെയ്യാത്തവരടക്കം മുഴുവൻ അമേരിക്കക്കാരുടെയും പ്രസിഡന്റായി പ്രവർത്തിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ പ്രഖ്യാപിച്ചു. രാക്ഷസവൽക്കരണത്തിന്റെ ഇരുണ്ട കാലം കഴിഞ്ഞെന്നും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളെ പരോക്ഷമായി സൂചിപ്പിച്ച്‌ ബൈഡൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചെന്ന്‌ വ്യക്തമായശേഷം സ്വന്തം നാടായ ഡെലവേറിലെ വിൽമിങ്‌ടണിൽ ശനിയാഴ്‌ച രാത്രി നടത്തിയ വിജയപ്രസംഗത്തിലാണ്‌ ബൈഡന്റെ പ്രഖ്യാപനം.

‘ഭിന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കില്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാൻ എന്ന്‌ ഉറപ്പുനൽകുന്നു. ചുവന്ന സ്‌റ്റേറ്റുകളോ നീല സ്‌റ്റേറ്റുകളോ കാണാതെ യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ മാത്രം കാണുന്ന പ്രസിഡന്റ്‌’–- ബൈഡൻ പറഞ്ഞു. പ്രസിഡന്റാകാനുള്ള ശ്രമത്തിൽ രണ്ടു വട്ടം തോറ്റിട്ടുള്ള തനിക്ക്‌ റിപ്പബ്ലിക്കന്മാരുടെ നിരാശ മനസ്സിലാകുമെന്നും ഇത്‌ മുറിവുണക്കാനുള്ള സമയമാണെന്നും അദ്ദേഹം തുടർന്നു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വിശാലവും വൈവിധ്യപൂർണവുമായ സഖ്യത്തിൽനിന്ന്‌ തനിക്ക്‌ വോട്ട്‌ കിട്ടി. തന്നിലർപ്പിക്കുന്ന വിശ്വാസം വിനയാന്വിതനാക്കുന്നതായും ബൈഡൻ പറഞ്ഞു. താൻ അഭിമാനമുള്ള ഡെമോക്രാറ്റായാണ്‌ മത്സരിച്ചതെങ്കിലും ഇനി അമേരിക്കൻ പ്രസിഡന്റായിരിക്കും.

കോവിഡ്‌ നേരിടാൻ താൻ തിങ്കളാഴ്‌ച ശാസ്‌ത്രജ്ഞരും വിദഗ്ധരും അടങ്ങുന്ന പരിവർത്തനകാല ഉപദേശകസംഘത്തെ പ്രഖ്യാപിക്കും. അവരുടെ നിർദേശമനുസരിച്ച്‌ അധികാരമേൽക്കുന്ന ദിവസംതന്നെ പ്രവർത്തനം ആരംഭിക്കുമെന്നും ബൈഡൻ അറിയിച്ചു.  ബൈഡന്റെ പ്രസംഗം 15 മിനിറ്റ്‌ നീണ്ടു. അമേരിക്കയുടെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റാകുന്ന ഇന്ത്യൻ–-ആഫ്രിക്കൻ  വംശജ കമല ഹാരിസും സംസാരിച്ചു.

‘നിങ്ങൾ പ്രത്യാശയും ഐക്യവും മാന്യതയും ശാസ്‌ത്രവും കൂട്ടത്തിൽ തീർച്ചയായും സത്യവും തെരഞ്ഞെടുത്തു. നിങ്ങൾ ജോ ബൈഡനെ അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു’. താൻ അമേരിക്കയുടെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായിരിക്കും. എന്നാൽ, ആ സ്ഥാനത്തെത്തുന്ന അവസാന സ്‌ത്രീയായിരിക്കില്ലെന്നും കമല പറഞ്ഞു.
അതേസമയം, രാജ്യമെങ്ങും ബൈഡന്റെ വിജയത്തിൽ ആഹ്ലാദം അലയടിക്കുകയാണെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു.

വൈറ്റ്‌ഹൗസിന്‌ പുറത്തും ഡെമോക്രാറ്റിക്‌ പാർടി പ്രവർത്തകരുടെ ആഹ്ലാദം പാട്ടും നൃത്തവുമായി രാവിലെവരെ നീണ്ടു. എന്നാൽ, റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപും അനുയായികളും ഇനിയും തോൽവി സമ്മതിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close