KERALANEWSTop News

മുൻ എംഎൽഎ എം നാരായണന്റെ ചികിത്സാ ചിലവുകൾ പാർട്ടി ഏറ്റെടുക്കുമെന്ന് സിപിഐ; എം. നാരായണന്റെ ഹൃദയ ശസ്ത്രക്രിയയുടെ കാര്യത്തിൽ പാർട്ടി വേണ്ട വിധത്തിൽ ഇടപെട്ടിട്ടുള്ളതാണ് എന്നും കാസർകോട് ജില്ലാ സെക്രട്ടറി

കാസർകോട്: മുൻ എംഎൽഎ എം നാരായണന്റെ ചികിത്സാ ചിലവുകൾ പാർട്ടി ഏറ്റെടുക്കുമെന്ന് സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ. ഇത് സംബന്ധിച്ച് പാർട്ടിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. ആദർശ നിഷ്ഠയോടെ ജീവിക്കുന്ന നാരായണനെ കഴിഞ്ഞ രണ്ടാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് പാർട്ടി ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഗോവിന്ദൻ പള്ളിക്കാപ്പിൽ മീഡിയ മം​ഗളത്തോട് പറഞ്ഞു.

എം. നാരായണന്റെ ഹൃദയ ശസ്ത്രക്രിയയുടെ കാര്യത്തിൽ പാർട്ടി വേണ്ട വിധത്തിൽ ഇടപെട്ടിട്ടുള്ളതാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഇനിയുള്ള കാര്യങ്ങളും പാർട്ടി ഏറ്റെടുക്കുന്നതാണ്. ജൂൺ രണ്ടിനാണ് എം. നാരായണൻ ശ്രീചിത്ര ഹോസ്പിറ്റലിൽ ചികിത്സക്ക് പോയത്. ചികിത്സയ്ക്കായ് പോകുന്ന വിവരം പാർട്ടി കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വത്തെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം അവിടത്തെ ഡോക്ടറെ ബന്ധപ്പെട്ടിരുന്നെന്നും ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു.

പരിശോനയെ തുടർന്ന് ഹൃദയ വാൽവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്ക് നാരായണനെ ആഗസ്റ്റ് 13 ന് അഡ്മിറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നാരായണൻ്റെ കൂടെയുണ്ടായിരുന്ന സഹോദരനും പാർട്ടി വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറിയുമായ എം.കുമാരൻ എക്സ് എംഎൽഎ, ശസ്ത്രക്രിയയുടെ കാര്യം ഇ.ചന്ദ്രശേഖരൻ എംഎൽഎയുമായി സംസാരിച്ചു. അന്ന് തന്നെ ചികിത്സാ രേഖകളടക്കം മുൻ എംഎൽഎമാർക്കുള്ള അഡ്വാൻസ് മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റിന് സ്പീക്കർക്ക് മുമ്പാകെ എം.നാരായണൻ തന്നെ അപേക്ഷിക്കുകയും ചെയ്തു. അതിൻ്റെ ഒരു കോപ്പി ഇ.ചന്ദ്രശേഖരൻ എംഎൽഎ ക്ക് നല്കുകയും തുടർന്ന് എംഎൽഎ ജൂൺ മൂന്നിന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയിൽ നിന്നും റീ ഇമ്പേഴ്സ്മെൻ്റ് തുക അഡ്വാൻസായി ലഭിക്കുന്നതിനാവശ്യമായ ഇടപെടൽ ഉണ്ടാവുകയും ചെയ്തു. നാരായണന്റെ ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം പാർട്ടി ഏറ്റെടുത്ത് നടത്തുന്നതാണെന്നും ഗോവിന്ദൻ പള്ളിക്കാപ്പിൽ കൂട്ടിച്ചേർത്തു.

10 വർഷം ഹൊസ്ദുർഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട്) മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ നേതാവാണ് എം.നാരായണൻ. കഷ്ടപ്പാട് നിറഞ്ഞ ജിവിതത്തിനിടെ ഇപ്പോൾ പ്രതീക്ഷിക്കാതെ എത്തിയ അസുഖം അദ്ദേഹത്തെ ആകെ തളർത്തിയിരിക്കുകയാണ്. അധികദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. സംസാരിക്കാനും ബുദ്ധിമുട്ട്. ശസ്ത്രക്രിയ മാത്രമാണു പരിഹാരമെന്നാണു ഡോക്ടറുടെ നിർദേശം. നാരായണൻ നിസ്വാർഥമായ പൊതുജീവിതത്തിനിടയിൽ ഒന്നും നേടാതിരുന്ന നേതാവായിരുന്നു. എംഎൽഎയായിരുന്നപ്പോഴും ബസിലും മറ്റും സ‍ഞ്ചരിച്ചു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്ന നാരായണന്റെ രീതി മണ്ഡലത്തിന്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.

കെഎസ്ആർടിസിയിൽ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവർത്തനം നടത്താൻ കഴിയുന്നതെന്നു നാരായണൻ പറയുന്നു. എംഎൽഎ പെൻഷനും കെഎസ്ആർടിസിയിലെ യാത്രാ പാസും കൊണ്ട് നിത്യവൃത്തി കഴിയുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന നാരായണൻ നിലവിൽ സിപിഐ ജില്ലാ കമ്മിറ്റിഅം​ഗമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close