KERALATrending

മൂത്രശങ്ക അകറ്റാന്‍ ഇറങ്ങി; യുവാവ് വീണത് 30 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍

കൊല്ലം: യാത്രയ്ക്കിടെ മൂത്രശങ്ക മാറ്റാന്‍ പാതയോരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കയറിയ യുവാവ് കാല്‍ വഴുതി പൊട്ടക്കിണറ്റില്‍ വീണ് കിടന്നത് രണ്ട് മണിക്കൂര്‍. ബുധനാഴ്ച ഉച്ചയ്ക്ക് ചവറ – ശാസ്താംകോട്ട സംസ്ഥാന പാതയില്‍ ശാസ്താംകോട്ടയ്ക്ക് സമീപം പൊട്ടക്കണ്ണന്‍മുക്കിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് യുവാവ് വീണത്. കാരാളിമുക്കിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ പോയി മടങ്ങിയ എഴുകോണ്‍ സ്വദേശിയായ സ്വകാര്യ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവാണ് അപകടത്തില്‍പ്പെട്ടത്.

യാത്രയ്ക്കിടെ മൂത്രശങ്ക തോന്നിയ യുവാവ് പാതയോരത്തെ പുരയിടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. ബൈക്ക് നിറുത്തിയ ശേഷം കാട് വളര്‍ന്ന് നിന്ന ഭാഗത്തെ മറവില്‍ മൂത്രമൊഴിക്കാനായി പോയപ്പോഴാണ് കിണറ്റിലേക്ക് വീണത്. തലയില്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാല്‍ 30 അടി താഴ്ചയിലെ കിണറ്റിലേക്ക് വീണിട്ടും തലയ്ക്ക് പരിക്കേറ്റില്ല. കിണറിനുള്ളില്‍ കിടന്ന് പല തവണ നിലവിളിച്ചിട്ടും പുറത്താരും കേട്ടില്ല. വീഴ്ചയില്‍ ഫോണും കിണറ്റിലെവിടെയോ നഷ്ടമായി. രണ്ട് മണിക്കൂറിന് ശേഷം എങ്ങനെയോ യുവാവ് കരയിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു.

അര്‍ധ ബോധാവസ്ഥയില്‍ അടുത്ത വീട്ടിലെത്തി അപകടം സംഭവിച്ച കാര്യം പറഞ്ഞു. ഇവര്‍ അറിയിച്ചത് അനുസരിച്ച് എഴുകോണില്‍ നിന്ന് യുവാവിന്റെ രക്ഷിതാക്കളെത്തി കൂട്ടിക്കൊണ്ടുപോയി. യുവാവിന് തനിയെ പുറത്തെത്താന്‍ കഴിയാതെ പോയിരുന്നെങ്കില്‍ ഒരു പക്ഷേ ജീവന്‍ തന്നെ അപകടത്തിലായേനേ. വീഴ്ചയില്‍ ബോധം നഷ്ടമായിരുന്നങ്കിലും രക്ഷപ്പെടല്‍ അസാധ്യമായിരുന്നു. അടുത്ത പുരയിടത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്ന കുട്ടികള്‍ പന്ത് കിണറ്റില്‍ പോകാതിരിക്കാന്‍ മുകളില്‍ പ്ലാസ്റ്റിക് വലയിട്ട് മൂടിയിരുന്നു. വലയ്ക്ക് ചുറ്റും കാട് വളര്‍ന്നതിനാലാണ് യുവാവ് കിണര്‍ തിരിച്ചറിയാതെ അപകടത്തില്‍പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close