INDIANEWSTop News

മൂന്നര പതിറ്റാണ്ടോളം ചക്രവർത്തിയായി വാണു; ഇന്ന് വെറുമൊരു യാചകന്റെ അവസ്ഥയിൽ; ബം​ഗാളിൽ സിപിഎം ആകെ നേടിയത് 28 ലക്ഷംവോട്ടുകൾ; തൃണമൂൽ കോൺ​ഗ്രസിന് ഒരു ജില്ലയിൽ മാത്രം അതിലുമേറെ വോട്ടുകൾ; പശ്ചിമ ബം​ഗാളിലെ സിപിഎമ്മിന്റെ സർവനാശത്തിന്റെ നാൾവഴികൾ

കൊൽക്കത്ത: ഒരിക്കൽ‌ ബം​ഗാളിലെ ചക്രവർത്തിയായിരുന്ന സിപിഎം ഒരു പതിറ്റാണ്ട് കൊണ്ട് വെറുമൊരു യാചകനായി മാറിയിരിക്കുന്നു- രാഷ്ട്രീയ നിരീക്ഷകനായ ബിശ്വനാഥ് ചക്രവർത്തിയുടെ വാക്കുകളാണ്. അക്ഷരാർത്ഥത്തിൽ അതിശയോക്തി തോന്നുമെങ്കിലും ബം​ഗാളിലെ രാഷ്ട്രീയം പരിശോധിക്കുന്ന ആർക്കും അത് സത്യമെന്ന് മനസ്സിലാകും. മൂന്നര പതിറ്റാണ്ടോളം പശ്ചിമ ബം​ഗാൾ ഭരിച്ച സിപിഎം ഈ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ നേടിയത് വെറും 28 ലക്ഷം വോട്ടുകളാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് ഒരു ജില്ലയിൽ മാത്രം അതിൽ കൂടുതൽ വോട്ടുകൾ നേടി. സൗത്ത് 24 പർ​ഗാനാസ് ജില്ലയിൽ 35 ലക്ഷം വോട്ടുകളും നോർത്ത് പർ​ഗാനാസ് ജില്ലയിൽ 31 ലക്ഷം വോട്ടുകളുമാണ് തൃണമൂൽ കോൺ​ഗ്രസ് സമാഹരിച്ചത്. പശ്ചിമ ബം​ഗാളിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 4.70 ശതമാനം മാത്രമാണ് സിപിഎമ്മിന് നേടാനായത്.

1977 മുതൽ ബം​ഗാളിന്റെ ഭരണമെന്നാൽ സിപിഎം എന്നായിരുന്നു അർത്ഥം. എന്നാൽ, 2009ലെ പൊതു തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് ബം​ഗാളിൽ കാലിടറി തുടങ്ങി. സംസ്ഥാനത്തെ 42 ലോക് സഭാ സീറ്റുകളിൽ 19 ൽ അന്ന് തൃണമൂൽ സ്ഥാനാർത്ഥികൾ ജയിച്ച് കയറി. തൊട്ട് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, 2006ൽ 37.13 ശതമാനം വോട്ടുകളാണ് സിപിഎമ്മിന് ലഭിച്ചിരുന്നതെങ്കിൽ, 2009ലെ പൊതുതിരഞ്ഞെടുപ്പിൽ അത് 33.09 ശതമാനമായി കുറഞ്ഞു. പിന്നീടിങ്ങോട്ടുള്ള തെര‍ഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ ​ഗ്രാഫ് കുത്തനെ താഴേക്കായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബം​ഗാളിൽ നിന്നും അധികാര ഭ്രഷ്ടരായി. തുടർന്ന്, 2016ൽ, കോൺ​ഗ്രസുമായി ധാരണയിൽ മത്സരിച്ചിട്ടും അധികാരത്തിൽ തിരികെ എത്താൻ സിപിഎമ്മിന് സാധിച്ചില്ല. 2021ലാകട്ടെ, കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. എന്നാൽ, സിപിഎം അമ്പേ തകർന്നടിയുന്ന കാഴ്ച്ചയാണ് ബം​ഗാളിൽ കണ്ടത്.

കേവലം ഒരു മണ്ഡലത്തിൽ മാത്രമാണ് സിപിഎം പശ്ചിമ ബം​ഗാളിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. മുർഷിദാബാദ് ജില്ലയിലെ ഭ​ഗബം​ഗോളയിൽ സിപിഎം സ്ഥാനാർത്ഥി 21. 15 ശതമാനം വോട്ടുകൾ നേടി തൃണമൂലിന് പിന്നിലെത്തി. മറ്റെല്ലാ മണ്ഡലങ്ങലിലും സിപിഎം മൂന്നാം സ്ഥാനത്തേക്കോ അതിനും പിന്നിലേക്കോ തള്ളപ്പെട്ടു.

2016 നിയമസഭ ഇലക്ഷനിൽ കേരളം ചുവന്നു തുടുത്തപ്പോൾ അങ്ങ് ബംഗാളിൽ ഇടതു കോട്ട തകർന്ന് തരിപ്പണമാവുന്ന ദയനീയ ശബ്ദമാണ് ഉയർന്നു കേട്ടത്. ആകെയുള്ള 294ൽ 211 സീറ്റും നേടി തൃണമൂൽ കോൺഗ്രസ് രണ്ടാം വട്ടവും ബംഗാളിൽ അധികാരത്തിലേറി. 2011ൽ 184 സീറ്റുനേടിയ സ്ഥാനത്ത് നിന്ന് 211 ആയി ഉയർത്താൻ തൃണമൂലിനായി. അധികാരത്തിലെത്തിയ ശേഷം നേരിടേണ്ടി വന്ന നാരദ, ശാരദാ വിവാദങ്ങളും മേൽപ്പാല ദുരന്തവും തൃണമൂലിന്റെ സാധ്യതയെ ബാധിക്കുമെന്നു സി പി എം കരുതിയെങ്കിലും കണക്കു കൂട്ടലുകൾ പിഴച്ച കാഴ്ചയായിരുന്നു ബംഗാളിലേത്.

44 സീറ്റുകളുമായി കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്തിന് അർഹത നേടിയപ്പോൾ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങുകയായിരുന്നു സിപിഎം. സംസ്ഥാനത്തെ പാർട്ടിയുടെ മുഖമായ സൂര്യകാന്ത് മിശ്ര ഉൾപ്പെടെയുള്ളവർ പരാജയം രുചിച്ചത് 13589 വോട്ടുകൾക്കാണ്. 2011ൽ 62 സീറ്റ് നേടിയ സ്ഥാനത്ത് അഞ്ച് വർഷം പിന്നിടുമ്പോൾ 32 സീറ്റുമാത്രമായി സിപിഎം ഒതുങ്ങി. 42 സീറ്റുകൾ 2011ൽ നേടിയ കോൺഗ്രസ്സാവട്ടെ 44ലേക്കുയർന്ന് നില മെച്ചപ്പടുത്തിയിരുന്നു. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 42ൽ 22 സീറ്റുകൾ തൃണമൂൽ സ്വന്തമാക്കിയെങ്കിലും സംസ്ഥാനത്ത് എറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 18 സീറ്റുകളിൽ വിജയിച്ചായിരുന്നു ബിജെപി ബംഗാളിൽ റെക്കോർഡ് വിജയം കരസ്ഥമാക്കിയത്. 2014 ൽ കേവലം രണ്ട് സീറ്റ് മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ഒറ്റയടിക്ക് 16 സീറ്റുകൾ ബിജെപി വർധിപ്പിച്ചത്. സിപിഎമ്മിന് കൈയിലുണ്ടായിരുന്നു രണ്ടുസീറ്റും പോയി. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.

ലോക് സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തോടെ ബം​ഗാളിലെ സിപിഎം നേതൃത്വം തങ്ങളുടെ സർവനാശം മുന്നിൽ കണ്ടു. പരസ്യമായി കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ഇക്കുറി സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ബം​ഗാൾ ജനത സിപിഎമ്മിനൊപ്പം കോൺ​ഗ്രസിനെയും പൂർണമായും തള്ളിക്കളഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close